
പാകിസ്ഥാനില്‍ 20 ഖനിത്തൊഴിലാളികളെ അക്രമികൾ വെടിവെച്ചു കൊലപ്പെടുത്തി.
തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയിലുണ്ടായ വെടിവെപ്പില്‍ 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ആയുധങ്ങളുമായി ദുകി ജില്ലയിലെ കല്‍ക്കരി ഖനിയിലെത്തിയ അക്രമിസംഘം തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഖനികള്‍ക്ക് നേരെ അക്രമിസംഘം റോക്കറ്റുകളും ഗ്രനേഡുകളും പ്രയോഗിച്ചുവെന്നും പൊലീസ് അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു.
ഖനിക്കുള്ളിലെ യന്ത്രങ്ങള്‍ അക്രമികള്‍ തീയിട്ടു നശിപ്പിച്ചു. പരിക്കേറ്റ തൊഴിലാളികളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും സ്ഥലത്ത് സുരക്ഷ വര്‍ധിപ്പിച്ചതായും പൊലീസ് അറിയിച്ചു.
പിഷിന്‍, ഖില്ല സൈഫുള്ള, സോബ്, മുസ്ലീം ബാഗ്, മൂസ ഖേല്‍, ക്വറ്റ, അഫ്ഗാനിസ്ഥാന്‍ തുടങ്ങി വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടത്. അക്രമികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.