TMJ
searchnav-menu
post-thumbnail

TMJ Daily

കുട്ടികള്‍ക്കെതിരായ ആക്രമണം: ബ്ലാക്ക് ലിസ്റ്റില്‍ ഇസ്രയേലിനെ ഉള്‍പ്പെടുത്തുമെന്ന് യുഎന്‍

08 Jun 2024   |   1 min Read
TMJ News Desk

സായുധ പോരാട്ടങ്ങളില്‍ കുട്ടികള്‍ക്കെതിരെ അതിക്രമം നടത്തിയ രാജ്യങ്ങളുടെ ബ്ലാക്ക് ലിസ്റ്റില്‍ ഇസ്രയേലിനെ ഉള്‍പ്പെടുത്തുമെന്ന് ഐക്യരാഷ്ട്രസഭ. യുഎന്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഇതുവരെ 15,500 ലധികം കുട്ടികള്‍ ഗാസയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികളുടെ എണ്ണവും ഗണ്യമായി വര്‍ദ്ധിച്ചിരുന്നു. സായുധ സംഘട്ടനങ്ങളില്‍ കുട്ടികള്‍ സംരക്ഷിക്കപ്പെടേണ്ടതിനായി രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് റിപ്പോര്‍ട്ടിന്റെ ഉദ്ദേശ്യമെന്ന് യുഎന്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് ജൂണ്‍ 14 ന് യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ അവതരിപ്പിക്കുമെന്നും ഔദ്യോഗികമായി പ്രസിദ്ധീകരിക്കുമെന്നും യുഎന്‍ അറിയിച്ചു. യുഎന്‍ തീരുമാനം അതിരുകടന്നുവെന്ന് ഇസ്രയേല്‍ അംബാസിഡര്‍ ഗിലാഡ് എര്‍ദാന്‍ പ്രതികരിച്ചു.

തെരുവുകളില്‍ മൃതദേഹങ്ങള്‍

ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തിയവരുടെ മൃതദേഹങ്ങള്‍ തെരുവുകളില്‍ ഇപ്പോഴുമുണ്ടെന്ന് റഫയിലെ കുവൈറ്റ് സ്‌പെഷ്യലൈസ്ഡ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ പറഞ്ഞു. സംഘര്‍ഷങ്ങളില്‍ കുട്ടികളെ ദ്രോഹിക്കുന്നവരുടെ പട്ടികയില്‍ ഇസ്രയേല്‍ സൈന്യത്തെ ഉള്‍പ്പെടുത്താനുള്ള യുഎന്‍ തീരുമാനം തികച്ചും ന്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയില്‍ 77 പേര്‍ കൊല്ലപ്പെട്ടതായും 221 പേര്‍ക്ക് പരുക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

അഭയകേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം

ഗാസയില്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്കും വീടുകള്‍ക്കും നേരെ ഇസ്രയേല്‍ തുടരുകയാണ്. നുസെറാത്ത്, ബുറൈജ് അഭയാര്‍ത്ഥി ക്യാമ്പുകളിലും ഖാന്‍ യൂനിസിലെ വീടുകള്‍ക്ക് നേരെയും ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കഴിഞ്ഞ ദിവസം 22 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ആറ് സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെട്ടിരുന്നു. ഇസ്രയേല്‍ ആക്രമണം ഉണ്ടായ ജബാലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നും 50 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി.


#Daily
Leave a comment