PHOTO: WIKI COMMONS
അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ആക്രമണം; കുട്ടികള്‍ക്ക് മുന്നില്‍ വച്ച് ഇമാമിനെ കൊലപ്പെടുത്തി
രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ വച്ച് ഇമാമിനെ കൊലപ്പെടുത്തി. മുഖംമൂടി ധരിച്ചെത്തിയ മൂന്ന് പേര്‍ പള്ളിക്കുള്ളില്‍ കയറി ആക്രമണം നടത്തുകയായിരുന്നു. ഉത്തര്‍പ്രദേശിലെ രാംപൂര്‍ സ്വദേശിയായ മൗലാന മാഹിറാണ് മരിച്ചത്. സംഭവസമയം പള്ളിക്കുള്ളില്‍ ആറ് കുട്ടികളുണ്ടായിരുന്നു. ബഹളം ഉണ്ടാക്കിയാല്‍ കൊല്ലുമെന്ന് അക്രമികള്‍ കുട്ടികളെ ഭീഷണിപ്പെടുത്തി. ദൗറായിലെ കാഞ്ചന്‍ നഗറിലെ പള്ളിയില്‍ ശനിയാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. സംഭവം നടന്ന പള്ളിയില്‍ തന്നെയാണ് മൗലാന മാഹിര്‍ താമസിക്കുന്നത്. പള്ളിയില്‍ താമസിച്ച് പഠിക്കുന്ന കുട്ടികളാണ് കൊലപാതക സമയത്ത് ഉണ്ടായിരുന്നത്.
പുലര്‍ച്ചെ മൂന്ന് മണിയോടെ പള്ളിയില്‍ നിന്നും കുട്ടികള്‍ നിലവിളിച്ചോടിയതോടെയാണ് സമീപവാസികള്‍ സംഭവം അറിയുന്നത്. സംഭവസ്ഥലത്തെത്തിയ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മസ്ജിദിന് പിന്നില്‍ നിന്നും ഓടിയെത്തിയ അക്രമികള്‍ സംഭവത്തിന് ശേഷം അതേ വഴിയിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. തങ്ങളോടൊപ്പം ഉറങ്ങിക്കിടക്കുന്ന ഇമാമിനെ മുഖം മറച്ചെത്തിയ മൂന്ന് പേര്‍ മുറിയിലേക്ക് കയറിവന്ന് അടിക്കുകയായിരുന്നുവെന്ന് കുട്ടികള്‍ സാക്ഷ്യപ്പെടുത്തി.
അക്രമികളെക്കുറിച്ചും കൊലപാതക കാരണത്തെക്കുറിച്ചും അറിയാന്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. പള്ളിയിലെ ചീഫ് ഇമാം മൗലാന മുഹമ്മദ് സാഹിറിന്റെ മരണശേഷം നിയമിക്കപ്പെട്ടയാളാണ് കൊല്ലപ്പെട്ട മൗലാന മാഹിര്‍. പള്ളിയില്‍ പതിനഞ്ചോളം കുട്ടികള്‍ മൗലാന മാഹിറിനൊപ്പം താമസിക്കുന്നുണ്ട്. ഏഴ് വര്‍ഷം മുന്‍പാണ് മൗലാന രാംപൂരില്‍ എത്തിയതെന്നാണ് വിവരം.