PHOTO: FACEBOOK
എട്ടാം ഫൈനലില്‍ ഓസീസ്
ക്രിക്കറ്റ് ലോകകപ്പിന്റെ സെമിഫൈനലില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി ഓസ്ട്രേലിയ ഫൈനലിലേക്ക്. ഏകദിന ലോകകപ്പിന്റെ എട്ടാമത്തെ ഫൈനലാണ് ഓസീസിന് ഇത്. ഇതിന് മുന്നേ ഏഴ് തവണ ഫൈനലിലെത്തിയപ്പോള്‍ അഞ്ച് പ്രാവശ്യവും വിജയം ഓസ്ട്രേലിയയുടെ കൂടെനിന്നു. അവസാനം ഫൈനലിലെത്തിയ 2015 ല്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് ഓസ്ട്രേലിയ കിരീടം ചൂടിയിരുന്നു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന സെമി ഫൈനലില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 212 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയപ്പോള്‍ മറുപടിക്കിറങ്ങിയ ഓസീസ് 48-ാം ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. സൗത്ത് ആഫ്രിക്കയുടെ രണ്ട് വിക്കറ്റ് വീഴ്ത്തുകയും 62 റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്ത ട്രാവിസ് ഹെഡാണ് കളിയിലെ താരം.
സൗത്ത് ആഫ്രിക്കയ്ക്ക് വീണ്ടും നിരാശ
ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ കാണിച്ച മികവ് സെമിയില്‍ ആവര്‍ത്തിക്കാന്‍ സാധിക്കാത്തതോടെ സൗത്ത് ആഫ്രിക്കയ്ക്ക് 2023 ലോകകപ്പ് എഡീഷനും നിരാശയുടേതായിരിക്കുന്നു. പോയിന്റ് ടേബിളില്‍ രണ്ടാമത് ഫിനിഷ് ചെയ്തുകൊണ്ടാണ് സൗത്ത് ആഫ്രിക്ക സെമിയില്‍ പ്രവേശിച്ചത്. ഓസ്ട്രേലിയയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് തുടക്കം തന്നെ രണ്ട് ഓപ്പണര്‍മാരെയും നഷ്ടപ്പെടുകയായിരുന്നു. ടൂര്‍ണ്ണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ക്വിന്റണ്‍ ഡി കോക്കിനും ക്യാപ്റ്റന്‍ ടെംബ ബവുമയ്ക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. എന്നാല്‍ പൊരുതിക്കളിച്ച ഡേവിഡ് മില്ലര്‍ സൗത്ത് ആഫ്രിക്കയുടെ സ്‌കോര്‍ ഉയര്‍ത്തുകയായിരുന്നു. 116 പന്തുകളില്‍ നിന്ന് 101 റണ്‍സായിരുന്നു മില്ലറിന്റെ സമ്പാദ്യം. മില്ലറിന്റെ കൂടെ ഹെന്റിച്ച് ക്ലാസനും കൂടിച്ചേര്‍ന്ന് സൗത്ത് ആഫ്രിക്കയെ മികച്ച സ്‌കോറിലേക്ക് നയിക്കുമ്പോള്‍ ക്ലാസനെ പുറത്താക്കി ട്രാവിസ് ഹെഡാണ് ഓസീസിനെ വിജയത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 213 റണ്‍സ് പിന്തുടര്‍ന്നെത്തിയ ഓസീസിന് മികച്ച തുടക്കം തന്നെ ലഭിച്ചെങ്കിലും സ്പിന്നര്‍മാര്‍ പന്തെടുത്തതോടെ മത്സരം കടുക്കുകയായിരുന്നു. എന്നാല്‍ ക്ഷമയോടെ ബാറ്റ് ചെയ്ത ഓസീസ് ബാറ്റര്‍മാര്‍ പതര്‍ച്ചയോടെയാണെങ്കിലും ഓസ്ട്രേലിയയെ രക്ഷപ്പെടുത്തുകയായിരുന്നു.