PHOTO: WIKI COMMONS
നിയമസഭാ കയ്യാങ്കളി: 10 പേരുടെ മൊഴി രേഖപ്പെടുത്തി
നിയമസഭാ കയ്യാങ്കളിക്കേസില്‍ മൊഴി നല്‍കാന്‍ 14 നിയമസഭാ സാമാജികര്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. 10 പേരുടെ മൊഴി രേഖപ്പെടുത്തി. തുടരന്വേഷണ പുരോഗതി സംബന്ധിച്ച് ക്രൈംബ്രാഞ്ച് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ആദ്യ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് 17 ന് കേസ് വീണ്ടും പരിഗണിക്കും.
ആയിഷ പോറ്റി, ജമീല പ്രകാശം, ടിവി രാജേഷ്, എപി അനില്‍കുമാര്‍, എംഎ വാഹിദ്, വി ശശി, സി ദിവാകരന്‍, വിഎസ് ശിവകുമാര്‍, ബിജിമോള്‍, എടി ജോര്‍ജ് എന്നിവരുടെ മൊഴികളാണ് രേഖപ്പെടുത്തിയത്. എംഎല്‍എ മാരെ ചികിത്സിച്ച ഡോക്ടര്‍മാരുടെയും നിയമസഭയിലെ വാച്ച് ആന്റ് വാര്‍ഡിന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 10 ന് മുന്‍ എംഎല്‍എ എന്‍ ശക്തന് മൊഴി രേഖപ്പെടുത്താന്‍ നോട്ടീസ് അയച്ചെങ്കിലും ഹാജരായില്ലെന്നും ഡിവൈഎസ്പി സജീവ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
തുടരന്വേഷണത്തിന് അനുമതി
നിയമസഭാ കയ്യാങ്കളി കേസില്‍ തുടരന്വേഷണത്തിന് തിരുവനന്തപുരം സിജെഎം കോടതി സര്‍ക്കാരിന് ഉപാധികളോടെയായിരുന്നു അനുമതി നല്‍കിയത്. രണ്ടുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. ഓരോ മൂന്നാഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി അറിയിക്കണമെന്നും കോടതി പറഞ്ഞിരുന്നു. കേസിന്റെ വിചാരണ തീയതി നിശ്ചയിക്കാന്‍ കോടതി ചേര്‍ന്നപ്പോഴാണ് പുനഃരന്വേഷണമെന്ന ആവശ്യം ക്രൈംബ്രാഞ്ച് മുന്നോട്ടുവച്ചത്. കുറ്റപത്രം പ്രതികള്‍ക്ക് വായിച്ച് കേള്‍പ്പിച്ച് വിചാരണ നടപടിയിലേക്ക് കടക്കാനിരിക്കെയാണ് വീണ്ടും അന്വേഷണമെന്ന ആവശ്യം കോടതിക്കു മുന്നിലെത്തിയത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഷിബു ഡാനിയലാണ് തുടരന്വേഷണത്തിന് അനുമതി നല്‍കിയത്.
അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കണം
2015 മാര്‍ച്ച് 13 ന് ധനമന്ത്രിയായിരുന്ന കെ.എം മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷം തടസ്സപ്പെടുത്തുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. വിവിധ കോടതികളിലുള്ള കേസുകള്‍ ഒരുമിച്ച് വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയാന്‍ കോടതി ചേര്‍ന്നപ്പോള്‍ പുനഃരന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെടുകയായിരുന്നു. അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടു.
സഭയിലെ കയ്യാങ്കളിക്കിടെ തങ്ങള്‍ക്ക് പരുക്ക് പറ്റിയെന്നും അതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ എംഎല്‍എ മാരായ ജമീല പ്രകാശവും കെ.കെ ലതികയും കോടതിയെ സമീപിച്ചിരുന്നു. പരുക്കുപറ്റിയെന്ന് സാക്ഷ്യപ്പെടുത്തിയ 14 സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചിട്ടുണ്ടെന്നും അതേക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും ക്രൈം ബ്രാഞ്ച് കോടതിയില്‍ പറഞ്ഞു. തുടര്‍ന്നാണ് ഉപാധികളോടെ തുടരന്വേഷണത്തിന് കോടതി അനുമതി നല്‍കിയത്.
തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുംവരെ വിചാരണ നിര്‍ത്തിവയ്ക്കണമെന്നാണ് തിരുവനന്തപുരം സിജെഎം കോടതിയില്‍ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടത്. തുടരന്വേഷണത്തിന് ഇ.എസ് ബിജിമോളും ഗീതാഗോപിയും നല്‍കിയ ഹര്‍ജി അവര്‍ തന്നെ പിന്‍വലിച്ചിരുന്നു.
തുടരന്വേഷണം കാലതാമസത്തിനോ ?
മന്ത്രി വി ശിവന്‍കുട്ടി, ഇടതു നേതാക്കളായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, കെ അജിത്, കെ കുഞ്ഞഹമ്മദ്, സി.കെ സദാശിവന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. സംഘര്‍ഷത്തില്‍ 2.20 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടതായി ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ പറയുന്നു.
കേസിന്റെ വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ള നീക്കത്തിന്റെ ഭാഗമാണ് തുടരന്വേഷണ ആവശ്യമെന്ന് ആരോപണമുയര്‍ന്നിരുന്നു. സിജെഎം കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചാണ് ഹര്‍ജിയോട് പ്രതികരിച്ചത്. തുടരന്വേഷണത്തില്‍ പുതുതായി എന്തെങ്കിലും കണ്ടെത്തിയാല്‍ മാത്രമല്ലേ അനുബന്ധ കുറ്റപത്രത്തിന് പ്രസക്തിയുള്ളൂ എന്നായിരുന്നു ചോദ്യം. കേസ് അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ സുപ്രീംകോടതിയില്‍ നിന്നും നേരത്തെ തിരിച്ചടി നേരിട്ടിരുന്നു.