
കാനഡയിലെ ക്ഷേത്രത്തിൽ ആക്രമണം; അപലപിച്ച് ഇന്ത്യൻ, കാനഡ പ്രധാനമന്ത്രിമാർ
കാനഡയിലെ ഹിന്ദു ക്ഷേത്രത്തിൽ കഴിഞ്ഞ ഞായറാഴ്ചയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും.
ആക്രമണത്തെ അപലപിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി സമൂഹമാധ്യമമായ എക്‌സിലാണ് പ്രതികരിച്ചത്. കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ബോധപൂർവമായ ആക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. നമ്മുടെ നയതന്ത്രജ്ഞരെ ഭയപ്പെടുത്താനുള്ള ഭീരുത്വം നിറഞ്ഞ ശ്രമങ്ങളും അത്രതന്നെ ഭയാനകമാണ്. ഇത്തരം അക്രമങ്ങൾ ഒരിക്കലും ഇന്ത്യയുടെ ദൃഢനിശ്ചയത്തെ ദുർബലപ്പെടുത്തുകയില്ല. കനേഡിയൻ സർക്കാർ നീതി ഉറപ്പാക്കുകയും, നിയമവാഴ്ച ഉയർത്തിപ്പിടിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും മോഡി പറഞ്ഞു. അക്രമ പ്രവർത്തനങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി.
ടൊറേന്റോയ്ക്ക് സമീപമുള്ള ബ്രാംപ്ടണിൽ ഞായറാഴ്ച ആളുകൾ പരസ്പരം കൊടികെട്ടാൻ ഉപയോഗിക്കുന്ന കമ്പുകൾ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. പ്രദേശത്ത് പലയിടത്തായി പ്രകടനങ്ങൾ നടന്നതായി പൊലീസ് പറഞ്ഞു. ഇന്ത്യൻ നയതന്ത്രജ്ഞരുടെ സാന്നിധ്യത്തിലായിരുന്നു ഖാലിസ്ഥാൻ അനുകൂല പ്രവർത്തകർ പ്രതിഷേധിച്ചത്. ഹിന്ദു ക്ഷേത്രത്തിലും, സിഖ് ആരാധനാലയത്തിലുമായാണ് പ്രതിഷേധം നടന്നത്.
രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര സംഘർഷം രൂക്ഷമാകുന്ന സമയത്താണ് ഇങ്ങനെയൊരു ആക്രമണം കാനഡയിൽ ഉടലെടുക്കുന്നത്. 2023ൽ വാൻകൂവറിൽ വെച്ച് പ്രമുഖ ഖാലിസ്ഥാൻ പ്രവർത്തകനും, കനേഡിയൻ പൗരനുമായ ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടിരുന്നു. ഇതേതുടർന്ന് ആറ് ഇന്ത്യൻ നയതന്ത്രജ്ഞരെയാണ് സംഭവം നടന്ന് ആഴ്ചകൾക്ക് ശേഷം കാനഡ പുറത്താക്കിയത്.
നിജ്ജാറിനെ കൊലപ്പെടുത്തിയത് ഇന്ത്യൻ സർക്കാരാണെന്ന് ആരോപണം വന്നതിനെ തുടർന്ന് കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നു.


