
പൗള ബഡോസ
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: കൊക്കോ ഗാഫ് പുറത്ത്; തോല്‍പ്പിച്ചത് 11ാം സീഡുകാരി
ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മൂന്നാം സീഡുകാരിയായ കൊക്കോ ഗാഫ് പുറത്തായി. ഒന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ട ശക്തമായ പോരാട്ടത്തിനൊടുവില്‍ അമേരിക്കക്കാരിയായ ഗാഫിനെ സ്‌പെയിന്‍കാരിയായ 11ാം സീഡ് താരം പൗള ബഡോസയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 7-5, 6-4. ധാരാളം തെറ്റുകള്‍ വരുത്തിയത് ഗാഫിന് വിനയായി.
തുടര്‍ച്ചയായ വിജയപരമ്പരകള്‍ക്കൊടുവില്‍ റോഡ് ലാവെര്‍ അരീനയില്‍ ക്വാര്‍ട്ടര്‍ ഫൈനലിന് ഇറങ്ങിയ ഗാഫിന് അടിതെറ്റുകയായിരുന്നു. 20 വയസ്സിനുള്ളില്‍ രണ്ട് ഗ്രാന്‍ഡ്സ്ലാമുകള്‍ എന്ന ഗാഫിന്റെ മോഹം പൊലിഞ്ഞു. നേരത്തെ 2023ല്‍ ഗാഫ് യുഎസ് ഓപ്പണ്‍ ജേത്രിയായിരുന്നു.
അതേസമയം പൗള 27ാം വയസ്സില്‍ തന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം സെമി ഫൈനലില്‍ പ്രവേശിച്ചു. ഇതിനുമുമ്പ് രണ്ട് പ്രധാനപ്പെട്ട ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ പൗള തോറ്റിരുന്നു. 2022ല്‍ രണ്ടാം റാങ്കുവരെ എത്തിയ താരമാണ് പൗള. പിന്നീട് ഗുരുതരമായ ബാക്ക് പെയ്ന്‍ കാരണം ടെന്നീസ് കരിയര്‍ അവസാനിക്കുമെന്ന ഭീഷണി നേരിട്ടിരുന്നു.
സെമിയില്‍ പൗളയെ കാത്തിരിക്കുന്നത് ആര്യാന സബലേങ്കയും അനസ്താസ്യ പാവ്‌ലിചെന്‍കോവയും തമ്മിലുള്ള മത്സരത്തിലെ വിജയിയെയാണ്. ലോക ഒന്നാം നമ്പര്‍ താരമാണ് ആര്യാന. അതേസമയം അനസ്താസിയ 2021ലെ ഫ്രഞ്ച് ഓപ്പണ്‍ റണ്ണറപ്പ് ആയിരുന്നു.