
ബിഹാറില്‍ ദളിത് ഗ്രാമത്തിന് നേരെ ആക്രമണം
ബിഹാറിലെ നവാഡയില്‍ ദളിത് ഗ്രാമത്തിന് നേരെ ആക്രമണം. 20 വീടുകള്‍ക്ക് അക്രമി സംഘം തീയിട്ടു. നവാഡ ജില്ലയിലെ കൃഷ്ണനഗര്‍ തോലയില്‍ താമസിക്കുന്ന ദളിത് വിഭാഗക്കരുടെ വീടുകളാണ് കൂട്ടത്തോടെ ആക്രമിക്കുകയും തീയിടുകയും ചെയ്തത്. സംഭവത്തില്‍ പ്രധാന പ്രതിയടക്കം 15 പേര്‍ അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിപ്പിച്ചിട്ടുണ്ട്. ഗ്രാമത്തിലെ ആളുകളെ മുഴുവന്‍ താല്‍ക്കാലിക സുരക്ഷാ മേഖലയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അക്രമി സംഘം വെടിയുതിര്‍ത്തതോടെ കുടുംബങ്ങള്‍ ഓടി രക്ഷപെടുകയായിരുന്നു എന്നു പറയുന്നു. ഗ്രാമത്തിലെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന ഭൂമി തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നും ഔദ്യോഗിക വിശദീകരണമുണ്ട്.
പ്രതികരിച്ച് രാഹുല്‍ ഗാന്ധി
ഇത്ര വലിയ അക്രമം നടന്നിട്ടും ബിഹാര്‍ സര്‍ക്കാര്‍ ഉറക്കമാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ദളിത് വിഭാഗങ്ങളെ അടിച്ചമര്‍ത്താന്‍ ബിജെപിയും എന്‍ഡിഎയും ശ്രമിക്കുന്നെന്നും അക്രമകാരികള സംരക്ഷിക്കുന്നെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.