ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെയുള്ള ആക്രമണം: ഭീകരത വളര്‍ത്താനെന്ന് യുഎസ് എംപിമാര്‍
ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെയുള്ള ആക്രമണങ്ങള്‍ക്കും ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്കെതിരായുള്ള പ്രസ്താവനകള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി യുഎസ് കോണ്‍ഗ്രസ് പ്രതിനിധികള്‍. ഖലിസ്ഥാന്‍ വാദികളുടേത്, രാജ്യത്ത് ഭീകരത വളര്‍ത്താനുള്ള ശ്രമമാണെന്നാണ് കോണ്‍ഗ്രസ് പ്രതിനിധികളുടെ പ്രതികരണം.
ശ്രീ താനേദാര്‍, റിച്ച് മക്കോര്‍മിക്, ബ്രയാന്‍ ഫിറ്റ്‌സ്പാട്രിക് എന്നിവരാണ് പരസ്യ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്. ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെയുള്ള ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായും അക്രമത്തെയും, ഭീകരത വളര്‍ത്താനുള്ള ശ്രമങ്ങളെയും ജനാധിപത്യത്തില്‍ അംഗീകരിക്കാനാവില്ലെന്നും താനേദാര്‍ ട്വീറ്റ് ചെയ്തു.
ആക്രമണം നീചവും അസ്വീകാര്യവുമാണെന്നാണ് റിച്ച് മക്കോര്‍മിക് പ്രതികരിച്ചത്. അമേരിക്കക്കാര്‍ തങ്ങളുടെ സഖ്യകക്ഷികള്‍ക്കും ദേശസ്‌നേഹികളായ ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തിനും ഒപ്പം നില്‍ക്കുമെന്നും മക്കോര്‍മിക് ട്വിറ്ററില്‍ കുറിച്ചു.
മരിച്ചിട്ടില്ല; ജീവിച്ചിരിപ്പുണ്ട്
കഴിഞ്ഞ ദിവസം അമേരിക്കയില്‍ കൊല്ലപ്പെട്ടു എന്ന് കരുതിയ ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നുന്‍ ന്യൂയോര്‍ക്കില്‍ ജീവിച്ചിരിപ്പുള്ളതായി സന്ദേശം. കാനഡ, യുകെ, യുഎസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കാണു ഭീഷണി സന്ദേശം ലഭിച്ചത്.
ഇന്ത്യന്‍ നയതന്ത്രജ്ഞരായ സന്ധു, വര്‍മ, ദൊരൈസ്വാമി, മല്‍ഹോത്ര, വോറ എന്നിവരാണു ഖലിസ്ഥാന്‍ അനുകൂല നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് ഉത്തരവാദികളെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. കാനഡയിലെ ഖലിസ്ഥാന്‍ ഹിതപരിശോധനയുടെ മൂന്നാംഘട്ടം ജൂലൈ 16 ന് നടക്കുമെന്നും, സെപ്തംബര്‍ 10 നു വാന്‍കൂവറില്‍ നടക്കുന്ന വോട്ടെടുപ്പ് നിജ്ജാറിനു സമര്‍പ്പിക്കുമെന്നും പന്നുന്‍ അയച്ച സന്ദേശത്തില്‍ വ്യക്തമാക്കുന്നു.
തുടര്‍ച്ചയാകുന്ന അക്രമം
അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് എംബസി കെട്ടിടത്തിനു കഴിഞ്ഞ ദിവസം ഖലിസ്ഥാനികള്‍ തീയിടുകയായിരുന്നു. സാന്‍ഫ്രാന്‍സിസ്‌കോ ഫയര്‍ വിഭാഗം സംഭവസ്ഥലത്തെത്തി ഉടന്‍ തീയണച്ചതിനെ തുടര്‍ന്ന് അളപായമോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായില്ല. ആക്രമണത്തെ ഇന്ത്യന്‍ സര്‍ക്കാരും യുഎസും അപലപിച്ചു. യുഎസിലെ നയതന്ത്ര സ്ഥാപനങ്ങള്‍ക്കും വിദേശ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ ക്രിമിനല്‍ കുറ്റമാണെന്നും യുഎസ് അധികൃതര്‍ വ്യക്തമാക്കി. ആക്രമണം നടക്കുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പ് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനു മുകളില്‍ പറന്നിരുന്ന ത്രിവര്‍ണ പതാക ഖലിസ്ഥാന്‍വാദികള്‍ വലിച്ചെറിഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം ഉണ്ടായത്. പ്രാദേശിക സമയം പുലര്‍ച്ചെ 1.30 നും 2.30 നും ഇടയിലാണ് കോണ്‍സുലേറ്റിനു നേരെ ആക്രമണം നടന്നത്. ഖലിസ്ഥാനികളുടെ ലക്ഷ്യം ഇന്ത്യന്‍ അംബാസഡര്‍ തരഞ്ജിത് സിങ് സന്ധുവും കോണ്‍സുലേറ്റ് ജനറല്‍ ഡോ നാഗേന്ദ്ര പ്രസാദ് എന്നിവരായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെ ഉണ്ടാകുന്ന രണ്ടാമത്തെ ആക്രമണമായിരുന്നു ഇത്. കഴിഞ്ഞ മാര്‍ച്ചിലും സമാനമായ രീതിയില്‍ സാന്‍സ്ഫ്രാന്‍സിസ്‌കോയിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ഖലിസ്ഥാന്‍ അനുകൂലികള്‍ ആക്രമണം നടത്തി. ഖലിസ്ഥാന്‍ പതാകയേന്തിയ ഒരു സംഘം അക്രമികള്‍ വാതിലുകള്‍ തകര്‍ത്ത് അകത്ത് കയറി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഖലിസ്ഥാന്‍ പതാകകള്‍ കോണ്‍സുലേറ്റില്‍ സ്ഥാപിക്കുകയും ചെയ്തു. 'ഫ്രീ അമൃത്പാല്‍' എന്ന് കെട്ടിടത്തിന്റെ ചുറ്റുമതിലില്‍ എഴുതിയിട്ടുണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെയടക്കം മറികടന്നായിരുന്നു അന്നത്തെ ആക്രമണം. ബ്രിട്ടനിലും ഇന്ത്യന്‍ ഹൈക്കമ്മീഷനു നേരെ ആക്രമണമുണ്ടായിരുന്നു. കൂടാതെ കാനഡയിലും ഖലിസ്ഥാനികള്‍ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.