TMJ
searchnav-menu
post-thumbnail

TMJ Daily

സെയ്ഫ് അലി ഖാനെ കുത്തിയ അക്രമി മുറിയിലെ ആഭരണങ്ങള്‍ എടുത്തില്ല: കരീന കപൂര്‍

18 Jan 2025   |   1 min Read
TMJ News Desk

ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ ആക്രമിച്ചയാള്‍ മുറിയില്‍ തുറന്നുവച്ചിരുന്ന ആഭരണങ്ങള്‍ എടുത്തില്ലെന്ന് ഖാന്റെ ഭാര്യ കരീന കപൂര്‍ പൊലീസിന് മൊഴി നല്‍കി. വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് ഇവരുടെ മുംബൈ ബാന്ദ്രയിലെ വീട്ടില്‍ കടന്നുകയറിയ ആള്‍ ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. അന്ന് കരീന നല്‍കിയ മൊഴിയാണ് ഇപ്പോള്‍ പുറത്ത് വന്നത്.

54 വയസ്സുകാരനായ ഖാന്‍ ബാന്ദ്രയിലെ സത്ഗുരു ശരണ്‍ കെട്ടിടത്തിലെ 12ാം നിലയിലെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണ് ആക്രമിക്കപ്പെട്ടത്. കഴുത്തില്‍ അടക്കം ശരീരത്തില്‍ ആറ് കുത്തുകളാണ് ഖാന് ഏറ്റത്. അപ്പാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ചു കയറിയ ആള്‍ വളരെ അക്രമാസക്തനായിരുന്നുവെന്നും പലതവണ കുത്തിയെന്നും എന്നാല്‍ അയാള്‍ തുറന്ന് വച്ചിരുന്ന ആഭരണം തൊട്ടില്ലെന്നും കരീനയുടെ മൊഴിയില്‍ പറയുന്നു.

അതേസമയം, സെയ്ഫ് അലി ഖാന്റെ മൊഴി പൊലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. അക്രമിയെ പിടികൂടാന്‍ പൊലീസ് 30 അന്വേഷണ സംഘങ്ങളെ രൂപീകരിച്ചു. എന്നാല്‍, സംഭവം നടന്ന് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനായിട്ടില്ല.

കെട്ടിടത്തിലെ കോണിപ്പടി വഴി 12ാം നിലയിലെത്തിയ അക്രമി അക്രമത്തിനുശേഷം രക്ഷപ്പെട്ട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത് വരെയുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രതി മുംബൈ വിട്ടതായും അയാളെ തേടി പൊലീസ് ഗുജറാത്തിലേക്ക് പോകുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.




#Daily
Leave a comment