REPRESENTATIONAL IMAGE: PTI
കെഎസ്ആര്‍ടിസിയുടെ ആസ്തി നിര്‍ണയിക്കണം : ഹൈക്കോടതി
കെഎസ്ആര്‍ടിസിയുടെ ആസ്തി മൂല്യനിര്‍ണയം നടത്തണമെന്ന് ഹൈക്കോടതി. സ്വകാര്യ ഏജന്‍സി മൂല്യനിര്‍ണയം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വായ്പയ്ക്കായി പണയം വച്ചിട്ടുള്ള ആസ്തികളുടെ വിവരങ്ങള്‍ നല്‍കണമെന്നും ജസ്റ്റിസ് ടിആര്‍ രവി ഉത്തരവിട്ടു.
തൊഴിലാളികളുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിനെതിരെ സൊസൈറ്റി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജീവനക്കാര്‍ സൊസൈറ്റികളില്‍ നിന്ന് വായ്പയെടുക്കുന്ന തുക ശമ്പളത്തില്‍ നിന്ന് ഗഡുക്കളായി പിടിച്ചശേഷം കെഎസ്ആര്‍ടിസിയാണ് സൊസൈറ്റിക്ക് അടയ്‌ക്കേണ്ടത്. കഴിഞ്ഞ കുറേക്കാലങ്ങളായി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ഈ തുക കെഎസ്ആര്‍ടിസി പിടിക്കുന്നുണ്ടെങ്കിലും സൊസൈറ്റിയിലേക്ക് അടച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് ചാലക്കുടിയില്‍ നിന്നുള്ള സൊസൈറ്റി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 10 ലക്ഷം രൂപവീതം എല്ലാ മാസവും കെഎസ്ആര്‍ടിസി സൊസൈറ്റിയില്‍ അടയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.
കോടതി ഉത്തരവ് കൃത്യമായി പാലിക്കപ്പെടാതിരുന്നതിനെ തുടര്‍ന്ന് സൊസൈറ്റി ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. ഈ ഹര്‍ജിയിലാണ് കെഎസ്ആര്‍ടിസിയുടെ ആസ്തികളുടെ പുനര്‍മൂല്യനിര്‍ണയം ഒരുമാസത്തിനകം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.
60 ഇലക്ട്രിക് ബസുകള്‍ കൂടി
കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലറിന്റെ ഭാഗമായി 60 ഇലക്ട്രിക് ബസുകള്‍ കൂടി നിരത്തിലിറങ്ങി. ഇതോടെ ഇലക്ട്രിക് ബസുകളുടെ എണ്ണം 110 ആയി. 62 ബസുകളാണ് ഒമ്പത് റൂട്ടുകളില്‍ സിറ്റി സര്‍ക്കുലര്‍ സര്‍വീസ് നടത്തുന്നത്. ഒരേ സ്ഥലത്തു നിന്ന് പുറപ്പെട്ട് അതേവഴി തന്നെ തിരിച്ച് സര്‍വീസ് ആരംഭിച്ച സ്ഥലത്തേക്ക് വരുന്നതാണ് പോയിന്റ് ടു പോയിന്റ് സര്‍വീസ്. ഇത് തിരിച്ചറിയാനുള്ള എംബ്ലവും പുറത്തിറക്കി. മാറിക്കയറി യാത്ര ചെയ്യാനായി സാധിക്കുന്ന ഇന്റര്‍ ചെയ്ഞ്ച് സ്‌റ്റോപ്പും അവതരിപ്പിക്കും. കെഎസ്ആര്‍ടിസി ബസ് സ്‌റ്റോപ്പ് തിരിച്ചറിയാനായി സഹായിക്കുന്ന എംബ്ലം പതിച്ച ബോര്‍ഡുകളും സ്ഥാപിക്കും.
ശമ്പളം എല്ലാ മാസവും പത്തിനുള്ളില്‍
കെഎസ്ആര്‍ടിസിയില്‍ എല്ലാ മാസവും 10-ാം തീയതിക്കുള്ളില്‍ ശമ്പളം നല്‍കണമെന്ന് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഉത്തരവിട്ടത്. കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതുവരെ സര്‍ക്കാര്‍ സഹായം നല്‍കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. പ്രതിദിനം 27 ലക്ഷം യാത്രക്കാര്‍ കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്ന സാഹചര്യത്തില്‍ പൊതുസേവന സ്ഥാപനമായ കെഎസ്ആര്‍ടിസിയെ സര്‍ക്കാരിനു കയ്യൊഴിയാനാവില്ലെന്നും കോടതി പറഞ്ഞു.