TMJ
searchnav-menu
post-thumbnail

IMAGE | WIKI COMMONS

TMJ Daily

ആക്രമണം കടുക്കുന്നു: റഫയില്‍ ഇസ്രയേല്‍ സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു

07 May 2024   |   1 min Read
TMJ News Desk

തെക്കന്‍ ഗാസ നഗരമായ റഫയില്‍ ഇസ്രയേല്‍ ആക്രമണം കടുക്കുന്നു. ഇസ്രയേല്‍ സൈന്യം ഈജിപ്തുമായുള്ള റഫയുടെ അതിര്‍ത്തി കടന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഒറ്റ രാത്രികൊണ്ട് റഫയില്‍ നടന്ന ആക്രമണത്തില്‍ 12 ലധികം പേര്‍ കൊല്ലപ്പെട്ടു. ഖത്തറിന്റെയും ഈജിപ്തിന്റെയും നേതൃത്വത്തില്‍ നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ച ഫലം കാണാതെ അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് റഫയ്‌ക്കെതിരായ ആക്രമണം ഇസ്രയേല്‍ ശക്തമാക്കിയത്.

ഖത്തര്‍, ഈജിപ്ത് മധ്യസ്ഥര്‍ മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ അംഗീകരിച്ചതായി ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ പറഞ്ഞു. എന്നാല്‍ നിര്‍ദേശങ്ങള്‍ തങ്ങളുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നില്ലെന്ന് ഇസ്രയേല്‍ പ്രതികരിച്ചതോടെയാണ് ചര്‍ച്ച അവസാനിച്ചത്. പ്രതിനിധി സംഘത്തെ ചര്‍ച്ചക്കായി കെയ്‌റോയിലേക്ക് അയക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. 

റഫ ആക്രമണത്തില്‍ പിന്നോട്ടില്ലെന്ന് ഇസ്രയേല്‍

റഫയ്‌ക്കെതിരായ സൈനിക നീക്കങ്ങള്‍ തുടരുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം റഫയില്‍ നടത്തിയ ആക്രമണത്തില്‍ 22 പലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. കരേം അബു സലേം ക്രോസിംഗില്‍ ഇസ്രയേലിനെതിരെ റോക്കറ്റ് ആക്രമണം നടത്തിയതായി ഹമാസ് അവകാശപ്പെട്ടതിന് പിന്നാലെയാണ് ആക്രമണം. ഹമാസ് ആക്രമണത്തില്‍ മൂന്ന് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഹമാസ് ആക്രമണത്തിന് തൊട്ടുപിന്നാലെ റഫയിലെ ഒരു വീടിന് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 

ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാര്‍ത്താ ചാനലായ അല്‍ ജസീറയുടെ പ്രവര്‍ത്തനം രാജ്യത്ത് അവസാനിപ്പിക്കാനുള്ള ഇസ്രയേല്‍ തീരുമാനത്തിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും ഇസ്രയേല്‍ വ്യക്തമാക്കി. ഒക്ടോബര്‍ 7 മുതല്‍ ഗാസയ്ക്കെതിരായ ഇസ്രയേല്‍ ആക്രമണത്തില്‍ 
34,735 പലസ്തീനികള്‍ കൊല്ലപ്പെടുകയും 78,108 പേര്‍ക്ക് പരുക്കേറ്റതായുമാണ് റിപ്പോര്‍ട്ട്.

വിലക്കിനെ അപലപിച്ച് അല്‍ജസീറ

അല്‍ജസീറ മാധ്യമ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനുള്ള ഇസ്രയേല്‍ ഗവണ്‍മെന്റിന്റെ തീരുമാനത്തെ ക്രിമിനല്‍ നടപടിയെന്ന് വിശേഷിപ്പിച്ചുകൊണ്ട് സ്ഥാപനം അപലപിച്ചു. സ്വതന്ത്ര മാധ്യമങ്ങളെ അടിച്ചമര്‍ത്തുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും അല്‍ജസീറ ചൂണ്ടിക്കാട്ടി. ആഗോളതലത്തില്‍ പ്രേക്ഷകര്‍ക്ക് വാര്‍ത്തകളും വിവരങ്ങളും തുടര്‍ന്നും നല്‍കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.


 

#Daily
Leave a comment