TMJ
searchnav-menu
post-thumbnail

അരുന്ധതി റോയ് | PHOTO: TWITTER

TMJ Daily

ഫാസിസത്തിനെതിരെ ശബ്ദമുയർത്തുന്ന 'ആസാദി'; അരുന്ധതി റോയ്ക്ക് യൂറോപ്യൻ എസ്സേ പ്രൈസ്

17 Jun 2023   |   2 min Read
TMJ News Desk

പ്രശസ്ത സാഹിത്യകാരിയും ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയ്ക്ക് 45-ാമത് യൂറോപ്യൻ എസ്സേ പ്രൈസ്. 2021ൽ പ്രസിദ്ധീകരിച്ച ആസാദി എന്ന ലേഖനസമാഹാരത്തിന്റെ ഫ്രഞ്ച് പതിപ്പിനാണ് പുരസ്‌കാരമെന്ന് ചാൾസ് വെയ്‌ലൺ ഫൗണ്ടേഷൻ അറിയിച്ചു. സെപ്തംബർ 12-ന് സ്വിറ്റ്‌സർലൻഡിലെ ലൊസാനെയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനത്തുകയായ 20,000 സ്വിസ് ഫ്രാങ്ക് (ഏകദേശം 18 ലക്ഷം രൂപ) അരുന്ധതി ഏറ്റുവാങ്ങും.

അരുന്ധതി റോയ് ഉപയോഗിച്ച ഭാഷ ലോകത്തിന്റെ പ്രതിഫലനമാണെന്നും ഫാസിസത്തെ വിശകലനം ചെയ്യുന്ന ലേഖനങ്ങൾ അതിന്റെ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടുന്നതായും ജൂറി വിലയിരുത്തി. അരുന്ധതി റോയിയുടെ രാഷ്ട്രീയ പ്രതിബദ്ധതയെയും ജൂറി അഭിനന്ദിച്ചു. സ്വേച്ഛാധിപത്യം ഭരണം പിടിക്കുന്ന ഈ കാലഘട്ടത്തിൽ സ്വാതന്ത്ര്യത്തിന്റെ അർത്ഥ തലങ്ങളെപ്പറ്റി ആസാദിയിലൂടെ വായനക്കാരുമായി എഴുത്തുകാരി പങ്കുവെക്കുന്നുണ്ടെന്നും ജൂറി പരാമർശിച്ചു.

നിലപാടുകൾ വ്യക്തമാക്കിയ എഴുത്തുകാരി

1989-ൽ 'ഇൻ വിച് ആന്നീ ഗിവ്‌സ് ഇറ്റ് ടു ദോസ് വൺസ്' എന്ന സിനിമയുടെ തിരക്കഥ രചിച്ചാണ് അരുന്ധതി റോയ് സാഹിത്യലോകത്തേക്കെത്തിയത്. പിന്നീട് 'ഇലക്ട്രിക് മൂൺ' എന്ന ചിത്രത്തിനും നിരവധി ടെലിവിഷൻ പരിപാടികൾക്കും തിരക്കഥ രചിച്ചു. സാമൂഹിക പ്രവർത്തനങ്ങൾ കരുത്താക്കി മാറ്റിയ വനിതയെന്ന വിശേഷണത്തിനുടമയാണ് അവർ. നർമദ പ്രക്ഷോഭം, ആണവ പരീക്ഷണം, മുത്തങ്ങ സമരം തുടങ്ങി നിരവധി ജനകീയ വിഷയങ്ങളിൽ അരുന്ധതി റോയ് തന്റെ നിലപാട് വ്യക്തമാക്കി. അതുകൊണ്ട് തന്നെ എക്കാലത്തും അവരെ വിവാദങ്ങൾ പിന്തുടർന്നിരുന്നു. പലപ്പോഴും നിയമവ്യവസ്ഥകളുമായും അധികാരികളുമായും അവർ കലഹിച്ചു. എഴുത്തുകാരാണെങ്കിൽ നിങ്ങൾ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന കാര്യങ്ങൾ എഴുതിയില്ലെങ്കിൽ എഴുതുന്നത് നിർത്തണം എന്ന അഭിപ്രായം തുറന്നുപറഞ്ഞുകൊണ്ട് അവർ സമൂഹത്തിലെ അനീതികൾക്കെതിരെ ശബ്ദിച്ചു.

1997-ൽ ബുക്കർ പ്രൈസ് നേടിയ ദി ഗോഡ് ഓഫ് സ്‌മോൾ തിംഗ്‌സ്, ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്, മൈ സെഡിഷ്യസ് ഹാർട്ട്  എന്നിവയുൾപ്പെടെയുള്ള കൃതികൾ ദേശീയ അന്തർ ദേശീയ അംഗീകാരം നേടിയിട്ടുണ്ട്. 1998ൽ ഇന്ത്യയിൽ ആണവ പരീക്ഷണം നടന്നതിനു പിന്നാലെ ആ നീക്കത്തിനെതിരെ ആദ്യ രാഷ്ട്രീയ ലേഖനമായ ദ എൻഡ് ഓഫ് ഇമാജിനേഷൻ എഴുതി. മാവോവാദികളുടെ ഒളിത്താവളങ്ങൾ സന്ദർശിച്ച ശേഷം അരുന്ധതി റോയ് എഴുതിയ പുസ്തകമാണ് വാക്കിംഗ് വിത്ത് ദ ക്രോമ്രേഡ്‌സ്. പുസ്തകത്തിൽ മാവോവാദികളെ മഹത്വവൽക്കരിക്കുന്നുവെന്ന വിമർശനം ഉയർന്നു വന്നിരുന്നു. സംഘപരിവാർ എതിർപ്പിനെത്തുടർന്ന് 2020ൽ തമിഴ്‌നാട്ടിലെ തിരുനൽവേലിയിലെ മനോ മണിയൻ സുന്ദരാനൻ സർവകാലശാലയുടെ സിലബസിൽ നിന്ന് പുസ്തകം പിൻവലിക്കുകയുണ്ടായി. ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ സിലബസിൽ പാഠ്യവിഷയമായി 2017 മുതൽ പുസ്തകം ഉൾപ്പെടുത്തിയിരുന്നു.

ചാൾസ് വെയ്‌ലോൺ ഫൗണ്ടേഷൻ

മനുഷ്യന്റെ ചിന്താഗതികളെ വികസിപ്പിക്കാനും അവ പ്രചരിപ്പിക്കാനും ഉതകുന്ന രചനകളാണ് ചാൾസ് വെയ്‌ലോൺ ഫൗണ്ടേഷൻ അവാർഡിനായി തിരഞ്ഞെടുക്കാറുള്ളത്. എഴുത്തുകാർക്ക് പിന്തുണയുമായി 1975ലാണ് ചാൾസ് വെയ്‌ലോൺ ഫൗണ്ടേഷൻ യൂറോപ്യൻ ഉപന്യാസ പുരസ്‌കാരം ഏർപ്പെടുത്തിയത്. ഫ്രെഞ്ച്, ഇറ്റാലിയൻ, ജർമൻ എന്നീ മൂന്ന് ഭാഷകളിലെ നോവലുകൾക്കാണ് പുരസ്‌കാരം നല്കിവരുന്നത്. അലക്സാണ്ടർ സിനോവീവ്, എഡ്ഗർ മോറിൻ, ഷ്വെറ്റൻ ടോഡോറോവ്, അമിൻ മലൂഫ്, സിരി ഹസ്റ്റ്വെഡ്, അലസ്സാൻഡ്രോ ബാരിക്കോ, ജീൻ സ്റ്റാറോബിൻസ്‌കി, ഈസോ കാമാർട്ടിൻ, പീറ്റർ വോൺ മാറ്റ് തുടങ്ങിയ എഴുത്തുകാർക്കാണ് യൂറോപ്യൻ ഉപന്യാസ പുരസ്‌കാരം മുൻപ് ലഭിച്ചിട്ടുള്ളത്.


#Daily
Leave a comment