Photo: PTI
ചീഫ് ജസ്റ്റിസിനും യോഗിക്കും കത്തെഴുതി അതീഖ്; വെളിപ്പെടുത്തലുകളുമായി അഭിഭാഷകൻ
താൻ കൊല്ലപ്പെട്ടാൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും നൽകാൻ ഗുണ്ടാ നേതാവും സമാജ്‌വാദി പാർട്ടി മുൻ എംപിയുമായ അതീഖ് അഹമ്മദ് കത്ത് തയാറാക്കി വച്ചിരുന്നെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനായ വിജയ് മിശ്ര വെളിപ്പെടുത്തി. മുദ്രവച്ച കവറിലുള്ള ഈ കത്ത് തന്റെ കൈയിലല്ല എന്നും മറ്റൊരാളുടെ കൈയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. പറഞ്ഞുറപ്പിച്ചതു പ്രകാരം രണ്ട് കത്തുകളും അയച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
എന്നാൽ കത്തിലെ ഉള്ളടക്കം വ്യക്തമല്ല. അതീഖ് അഹമ്മദിനെയും സഹോദരൻ അഷറഫ് അഹമ്മദിനെയും ജയിലിൽ നിന്ന് പുറത്തിറക്കി കൊലപ്പെടുത്തുമെന്ന് അവകാശപ്പെട്ട ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെക്കുറിച്ച് കത്തിലുണ്ടാകുമെന്ന് അഭിഭാഷകന് അതീഖിന്റെ സഹോദരൻ അഷ്‌റഫിൽ നിന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു.
കേസിൽ അറസ്റ്റിലായ മൂന്നു പ്രതികളും നിലവിൽ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പ്രയാഗ് രാജിലെ നൈനി സെൻട്രൽ ജയിലിലാണ് ഇവരെ ആദ്യം പാർപ്പിച്ചിരുന്നതെങ്കിലും സുരക്ഷാപ്രശ്‌നങ്ങളെ തുടർന്ന് മൂന്നു പ്രതികളെയും കഴിഞ്ഞദിവസം പ്രതാപ്ഘട്ടിലെ ജയിലിലേയ്ക്ക് മാറ്റിയിരുന്നു.
അതീഖ് അഹമ്മദിന്റെയും സഹോദരൻ അഷ്‌റഫിന്റെയും കൊലപാതകത്തെ തുടർന്ന് ഉത്തർപ്രദേശിൽ ഉടനീളം കനത്ത സുരക്ഷയും നിരോധനാജ്ഞയും പ്രഖ്യാപിച്ചിരിക്കുകയാണ്. ലക്‌നൗവിൽ പൊലീസ് ഫ്‌ളാഗ് മാർച്ച് നടത്തുകയും പ്രയാഗ്രാജിൽ പലയിടത്തും ഇന്റർനെറ്റ് വിഛേദിക്കുകയും ചെയ്തിരുന്നു. കേസ് അന്വേഷിക്കാൻ മൂന്നംഗ ജുഡീഷ്യൽ കമ്മീഷനെയാണ് ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ചിട്ടുള്ളത്. റിട്ട. ഹൈക്കോടതി ജഡ്ജി അരവിന്ദ് കുമാർ ത്രിപാഠി അധ്യക്ഷനായ കമ്മീഷനിൽ റിട്ട. ജഡ്ജി ബ്രിജേഷ് കുമാർ സോണി, മുൻ ഡിജിപി സുബീഷ് കുമാർ സിങ് എന്നിവരും അംഗങ്ങളായിരിക്കും. രണ്ട് മാസത്തിനകം കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം. കമ്മീഷൻ ഓഫ് എൻക്വയറി ആക്ട് 1952 പ്രകാരമാണ് സംസ്ഥാന അഭ്യന്തര വകുപ്പ് അന്വേഷണ കമ്മീഷനെ രൂപീകരിച്ചത്. ശനിയാഴ്ച രാത്രി ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് അതീഖ് അഹമ്മദിനേയും സഹോദരൻ അഷ്‌റഫിനേയും മൂന്നുപേർ ചേർന്ന് വെടിവെച്ച് കൊന്നത്.
മാധ്യമ പ്രവർത്തകർ എന്ന വ്യാജേനയാണ് അക്രമികൾ പ്രയാഗ് രാജിലെത്തി അതീഖിനേയും സഹോദരനേയും വെടിവെച്ച് കൊലപ്പെടുത്തിയത്. അതുകൊണ്ട് തന്നെ മാധ്യമ പ്രവർത്തകരുടെ സുരക്ഷക്കായി പ്രത്യേക നടപടികൾ അഥവാ എസ്ഒപി (സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയേഴ്‌സ്) തയ്യാറക്കുമെന്ന് കേന്ദ്രം അറിയിച്ചു. പ്രതികൾ കൃത്യം നടത്തിയത് പ്രശസ്തിക്കും, വലിയ ഗുണ്ടാസംഘങ്ങൾ ആവാനുമാണെന്നാണ് എഫ്‌ഐആറിൽ ഉത്തർപ്രദേശ് പൊലീസ് പറഞ്ഞിരിക്കുന്നത്. സംഭവത്തിൽ ലൗലേഷ് തിവാരി, സണ്ണി സിങ്, അരുൺ മൗര്യ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വെടി വെപ്പിൽ ഒരു പൊലീസുകാരനും പരിക്കേറ്റിരുന്നു. ചോദ്യം ചെയ്യലിൽ ഗുണ്ടാ രംഗത്ത് തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം നടത്തിയത് എന്നാണ് പ്രതികൾ പറഞ്ഞിരിക്കുന്നത്. അതേസമയം അതീഖ് അഹമ്മദും സഹോദരൻ അഷറഫും കൊല്ലപ്പെട്ട സംഭവത്തിൽ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രൂക്ഷമായ വിമർശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി രംഗത്തെത്തിയിരുന്നു. ഉത്തർപ്രദേശിൽ തോക്കിന്റെ ഭരണമാണ് നിലനിൽക്കുന്നതെന്നും 2017 ൽ ബിജെപി അധികാരത്തിലെത്തി യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിന് ശേഷം സംസ്ഥാനത്തെ ക്രമസമാധാന നില പൂർണമായും തകർന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതീഖ് അഹമ്മദും സഹോദരനും പോലീസ് കസ്റ്റഡിയിലിരിക്കെ തന്നെ കൊല്ലപ്പെട്ട സംഭവം, ഭരണഘടനയിലും ഇന്ത്യൻ നിയമ സംവിധാനത്തിലും വിശ്വസിക്കുന്നവർക്ക് അതിലുളള വിശ്വാസം പൂർണ്ണമായും നഷ്ടപ്പെടുത്തിയെന്നും അവർ നിസ്സഹായരായിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ആരാണ് അതീഖ് അഹമ്മദ്?
ഉത്തർപ്രദേശിലെ ആദ്യ ഡോൺ അല്ലെങ്കിൽ ഗ്യങ്സ്റ്റർ നേതാവ് എന്ന കുപ്രസിദ്ധിക്ക് അർഹനായ വ്യക്തിയാണ് അതീഖ് അഹമ്മദ്. നാൽപ്പത് വർഷം കൊണ്ടാണ് തന്റെ ഗുണ്ടാ-രാഷ്ട്രീയ സാമ്രാജ്യം അയാൾ പടുത്തുയർത്തിയത്. 44 വർഷം മുൻപാണ് അതീഖിനെതിരെ ആദ്യമായി ഒരു ക്രിമിനൽ കേസ് രജിസ്ട്രർ ചെയ്യുന്നത്. പിന്നീടിങ്ങോട്ട് നിയമത്തിനു മുന്നിലെത്തിയതും എത്താത്തതുമായ നൂറുകണക്കിന് ക്രിമിനൽ കേസുകളിൽ പ്രതിയാണ് അതീഖ്. എന്നിട്ടും യുപി രാഷ്ട്രീയത്തിൽ സജീവമായ സാന്നിധ്യമായിരുന്നു ഇയാൾ. സ്വതന്ത്രനായി മത്സരിച്ച് മൂന്നുതവണ അലഹബാദ് വെസ്റ്റിൽ നിന്നും നിയമസഭയിലേക്ക് ജയിച്ചു. 1996 ൽ സമാജ്‌വാദി പാർട്ടി സീറ്റിലും 2022 ൽ അപ്നാദൾ പാർട്ടി സീറ്റിലും വിജയിച്ചു. ഫുൽപൂരിൽ നിന്ന് 2004 ൽ സമാജ്‌വാദി പാർട്ടി സീറ്റിൽ ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ചു. 2004 ൽ അലഹബാദ് വെസ്റ്റിൽ സഹോദരൻ അഷ്രഫിനെ മത്സരിപ്പിച്ചെങ്കിലും ബിഎസ്പി സ്ഥാനാർഥി രാജു പാലിനോട് അഷ്രഫ് തോൽക്കുകയാണ് ഉണ്ടായത്. തുടർന്ന് 2005 ജനുവരിയിൽ റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ പോകുന്ന രാജു പാലിനെ അതീഖും അഷ്‌റഫും ഉൾപ്പെടെ ഏഴ്‌പേരടങ്ങുന്ന സംഘം കൊലപ്പെടുത്തുകയായിരുന്നു. ഇതേതുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ രാജു പാലിന്റെ ഭാര്യ പൂജ പാലിനെ തോൽപ്പിച്ച് അഷ്‌റഫ് നിയമസഭയിലെത്തി. രാജു പാൽ സിങിന്റെ കൊലപാതകത്തിലാണ് അതീഖ് ആദ്യമായി ശിക്ഷിക്കപ്പെടുന്നത്. 2018 വരെ നിയമത്തിന് അതീഖിനെ ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല, യുപിയിൽ നിലനിന്നിരുന്ന രാഷ്ട്രീയ അസ്ഥിരതയാണ് ഇതിന് കാരണമെന്നാണ് ഉയർന്നു വരുന്ന ആരോപണം.
2006 ൽ രാജു പാൽ കേസിൽ സാക്ഷിയായ ഉമേഷ് പാൽ, അതീഖും സംഘവും തന്നെ തട്ടിക്കൊണ്ട് പോയെന്നും മൊഴിമാറ്റി പറയണമെന്നാവശ്യപ്പെട്ട് ഉപദ്രവിച്ചെന്നും പൊലീസിൽ പരാതി നൽകി. മൊഴിമാറ്റാൻ അഭിഭാഷകനായ ഉമേഷ് പാൽ തയ്യാറായില്ല. ശേഷം ഉമേഷ് പാലിനെ ഒരുസംഘം ആളുകൾ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിനു പിന്നിലും അതീഖും സംഘവും ആണ്. 2008 ൽ രാഷ്ട്രീയ സമ്മർദ്ദം ശക്തമായതോടെയാണ് അതീഖ് കീഴടങ്ങുന്നത്. തുടർന്ന് സമാജ്‌വാദി പാർട്ടി ആതിഖിനെ പുറത്താക്കി. വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഉമേഷ് പാലിനെ വധിച്ച സംഘം സഞ്ചരിച്ച കാർഡ്രൈവറെ യുപി പൊലീസ് ഫെബ്രുവരി 27 ന് വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്നായിരുന്നു വിശദീകരണം. ഉമേഷ് പാലിനെ വെടിവെച്ച ചൗദരിയെയും പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. അതും ഏറ്റുമുട്ടൽ കൊലയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞിരുന്നത്. അതീഖ് അഹമ്മദിന്റെ മകൻ ആസാദ് അഹമ്മദിനെയും സഹായിയേയും ഏപ്രിൽ 17 ന് പൊലീസ് കൊലപ്പെടുത്തി. ഒടുവിൽ ശനിയാഴ്ച രാത്രി അതീഖും സഹോദരൻ അഷ്രഫും പൊതുമധ്യത്തിൽ വെടിയേറ്റ് കൊല്ലപ്പെട്ടു.