
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ജോക്കോവിച്ച് പിന്‍മാറി; സ്വരേവ് ഫൈനലില്‍
ഓസ്‌ട്രേലിയന്‍ ഓപ്പണിലെ ആദ്യ സെമി ഫൈനലില്‍ പരിക്കിനെ തുടര്‍ന്ന് മത്സരത്തിനിടയില്‍ ഇതിഹാസ താരം നോവാക്ക് ജോക്കോവിച്ച് പിന്‍മാറി. അലെക്‌സ് സുരേവിനെതിരായ മത്സരത്തിലെ ആദ്യ സെറ്റ് 7 - 6 (5) എന്ന സ്‌കോറില്‍ ജോക്കോവിച്ചിന് നഷ്ടമായിരുന്നു. ജാന്നിക് സിന്നറും ബെന്‍ ഷെല്‍ട്ടണും തമ്മിലുള്ള രണ്ടാം ഫൈനലിലെ വിജയിയുമായി ഞായറാഴ്ച്ച സുരേവ് കിരീടത്തിനായി ഏറ്റുമുട്ടും. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടയില്‍ അദ്ദേഹത്തിന് പരിക്കേറ്റിരുന്നു.
ഇതോടെ 25ാം ഗ്രാന്‍ഡ് സ്ലാം കിരീടമെന്ന മോഹസാഫല്യത്തിനായി ജോക്കോവിച്ചിന് ഇനിയും കാത്തിരിക്കണം. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സെമിഫൈനലില്‍ സിന്നറോട് അദ്ദേഹം തോറ്റിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് സംശയങ്ങള്‍ മത്സരം തുടങ്ങുന്നതിന് മുമ്പ് തന്നെ ഉണ്ടായിരുന്നു. ഇടം കാല്‍തുട കെട്ടിവച്ചാണ് അദ്ദേഹം റോഡ് ലേവര്‍ അരീനയിലേക്ക് എത്തിയത്.
എന്നാല്‍ ആദ്യ സെറ്റിന്റെ അവസാനത്തോടെയാണ് പരിക്കിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയത്. ആദ്യ സെറ്റ് നഷ്ടമായശേഷം അദ്ദേഹം പിന്മാറുന്നതായി സുരേവിനേയും അമ്പയറേയും അറിയിച്ചു. പിന്നാലെ കാണികള്‍ ജോക്കോവിച്ചിനെ കൂക്കിവിളിച്ചു. സുരേവ് കാണികളെ വിലക്കി.