TMJ
searchnav-menu
post-thumbnail

TMJ Daily

ഔറംഗസീബിന്റെ ശവകുടീരം ടിന്‍ ഷീറ്റുകൊണ്ട് മറച്ചു

20 Mar 2025   |   1 min Read
TMJ News Desk

ഹാരാഷ്ട്രയിലെ സാംബാജി ജില്ലയിലുള്ള മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന ആവശ്യങ്ങള്‍ക്കിടെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) ശവകുടീരത്തിനെ ടിന്‍ ഷീറ്റുകള്‍ കൊണ്ട് മറച്ചു.

രണ്ട് ദിവസം മുമ്പ് എഎസ്‌ഐ ഉദ്യോഗസ്ഥര്‍ക്കൊപ്പം ജില്ലാ കളക്ടര്‍ ദിലീപ് സ്വാമിയും എസ്പി വിനായക റാത്തോഡും ശവകുടീരം സന്ദര്‍ശിച്ചപ്പോഴാണ് ടിന്‍ ഷീറ്റ് കൊണ്ട് മറയ്ക്കാന്‍ തീരുമാനമെടുത്തത്.

ബുധനാഴ്ച്ച രാത്രിയില്‍ ശവകുടീരത്തിന്റെ ഇരുവശങ്ങളിലും ടിന്‍ ഷീറ്റ് കൊണ്ട് മറയ്ക്കുന്നത് കൂടാതെ വേലിയും കെട്ടി. വേലി ശവകുടീരത്തിന് ചുറ്റിലുമായി കെട്ടുമെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ശവകുടീരത്തിന്റെ രണ്ട് വശങ്ങളിലും പച്ച വല കൊണ്ട് മറച്ചിരുന്ന സംവിധാനം ശോചനീയാവസ്ഥയില്‍ ആയിരുന്നുവെന്നും സമീപത്തെ ഖ്വാജ സെയ്ദ് സൈനുദ്ദീന്‍ ചിസ്തിയുടെ ശവകുടീരം സന്ദര്‍ശിക്കുന്നവര്‍ക്ക് ഔറംഗസേബിന്റെ ശവകുടീരം കാണാന്‍ സാധിക്കുമായിരുന്നുവെന്നും അതിനാല്‍ ടിന്‍ ഷീറ്റുകള്‍ സ്ഥാപിച്ചുവെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഔറംഗസീബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗദളും നടത്തിയ പ്രതിഷേധം തിങ്കളാഴ്ച്ച നാഗ്പൂരില്‍ സംഘര്‍ഷത്തിലേക്ക് നയിച്ചിരുന്നു.

ഛത്രപതി സാംബാജിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഛാവ എന്ന ഹിന്ദി സിനിമ റിലീസ് ചെയ്തതിനെ തുടര്‍ന്നാണ് 17 നൂറ്റാണ്ടിലെ മുഗള്‍ ചക്രവര്‍ത്തി വീണ്ടും ശ്രദ്ധാകേന്ദ്രമായത്. മറാത്തയുടെ രണ്ടാമത്തെ ഭരണാധികാരിയായ സാംബാജിയെ ഔറംഗസീബിന്റെ ഉത്തരവ് പ്രകാരം വധിക്കുകയായിരുന്നു.





#Daily
Leave a comment