TMJ
searchnav-menu
post-thumbnail

TMJ Daily

പൊലീസ് ഉദ്യോഗസ്ഥന്റെ മകളിൽ നിന്ന് മാഫിയ 'ഗോഡ് മദർ' ആയ അതീഖിന്റെ ഭാര്യ ഷൈസ്ത പർവീൺ

19 Apr 2023   |   2 min Read
TMJ News Desk

പൊലീസ് കസ്റ്റഡിയിലിരിക്കെ വെടിയേറ്റ് മരിച്ച ഗുണ്ടാ നേതാവും സമാജ്‌വാദി പാർട്ടി മുൻ എംപിയുമായിരുന്ന അതീഖ് അഹമ്മദിന്റെ ഭാര്യ ഷൈസ്ത പർവീണിന് വേണ്ടിയുള്ള തിരച്ചിൽ യുപി പൊലീസ് ഊർജിതമാക്കിയിരിക്കുകയാണ്. ഷൈസ്തയെപ്പറ്റി വിവരങ്ങൾ നല്കുന്നവർക്ക് 50,000 രൂപ വരെയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ദിവസത്തെ ഇടവേളയിൽ ഷൈസ്തയ്ക്ക് മകൻ അസദിനെയും ഭർത്താവ് അതീഖിനെയും നഷ്ടപ്പെട്ടു. പൊലീസ് ഏറ്റുമുട്ടലിൽ മകൻ അസദ് കൊല്ലപ്പെട്ടതിനു രണ്ട് ദിവസങ്ങൾക്ക് ശേഷം അതീഖ് അഹമ്മദും സഹോദരൻ അഷ്‌റഫ് അഹമ്മദും പ്രയാഗ്‌രാജിൽ വെടിയേറ്റു മരിക്കുകയായിരുന്നു. അതീഖിന്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ ഷൈസ്ത വരുമെന്നും പൊലീസിൽ കീഴടങ്ങുമെന്നും അഭ്യൂഹങ്ങളുണ്ടെങ്കിലും കഴിഞ്ഞ 50 ദിവസമായി അവർ ഒളിവിലാണ്. അതീഖ് അഹമ്മദിന്റെയും മകൻ അസദ് അഹമ്മദിന്റെയും കൊലപാതകങ്ങളോടെ എൻകൗണ്ടർ എന്ന ഭയം ഷൈസ്തയെയും അലട്ടുന്നതാകാം പൊലീസിൽ കീഴടങ്ങാതിരിക്കുന്നതെന്ന ആരോപണം ഉയരുന്നുണ്ട്.  

ആരാണ് ഷൈസ്ത പർവീൺ?

പ്രയാഗ്‌രാജ് സ്വദേശിനിയായ ഷൈസ്തയുടെ പിതാവ് പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. 12-ാം ക്ലാസ് വിദ്യാഭ്യാസമുണ്ടായിരുന്ന ഷൈസ്ത 1996-ലാണ് അതീഖിനെ വിവാഹം ചെയ്തത്. അതീഖ് തന്റെ മാഫിയ ലോകം പടുത്തുയർത്തിയപ്പോൾ ഭാര്യ ഷൈസയും പങ്കാളിയായി മാറുകയായിരുന്നു. അഞ്ച് ആൺമക്കളിൽ ഒരാളായ അസദാണ് പൊലീസ് ഏറ്റുമുട്ടലിൽ മരിച്ചത്. മൂത്ത മകൻ ഉമർ ലഖ്‌നൗ ജയിലിലും രണ്ടാമത്തെ മകൻ അലി നൈനി സെൻട്രൽ ജയിലിലും, പ്രായപൂർത്തിയാകാത്ത രണ്ട് മക്കൾ ഇപ്പോൾ പ്രയാഗ്‌രാജിലെ ജുവനൈൽ ഹോമിലുമാണ് കഴിയുന്നത്. ഇളയ മക്കളെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്.  

ഷൈസ്തയുടെ പേരിൽ 2009 മുതൽ പ്രയാഗ്‌രാജിൽ നാല് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൂന്ന് വഞ്ചനാക്കുറ്റവും ഒരു കൊലപാതകവും. കേണൽഗഞ്ച് പൊലീസ് സ്റ്റേഷനിൽ ഫയൽ ചെയ്ത ആദ്യത്തെ മൂന്ന് കേസുകൾ ഐപിസി 420, വഞ്ചന, 467, വ്യാജ വിൽപ്പത്രം ഉണ്ടാക്കൽ, 468, വഞ്ചനയ്ക്കായി വ്യാജരേഖ ചമയ്ക്കൽ എന്നിങ്ങനെ വിവിധ വകുപ്പുകളിൽ പെടുന്നതാണ്. ഉമേഷ് പാലിന്റെ കൊലപാതകത്തിലെ പങ്കാളിത്തമാണ് മറ്റൊരു കേസായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിലെ മുഖ്യപ്രതികളിലൊരാളായിത്തന്നെയാണ് പൊലീസ് ഇവരെ പ്രതി ചേർത്തിരിക്കുന്നത്. അതീഖ് അഹമ്മദ് ജയിലിൽ ആയിരുന്ന സമയങ്ങളിൽ അതീഖിനായി പ്രവർത്തിച്ചത് ഷൈസ്ത തന്നെയായിരുന്നു എന്നാണ് പൊലീസ് വാദം. മാഫിയ സംഘത്തിന്റെ ഗോഡ് മദർ എന്നാണ് ഷൈസ്ത പർവീൺ അറിയപ്പെടുന്നത്.

2021 ഷൈസ്ത ഓൾ ഇന്ത്യാ മജിലിസ്-ഇ-ഇത്തെഹാദുൽ മുസ്ലീമീൻ (എഐഎംഐഎം) സംഘടനയിൽ ചേർന്നെങ്കിലും 2023ൽ ബിഎസ്പിയിൽ ചേർന്നു. മേയർ തെരെഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പാർട്ടി ടിക്കറ്റിനുവേണ്ടിയുള്ള ശ്രമത്തിലായിരുന്നു. എന്നാൽ ഉമേഷ് പാലിന്റെ കൊലപാതകത്തിൽ ഷൈസ്തയ്ക്ക് പങ്കുണ്ടെന്ന ആരോപണമുയർന്നതോടെ തെരെഞ്ഞെടുപ്പിൽ ഷൈസ്തയെ മത്സരിപ്പിക്കേണ്ടെന്ന് മായാവതി തീരുമാനിച്ചു.

യോഗിക്ക് കത്തെഴുതി ഷൈസ്ത

ഫെബ്രുവരി 27ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഷൈസ്ത പർവീൺ എഴുതിയ കത്ത് അതീഖിന്റെ മരണത്തിന് ശേഷം പുറത്ത് വന്നിരുന്നു. ഉമേഷ് പാൽ വധത്തിൽ അതീഖിനെയും അഷ്‌റഫിനെയും കള്ളക്കേസിൽ കുടുക്കുകയാണെന്ന് അവർ കത്തിൽ പറയുന്നു. ഉമേഷ് പാലിന്റെ കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരൻ മന്ത്രി നന്ദ് ഗോപാൽ ഗുപ്തയാണെന്ന് ഷൈസ്ത ആരോപിച്ചു. മുഖ്യമന്ത്രി ഇടപെട്ടില്ലെങ്കിൽ തന്റെ ഭർത്താവും സഹോദരനും മക്കളും കൊല്ലപ്പെടുമെന്നും അവർ കത്തിൽ കുറിച്ചു.

അതേസമയം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും തന്റെ മരണശേഷം നൽകാൻ അതീഖ് അഹമ്മദ് കത്ത് തയാറാക്കി വച്ചിരുന്നെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനായ വിജയ് മിശ്ര വെളിപ്പെടുത്തി. മുദ്രവച്ച കവറിലുള്ള ഈ കത്ത് തന്റെ കൈയിലല്ല എന്നും മറ്റൊരാളുടെ കൈയിലാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പറഞ്ഞുറപ്പിച്ചതു പ്രകാരം രണ്ട് കത്തുകളും അയച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

എന്നാൽ കത്തിലെ ഉള്ളടക്കം വ്യക്തമല്ല. അതീഖ് അഹമ്മദിനെയും സഹോദരൻ അഷറഫ് അഹമ്മദിനെയും ജയിലിൽ നിന്ന് പുറത്തിറക്കി കൊലപ്പെടുത്തുമെന്ന് അവകാശപ്പെട്ട ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെക്കുറിച്ച് കത്തിലുണ്ടാകുമെന്ന് അഭിഭാഷകന് അതീഖിന്റെ സഹോദരൻ അഷ്റഫിൽ നിന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു.

ശനിയാഴ്ച രാത്രി പത്തരയോടെയാണ് അക്രമി സംഘം അതീഖിനെയും അഷ്‌റഫിനെയും നടുറോഡിൽ വച്ച് വെടിവെച്ച് കൊന്നത്. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. മാധ്യമപ്രവർത്തകർ എന്ന വ്യാജേന എത്തിയ അക്രമികൾ ഇരുവർക്കും നേരെ വെടിയുതിർക്കുകയായിരുന്നു. കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളും നിലവിൽ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പ്രയാഗ്‌രാജിലെ നൈനി സെൻട്രൽ ജയിലിലാണ് ഇവരെ ആദ്യം പാർപ്പിച്ചിരുന്നതെങ്കിലും സുരക്ഷാപ്രശ്‌നങ്ങളെ തുടർന്ന് മൂന്ന് പ്രതികളെയും കഴിഞ്ഞ ദിവസം പ്രതാപ്ഘട്ടിലെ ജയിലിലേക്ക് മാറ്റിയിരുന്നു.


#Daily
Leave a comment