മധു വധകേസ്; പതിനാലുപേർ കുറ്റക്കാർ, ശിക്ഷാവിധി നാളെ
അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട കേസിൽ 14 പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരക്കാർ, മൂന്നാം പ്രതി ഷംസുദ്ധീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ധീഖ്, എട്ടാം പ്രതി ഉബൈദ്, ഒൻപതാം പ്രതി നജീബ്, പത്താം പ്രതി ജൈജു മോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ എന്നിവർ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. 304(2),SC/ST എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ തെളിഞ്ഞിരിക്കുന്നത്. പതിനാറാം പ്രതി മുനീറിനെതിരെ തെളിഞ്ഞിരിക്കുന്നത് 352-ാം വകുപ്പാണ്. മുനീറിന് 500 രൂപ പിഴയടച്ച് കുറ്റ വിമുക്തനാകാം എന്ന് കോടതി പറഞ്ഞു. നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുൾ കരീം എന്നിവരെ കോടതി വെറുതേ വിട്ടു. പ്രതികൾക്കെതിരെയുള്ള ശിക്ഷാവിധി കോടതി നാളെ പ്രഖ്യാപിക്കും. വിധിപ്പകർപ്പ് വേഗം ലഭ്യമാക്കണമെന്ന് പ്രതിഭാഗം കോടതിയോട് ആവശ്യപ്പെട്ടു.
കൊലപാതകം നടന്ന് അഞ്ച് വർഷത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്. ജഡ്ജി കെഎം രതീഷ് കുമാറാണ് വിധി പ്രസ്താവിച്ചത്. രാജേഷ് എം മേനോനായിരുന്നു കേസിലെ പ്രോസിക്യൂട്ടർ. വിധി വരുന്നതിനെ തുടർന്ന് മധുവിന്റെ വീടിനും മണ്ണാർക്കാട് കോടതി പരിസരത്തും പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു.
2018 ഫെബ്രുവരി 22 നാണ് അരി മോഷ്ടിച്ചെന്ന് ആരോപിച്ച് ഒരു കൂട്ടം ആളുകൾ മധുവിനെ മർദ്ദിച്ച് അവശനാക്കി കൊലപ്പെടുത്തിയത്. കേസിൽ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ 101 പേരെ വിസ്തരിച്ചപ്പോൾ 76 പേർ പ്രോസിക്യൂഷന് അനുകൂല മൊഴി നൽകി. 24 പേർ കൂറുമാറി. രണ്ടുപേർ മരണപ്പെട്ടു. 24 പേരെ വിസ്തരിക്കേണ്ടതില്ലെന്ന് കോടതി തീരുമാനിക്കുകയായിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ പ്രതികൾ ശ്രമിച്ചതിന്റെ ഡിജിറ്റൽ തെളിവുകൾ പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു.