മാനന്തവാടിയില്‍ ഇറങ്ങിയ കാട്ടാനയെ പിടികൂടാനുള്ള ശ്രമം വീണ്ടും പരാജയം; ദൗത്യം തുടരുന്നു
മാനന്തവാടി ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാന ബേലൂര്‍ മഖ്‌നയെ പിടികൂടാനുള്ള ദൗത്യം വീണ്ടും പരാജയം. ആനക്കൊപ്പമുണ്ടായിരുന്ന മോഴയാന ആര്‍ആര്‍ടി സംഘത്തിന് നേരെ അടുത്തതോടെ ദൗത്യത്തില്‍ നിന്നും താല്‍ക്കാലികമായി പിന്‍മാറേണ്ടി വന്നു. ബുധനാഴ്ച 3.30 ഓടെ ആനയെ മയക്കുവെടി വയ്ക്കാനുള്ള സാഹചര്യം ഒത്തുവന്നെങ്കിലും മോഴയാന മയക്കുവെടി സംഘത്തിന് നേരെ അടുക്കുകയായിരുന്നു. ഈ സമയം ബേലൂര്‍ മഖ്‌ന ഉള്‍ക്കാട്ടിലേക്ക് നീങ്ങിയതോടെ ദൗത്യം പൂര്‍ത്തിയാക്കാനായില്ല.
ആന നിലവില്‍ കേരള കര്‍ണാടക അതിര്‍ത്തിയില്‍ ഉണ്ടെന്നാണ് വിവരം. ചൊവ്വാഴ്ച രാത്രി വൈകി കര്‍ണാടക ഭാഗത്തു നിന്നും സിഗ്നല്‍ ലഭിച്ചിരുന്നു. പിന്നീട് ബുധനാഴ്ച രാവിലെ കര്‍ണാടക കേരള അതിര്‍ത്തിയില്‍ നിന്നും സിഗ്നല്‍ ലഭിച്ചതോടെ പുലര്‍ച്ചെ തന്നെ സംഘം വനമേഖലയിലേക്ക് പ്രവേശിക്കുകയായിരുന്നു. ആന ഉള്‍ക്കാട്ടിലേക്ക് നീങ്ങിയതോടെ ദൗത്യം പരാജയപ്പെട്ടു. ആനയെ പിടികൂടാനുള്ള പദ്ധതികള്‍ ഊര്‍ജിതമാക്കാന്‍ വനം വകുപ്പ് ഉന്നതതല യോഗം ചേര്‍ന്നിട്ടുണ്ട്. രാത്രിയിലും നിരീക്ഷണം തുടരാനാണ് തീരുമാനം.
ദൗത്യത്തിനായി 18 ടീമുകള്‍
ബേലൂര്‍ മഖ്‌ന ദൗത്യത്തിനായി 18 ടീമുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. 15 ടീമുകള്‍ വനം വകുപ്പില്‍ നിന്നും 3 ടീമുകള്‍ പൊലീസില്‍ നിന്നുമാണ്. നോര്‍ത്ത് വയനാട് ഡിഎഫ്ഒ കെ ജെ മാര്‍ട്ടിന്‍ ലോവല്‍, സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്ന, വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി ദിനേഷ്, ഫ്‌ളൈയിങ് സ്‌ക്വാഡ് ഡിഎഫ്ഒ എ പി ഇംത്യാസ്, സോഷ്യല്‍ ഫോറസ്ട്രി എസിഎഫ് ഡി ഹരിലാല്‍ എന്നിവരാണ് ദൗത്യത്തിന് നേതൃത്വം നല്‍കിയത്.
മയക്കുവെടിവയ്ക്കുന്ന ആള്‍ക്കുനേരെ ആന അക്രമാസക്തനാകാന്‍ സാധ്യതയുണ്ടെന്ന് ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍ നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു. കുങ്കിയാനകളുടെ സാന്നിധ്യത്തിലായിരിക്കും ആനയെ മയക്കുവെടി വയ്ക്കുക.
പ്രദേശത്ത് കടുത്ത നിയന്ത്രണങ്ങള്‍
ആനയെ പിടികൂടാനുള്ള പരിശ്രമങ്ങള്‍ തുടരവെ തിരുനെല്ലി ഗ്രാമപഞ്ചായത്തിലെയും മാനന്തവാടി നഗരസഭയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം അവധി നല്‍കിയിരുന്നു. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശവും ഉണ്ടായിരുന്നു. ആന നിരന്തരമായി സഞ്ചരിച്ചുക്കൊണ്ടിരിക്കുന്നത് ദൗത്യത്തിന് തടസ്സമായിരുന്നു. ഞായറാഴ്ച പകല്‍ രണ്ട് തവണ റേഡിയോ കോളറില്‍ സന്ദേശം ലഭിച്ചതോടെയാണ് വനം വകുപ്പ് മയക്കുവെടിവയ്ക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയത്.
ഞായറാഴ്ച പുലര്‍ച്ചെ ചേലൂര്‍ മണ്ടുണ്ണി കോളനിയില്‍നിന്നാണ് സിഗ്നല്‍ ലഭിച്ചത്. പകല്‍ 11.45ന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള അപ്പപ്പാറ വളവിന് സമീപം ചെമ്പകപ്പാറയില്‍ ആന ഉണ്ടെന്ന് തിരിച്ചറിഞ്ഞു. പകല്‍ 2.45ന് മയക്കുവെടിവയ്ക്കാന്‍ ഒരുക്കം തുടങ്ങുകയായിരുന്നു. നാല് കുങ്കിയാനകളുടെ സഹായത്തോടെ വനത്തിനുള്ളില്‍ തിരച്ചിലും നടത്തി. ആന കര്‍ണാടകയിലേക്ക് കടക്കുന്നത് തടയാന്‍ ബാവലി പുഴയോട് ചേര്‍ന്നുള്ള വനത്തില്‍ വനപാലകര്‍ നിലയുറപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സഞ്ചാരദിശ വീണ്ടും മാറിയതോടെ് ദൗത്യം തിങ്കളാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.