ജെയര്‍ ബോള്‍സോനാരോ | PHOTO: WIKI COMMONS
തിരഞ്ഞെടുപ്പ് അട്ടിമറിശ്രമം; മുന്‍ ബ്രസീല്‍ പ്രസിഡന്റ് ബോള്‍സോനാരോ കുറ്റക്കാരനെന്ന് പൊലീസ്
ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയും സഖ്യകക്ഷികളും 2022 ലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയതായി ബ്രസീലിയന്‍ ഫെഡറല്‍ പൊലീസ്. കോടതി ഉത്തരവിനെ തുടര്‍ന്ന് ബോള്‍സോനാരോ പാസ്‌പോര്‍ട്ട് പൊലീസിന് സമര്‍പ്പിച്ചു. അട്ടിമറിക്ക് ഗൂഢാലോചന നടത്തിയെന്നും മുന്‍ പ്രസിഡന്റിന് പദ്ധതിയില്‍ പങ്കുണ്ടെന്നും ആരോപിച്ച് ബ്രസീല്‍ പൊലീസ് ബോള്‍സോനാരോയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തിയിരുന്നു. സുപ്രീം കോടതി ജസ്റ്റിസ് അലക്‌സാണ്ടര്‍ ഡി മൊറേസാമയാണ് റെയ്ഡ് നടത്താന്‍ അനുമതി നല്‍കിയത്. കുറ്റാരോപിതരായ ഒന്നിലധികം പേരെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാനും അവരുടെ പാസ്‌പോര്‍ട്ട് 24 മണിക്കൂറിനുള്ളില്‍ സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടിരുന്നു.
ബോള്‍സോനാരോയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളെ ലക്ഷ്യമിട്ടായിരുന്നു വ്യാഴാഴ്ച നടന്ന ഓപ്പറേഷന്‍. ബോള്‍സോനാരോയുടെ മുന്‍ റണ്ണിംഗ് മേറ്റ് വാള്‍ട്ടര്‍ ബ്രാഗ നെറ്റോയുമായി ബന്ധപ്പെട്ട വസ്തുവകകള്‍ക്കുമേല്‍ സെര്‍ച്ച് വാറണ്ടുകള്‍ പുറപ്പെടുവിച്ചിരുന്നു. അദ്ദേഹത്തിന്റെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അഗസ്റ്റോ ഹെലെനോ, മുന്‍ പ്രതിരോധ മന്ത്രി പൗലോ നൊഗ്വേറ ബാറ്റിസ്റ്റ, മുന്‍ നീതിന്യായ മന്ത്രി ആന്‍ഡേഴ്‌സണ്‍ ടോറസ് തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.
രണ്ട് സൈനിക ഉദ്യോഗസ്ഥരും ബോള്‍സോനാരോയുടെ മുന്‍ അന്താരാഷ്ട്ര കാര്യ ഉപദേഷ്ടാവുമായ ഫിലിപ്പെ മാര്‍ട്ടിന്‍സിനെയുമാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സൈനിക ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അട്ടിമറി ആസൂത്രണം ചെയ്തുവെന്നാണ് ബോള്‍സോനാരോക്കെതിരെ നിലനില്‍ക്കുന്ന മറ്റൊരു ആരോപണം.
വിവിധ കേസുകളില്‍ കുറ്റാരോപിതന്‍
തിരഞ്ഞെടുപ്പിനെക്കുറിച്ച് വ്യാജപ്രചരണങ്ങള്‍ നടത്തിയതിന് ബോള്‍സോനാരോയെ 2030 വരെ രാഷ്ട്രീയത്തില്‍ നിന്നും വിലക്കിയിരുന്നു. നിരവധി ക്രിമിനല്‍ കുറ്റാരോപണങ്ങളില്‍ അന്വേഷണം നേരിടുന്നുമുണ്ട്. എന്നാല്‍ അന്വേഷണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് ബോള്‍സോനാരോയുടെ പ്രതികരണം.
ബോള്‍സോനാരോയുടെ മകന്‍ കര്‍ലോസ് ബോള്‍സോനാരോയുടെ വസ്തുവകകള്‍ ഫെഡറല്‍ പൊലീസ് നേരത്തെ പരിശോധിച്ചിരുന്നു. പിതാവിന്റെ എതിരാളികളെ ആക്രമിക്കാന്‍ ചാര ഏജന്‍സിയായ അബിന്‍ അനധികൃതമായി ശേഖരിച്ച ഡാറ്റ ഉപയോഗിച്ചുവെന്ന സംശയത്തിലാണ് പരിശോധന നടത്തിയത്.