
അതുല്യയുടെ മരണം: ഭർത്താവ് സതീഷിന് ഇടക്കാല മുൻകൂർ ജാമ്യം
ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയുടെ, ഭർത്താവ് സതീഷിന് ഇടക്കാല മുൻകൂർ ജാമ്യം. ഇന്ന് പുലർച്ചെ ഷാർജയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ സതീഷ് എത്തിയിരുന്നു. അവിടെ വച്ചാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊല്ലം സെഷൻസ് കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത് കൊണ്ട് അറസ്റ്റ് നടപടികൾ പൂർത്തിയാക്കി സതീഷിനെ വിട്ടയയ്ക്കും. സതീഷ് ജോലി ചെയ്ത കമ്പനി ജോലിയിൽ നിന്നും പിരിച്ചുവിടുകയായിരുന്നു.
കൊല്ലപ്പെട്ടതാണെന്നാണ് അതുല്യയുടെ കുടുംബത്തിന്റെ പരാതിയിൽ പറയുന്നത്. എന്നാൽ ആത്മഹത്യ ആണെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ചവറ തെക്കുഭാഗം പോലീസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തതെങ്കിലും ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘത്തിനാണ് ഇപ്പോൾ കേസിന്റെ ചുമതല.
ഷാർജയിലെ ഫ്ലാറ്റിൽ വച്ച് ജൂലൈ 19നാണ് അതുല്യയെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. ഭർത്താവ് സതീഷിനെ ഷാർജ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു. അതുല്യയെ മാനസികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് സതീഷ് സമ്മതിച്ചു. സതീഷിൽ നിന്നേറ്റ ശാരീരിക പീഡനത്തിന്റെ തെളിവായി ഫോട്ടോകളും വീഡിയോകളും മരിക്കുന്നതിന് മുൻപ് അതുല്യ തന്റെ സഹോദരി അഖിലയ്ക്ക് അയച്ചുകൊടുത്തിരുന്നു.


