
PHOTO: WIKI COMMONS
അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ആക്രമണം; മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു, തിരിച്ചടിക്കുമെന്ന് ബൈഡന്‍
ജോര്‍ദാനില്‍ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി ബൈഡന്‍. ഇറാന്‍ പിന്തുണയുള്ള തീവ്രവാദ സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നും അമേരിക്കന്‍ പ്രസിഡന്റ് പ്രതികരിച്ചു. വടക്കുകിഴക്കന്‍ ജോര്‍ദാനില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതിന് പുറമെ ഏകദേശം 34 സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
ഹമാസ് ഇസ്രായേല്‍ യുദ്ധത്തിന്റെ തുടക്കം മുതല്‍ മിഡില്‍ ഈസ്റ്റില്‍ ഉടനീളം ഇത്തരം സംഘങ്ങളുടെ ആക്രമണങ്ങള്‍ അമേരിക്കക്കെതിരെ ഉണ്ടായിട്ടുണ്ട്. ഒക്ടോബര്‍ 7 ന് ശേഷം 150 ലധികം ആക്രമണങ്ങള്‍ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ സംഘര്‍ഷങ്ങളില്‍ ആദ്യമായാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുന്നത്. യമനിലെ ഹൂതികള്‍ ഉള്‍പ്പെടെയുള്ള ഇറാന്‍ അനുകൂല സംഘങ്ങളും അമേരിക്കയും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തുടരുന്ന സാഹചര്യത്തിലാണ് പുതിയ ആക്രമണം.
ഹൂതികളും അമേരിക്കയും തമ്മില്‍ ആക്രമണം തുടരുന്നു
യുഎസ് - യുകെ സഖ്യത്തിന്റെ ആക്രമണങ്ങളില്‍ കഴിഞ്ഞ ദിവസം ഹൂതികള്‍ തിരിച്ചടിച്ചിരുന്നു. ഗള്‍ഫ്് ഓഫ് ഏദനില്‍ പട്രോളിംഗ് നടത്തുന്ന യുഎസ് കാര്‍ണി എന്ന യുദ്ധകപ്പലിന് നേരെ ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തുകയായിരുന്നു. ആക്രമണം ആരംഭിച്ചതിന് ശേഷം ഹൂതികള്‍ യുഎസ് യുദ്ധക്കപ്പലിനെ നേരിട്ട് ലക്ഷ്യം വയ്ക്കുന്നത് ആദ്യമായാണ്. മാര്‍ലിന്‍ ലുവാണ്ട എന്ന ബ്രിട്ടീഷ് എണ്ണ കപ്പലിന് നേരെയും ഏദന്‍ ഉല്‍ക്കടലില്‍ ഹൂതി സംഘത്തിന്റെ ആക്രമണം ഉണ്ടായി. ആക്രമണത്തെ തുടര്‍ന്ന് കപ്പലില്‍ തീപിടിത്തമുണ്ടായെങ്കിലും ജീവനക്കാര്‍ക്ക് പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. കപ്പലുകള്‍ക്ക് നേരെ മിസൈലുകള്‍ തൊടുത്തതായി ഹൂതി വക്താവ് യഹിയ സറിയ പ്രസ്താവനയില്‍ അറിയിച്ചിരുന്നു.
ആക്രമണത്തിനുള്ള തിരിച്ചടി
ബ്രിട്ടനും അമേരിക്കയും ഈ മാസം 23 ന് ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയായിരുന്നു ഹൂതികളുടെ മിസൈല്‍ ആക്രമണം. ഹൂതികളുടെ എട്ട് കേന്ദ്രങ്ങളെ ലക്ഷ്യം വച്ചുകൊണ്ടായിരുന്നു ഇരു രാജ്യങ്ങളും ചേര്‍ന്ന് ആക്രമണം നടത്തിയത്. രണ്ട് രാജ്യങ്ങളും ചേര്‍ന്ന് നടത്തുന്ന ഹൂതികള്‍ക്കെതിരായ രണ്ടാമത്തെ ആക്രമണമായിരുന്നു ജനുവരി 23 ന് നടന്നത്. ഓസ്‌ട്രേലിയ,ബഹറൈന്‍,കാനഡ,നെതര്‍ലന്‍ഡ് എന്നീ രാജ്യങ്ങളുടെയും പിന്തുണയോടെയായിരുന്നു യുഎസ് യുകെ സഖ്യത്തിന്റെ ആക്രമണം.