
കുട്ടിക്കാലം വേണം, കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിച്ച് നിയമം കൊണ്ടുവന്ന ആദ്യ രാജ്യമായി ഓസ്ട്രേലിയ
പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിച്ചുകൊണ്ടുള്ള നിയമം ഓസ്‌ട്രേലിയ പാസാക്കി. ഓസ്‌ട്രേലിയൻ പാർലമെന്റിലെ ഇരു സഭകളും ഇന്നലെ നിയമം പാസാക്കുകയായിരുന്നു. 2025 ഓടെ നിയമം പ്രാബല്യത്തിലാകും. നിയമം നടപ്പിലാക്കുന്നതോടെ പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്ന ആദ്യ രാജ്യമാകും ഓസ്‌ട്രേലിയ.
സോഷ്യൽ മീഡിയയുടെ ദൂഷ്യവശങ്ങളിൽ നിന്ന് യുവാക്കളെ സംരക്ഷിക്കാൻ നിയമനിർമ്മാണം ആവശ്യമാണെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് പറഞ്ഞു. ഞങ്ങളുടെ കുട്ടികൾക്ക് ഒരു കുട്ടിക്കാലം ഉണ്ടാകണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അവരുടെ മാതാപിതാക്കളോടൊപ്പം ഞങ്ങളും കൂടെയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സ്നാപ്ചാറ്റ്, ടിക് ടോക്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയാണ് നിരോധനത്തിൽ ഉൾപ്പെടുന്നവ. അതേസമയം ഗെയിമിംഗ്, മെസേജിങ് പ്ലാറ്റ് ഫോമുകള്‍, അക്കൗണ്ടില്ലാതെ അക്സസ്സ് ചെയ്യാൻ കഴിയുന്ന സൈറ്റുകൾ, യൂട്യൂബ് എന്നിവ നിരോധനത്തിൽ ഇല്ല. എന്നാൽ ഈ നിയമത്തെ എതിർത്തുകൊണ്ട് ഗൂഗിളും സ്നാപ്ചാറ്റും രംഗത്ത് വന്നു. നിയമത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകിയില്ല എന്നും അവർ അറിയിച്ചു. ഈ ബിൽ ഫലപ്രദമല്ല എന്നും കുട്ടികളെ സുരക്ഷിതരാക്കുക എന്ന ലക്ഷ്യം ഇതിലൂടെ സാധിക്കില്ലെന്നും മെറ്റ പറഞ്ഞു.
ഓസ്‌ട്രേലിയ ഒപ്പിട്ടിരുന്ന മനുഷ്യവകാശ ഉടമ്പടികളോടും, അന്താരാഷ്ട്ര നിയന്ത്രണങ്ങളോടും ഈ നിയമം നീതിപാലിക്കുന്നില്ല എന്ന് എക്സ് അഭിപ്രായപ്പെട്ടു. ബില്ലിന് നിയമസാധുതയില്ലെന്ന നിലപാടാണ് എക്സ് ഉന്നയിക്കുന്നത്.