
സുപ്രീംകോടതി ജഡ്ജിമാരുടെ ആസ്തികള്‍ പുറത്തുവിട്ടു; സമ്പന്നന്‍ ജസ്റ്റിസ് കെ വി വിശ്വനാഥന്‍
സുപ്രീംകോടതി ജഡ്ജിമാരുടെ ആസ്തി വെളിപ്പെടുത്തി. 33 പേരില്‍ 21 പേരുടെ ആസ്തികളാണ് ഇന്നലെ രാത്രിയോടെ സുപ്രീംകോടതിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. കൊളീജിയത്തിലെ എല്ലാ അംഗങ്ങളുടേയും ആസ്തികളും പുറത്തുവിട്ടു.
ജഡ്ജിമാരിലെ ഏറ്റവും സമ്പന്നന്‍ ജസ്റ്റിസ് കെ വി വിശ്വനാഥന്‍ ആണ്. 120.96 കോടി രൂപയുടെ നിക്ഷേപമാണ് പൊള്ളാച്ചി സ്വദേശിയായ അദ്ദേഹത്തിനുള്ളത്. 2010 മുതല്‍ 2024 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ അദ്ദേഹം 91.47 കോടി രൂപ ആദായ നികുതിയും അടച്ചിട്ടുണ്ട്.
നിലവിലെ ചീഫ് ജസ്റ്റിസായ സഞ്ജീവ് ഖന്നയുടെ ആകെ നിക്ഷേപം 3.38 കോടി രൂപയാണ്. അദ്ദേഹം പബ്ലിക് പ്രോവിഡന്റ് ഫണ്ടില്‍ 1.06 കോടി രൂപയും നിക്ഷേപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യക്കും പിഎഫ് നിക്ഷേപം ഉണ്ട്. 64.51 ലക്ഷം രൂപയാണ് ഭാര്യ നിക്ഷേപിച്ചിട്ടുള്ളത്. അദ്ദേഹത്തിന് ഡല്‍ഹിയില്‍ ഡിഡിഎയുടെ മൂന്ന് ബെഡ്‌റൂം ഫ്‌ളാറ്റും കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജില്‍ നാല് ബെഡ്‌റൂം ഫ്‌ളാറ്റും ഉണ്ട്. കൂടാതെ, ഗുരുഗ്രാമില്‍ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ 56 ശതമാനം ഓഹരിയും ഉണ്ട്. മെയ് 13ന് ഖന്ന വിരമിക്കും.
നിയുക്ത ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് നിക്ഷേപത്തേക്കാള്‍ ബാധ്യതയുണ്ട്. 42.77 ലക്ഷം രൂപയുടെ നിക്ഷേപമുള്ള അദ്ദേഹത്തിന്റെ ബാധ്യത 1.3 കോടി രൂപയാണ്. അദ്ദേഹത്തിന് മഹാരാഷ്ട്രയിലെ അമരാവതി, മുംബൈയിലെ ബാന്ദ്ര, ന്യൂഡല്‍ഹിയിലെ ഡിഫന്‍സ് കോളനി എന്നിവിടങ്ങളില്‍ അപ്പാര്‍ട്ട്‌മെന്റുകളും അമരാവതിയിലും നാഗ്പൂരിലും കൃഷിഭൂമിയും സ്വന്തമായുണ്ട്. അമരാവതിയിലെ വീട് അച്ഛനില്‍ നിന്നും പൈതൃകമായി ലഭിച്ചതാണ്. മെയ് 14ന് അദ്ദേഹം ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും.


