തക്കാക്കോ | PHOTO: WIKI COMMONS
തകഴിയുടെ ചെമ്മീന്‍ ജാപ്പനീസിലേക്ക് വിവര്‍ത്തനം ചെയ്ത എഴുത്തുകാരി തക്കാക്കോ അന്തരിച്ചു
തകഴി ശിവശങ്കര പിള്ളയുടെ ചെമ്മീന്‍ ജാപ്പനീസിലേക്ക് മൊഴിമാറ്റം ചെയ്ത എഴുത്തുകാരി തക്കാക്കോ (79) അന്തരിച്ചു. എറണാകുളം കൂനമ്മാവിലെ വസതിയിലായിരുന്നു അന്ത്യം. 1967 ല്‍ ഷിപ്പിങ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനായിരുന്ന തോമസ് മല്ലൂരിനെയാണ് വിവാഹം ചെയ്തത്. അങ്ങനെയാണ് കേരളത്തിലെത്തുന്നത്. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫോറിന്‍ ലാംഗ്വേജില്‍ 16 വര്‍ഷം ഗസ്റ്റ് ലക്ചററായും കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ ദ്വിഭാഷിയായി മൂന്ന് വര്‍ഷവും തക്കാക്കോ ജോലി ചെയ്തിരുന്നു.
പുസ്തകം എന്ന സ്വപ്‌നം ബാക്കി
കേരളത്തിലെത്തിയ തക്കാക്കോ കൂനമ്മാവ് സെന്റ് ജോസഫ് കോണ്‍വെന്റ് സ്‌കൂളിലെ കന്യാസ്ത്രീയായിരുന്ന ഗ്ലാഡിസിന്റെ സഹായത്തിലാണ് മലയാളം പഠിച്ചത്. പിന്നീട് മലയാളം പുസ്തകങ്ങള്‍ വായിക്കാന്‍ ആരംഭിച്ചു. തോമസ് മല്ലൂരാണ് തകഴിയുടെ ചെമ്മീന്‍ വായിക്കാന്‍ നല്‍കുന്നത്. ഇംഗ്ലീഷ് കോപ്പിയായിരുന്നു അത്. പിന്നീട് ചെമ്മീന്‍ മലയാളത്തിലും തക്കാക്കോ വായിച്ചു. പിന്നീട് തകഴിയോട് അനുമതി വാങ്ങി ജാപ്പനീസിലേക്ക് വിവര്‍ത്തനം ചെയ്യുകയായിരുന്നു. എന്നാല്‍ പരിഭാഷ പുസ്തക രൂപത്തില്‍ ഇറക്കാന്‍ തക്കാക്കോ വളരെയധികം പരിശ്രമിച്ചെങ്കിലും സാധിച്ചില്ല. ചെമ്മീന്‍ മാത്രമല്ല തകഴിയുടെ 12 കഥകളും തക്കാക്കോ ജാപ്പനീസിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ജപ്പാനിലെ മാഗസിനായ ഇന്‍ഡോ തുശിനില്‍ ഈ കഥകള്‍ അച്ചടിച്ചു വന്നിട്ടുണ്ട്.