
കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനമേർപ്പെടുത്തി ഓസ്‌ട്രേലിയ
പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ തയ്യാറെടുത്ത് ഓസ്‌ട്രേലിയൻ സർക്കാർ. അടുത്തയാഴ്ച പാർലമെൻ്റിൽ നിയമം അവതരിപ്പിക്കും. നിയമം പാസായാൽ ഒരു വർഷത്തിനുള്ളിൽ അത് പ്രാബല്യത്തിൽ വരും. കുട്ടികൾക്കിടയിൽ വർധിച്ചു വരുന്ന സോഷ്യൽ മീഡിയ ഉപയോഗം ഉണ്ടാക്കുന്ന ദൂഷ്യവശങ്ങൾ കുറയ്ക്കാനാണ് നിയമം കൊണ്ടുവരുന്നതെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബാനീസ് പറഞ്ഞു.
ഇത് അമ്മമാർക്കും അച്ഛൻമാർക്കും വേണ്ടിയുള്ളതാണ്. എന്നെപ്പോലെ അവരും ഓൺലൈനിൽ തങ്ങളുടെ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാണ്. സർക്കാരിന്റെ പിന്തുണ ഇക്കാര്യത്തിൽ ഉണ്ടെന്ന് ഓരോ ഓസ്‌ട്രേലിയൻ കുടുംബങ്ങളും അറിയണമെന്ന് താൻ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.
സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന യുവാക്കൾക്ക് ഈ നിരോധനം ബാധകമല്ല. അതുപോലെ മാതാപിതാക്കളുടെ സമ്മതമുണ്ടെങ്കിലും കുട്ടികൾക്ക് പ്രായപരിധിയിൽ ഇളവുകളുണ്ടാകില്ല. കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് തടയാൻ നടപടികൾ സ്വീകരിക്കുന്നുന്നതിനുള്ള ഉത്തരവാദിത്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലായിരിക്കുമെന്ന് സർക്കാർ പറഞ്ഞു. ഓസ്‌ട്രേലിയയുടെ ഓൺലൈൻ റെഗുലേറ്ററായ ഇ സേഫ്റ്റി കമ്മീഷണർക്കാണ് ഈ നിയമം നടപ്പാക്കുന്നതിനുള്ള ചുമതലയെന്ന് അൽബാനീസ് അറിയിച്ചു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കൗമാരക്കാരുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് മിക്ക വിദഗ്ധരും സമ്മതിക്കുന്നുണ്ട്. എന്നാൽ, സോഷ്യൽ മീഡിയ ഒരുമിച്ച് നിയമവിരുദ്ധമാക്കാൻ ശ്രമിക്കുന്നത് പലർക്കിടയിലും ഭിന്നാഭിപ്രായം ഉളവാക്കിയിട്ടുണ്ട്.
അപകടകരമായ ഓൺലൈൻ ഇടങ്ങൾ എങ്ങനെ നിയന്ത്രിക്കാം എന്ന് പഠിപ്പിക്കേണ്ടതിന് പകരം, ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ ആപ്പുകളിലേക്കുള്ള സമ്പർക്കം വൈകിപ്പിക്കുക മാത്രമാണ് നിരോധനം കൊണ്ട് സാധിക്കുകയെന്ന അഭിപ്രായവും ഇക്കാര്യത്തിൽ ഉയർന്നിട്ടുണ്ട്.
വളരെ മൂർച്ചയുള്ള ഉപകരണം എന്നാണ് ഈ നിയമത്തെ കുട്ടികളുടെ അവകാശങ്ങൾക്കായി നിലകൊള്ളുന്ന ഓസ്‌ട്രേലിയയിലെ ഒരു സംഘടന വിമർശിച്ചത്.
എന്നാൽ ഹാനികരമായ ഉള്ളടക്കം, തെറ്റായ വിവരങ്ങൾ, ഭീഷണിപ്പെടുത്തൽ, മറ്റ് സാമൂഹിക സമ്മർദ്ദങ്ങൾ എന്നിവയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് നിരോധനം ആവശ്യമാണെന്ന് പറഞ്ഞ് ഒരു വിഭാഗം പൗരർ ഓസ്‌ട്രേലിയൻ സർക്കാരിനെ സമീപിച്ചിരുന്നു.