ഗാസയിലെ അഭയാർത്ഥി ക്യാമ്പിന് നേരെ ആക്രമണം; നൂറിലധികം പേര്‍ കൊല്ലപ്പെട്ടു
കിഴക്കന്‍ ഗാസയിലെ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ദുരിതാശ്വാസ കേന്ദ്രമായ സ്‌കൂളിന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടു. ഈ മാസം 4 ന് ഗാസ സിറ്റിയിലെ അഭയാര്‍ത്ഥി ക്യാമ്പുകളായ രണ്ട് സ്‌കൂളുകള്‍ ആക്രമിക്കപ്പെട്ടിരുന്നു. 30 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഗാസ സിറ്റിയിലെ ഹമാമ സ്‌കൂളില്‍ നടത്തിയ ആക്രമണത്തില്‍ 17 പേരാണ് കൊല്ലപ്പെട്ടത്. ദലാല്‍ അല്‍ മുഗ്രബി സ്‌കൂളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 15 പേരും കൊല്ലപ്പെട്ടിരുന്നു.
സ്‌കൂളുകളില്‍ ഹമാസ് ഭീകരര്‍ ഉണ്ടെന്ന പേരിലാണ് ഗാസയിലുടനീളമുള്ള അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഇസ്രയേല്‍ ആക്രമണം അഴിച്ചുവിടുന്നത്. സ്‌കൂളുകള്‍ ഹമാസ് ആസ്ഥാനം ആയി ഉപയോഗിക്കുകയാണെന്നും സിവിലിയന്‍ മരണങ്ങള്‍ കുറയ്ക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ടെന്നുമാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത്.
അക്രമങ്ങള്‍ തടയാന്‍ ആവശ്യപ്പെട്ട് ഗാസയിലെ സര്‍ക്കാര്‍ മീഡിയ ഓഫീസ്
ആക്രമണത്തിന് ശേഷം ഗാസയിലെ സര്‍ക്കാര്‍ മീഡിയ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം പ്രഭാത പ്രാര്‍ഥന നടത്തുമ്പോള്‍ നേരിട്ട് ബോംബെറിയുകയായിരുന്നെന്നും ഇത് മരണസംഖ്യ ഉയരാന്‍ കാരണമായെന്നും പറയുന്നു. ഗാസ മുനമ്പിലെ സിവിലിയന്‍മാര്‍ക്കും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കും എതിരായ വംശഹത്യയും അക്രമങ്ങളും തടയാന്‍ അന്താരാഷ്ട്ര സമൂഹത്തോടും അന്തര്‍ദേശീയ സംഘടനകളോടും ആവശ്യപ്പെടുന്നതായും പ്രസ്താവനയില്‍ പറയുന്നു.