TMJ
searchnav-menu
post-thumbnail

TMJ Daily

ജി 20 ഉച്ചകോടിക്ക് ഒരുങ്ങി ഡല്‍ഹി; ലോകനേതാക്കളെ കാത്ത് രാജ്യതലസ്ഥാനം

04 Sep 2023   |   2 min Read
TMJ News Desk

ജി 20 ഉച്ചകോടിക്ക് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ കനത്ത സുരക്ഷാ വലയത്തില്‍ ഡല്‍ഹി. ഒരു ലക്ഷത്തിലധികം ഉദ്യോഗസ്ഥരെയാണ് ഉച്ചകോടിയുടെ ഭാഗമായി ഡല്‍ഹിയില്‍ വിന്യസിച്ചിരിക്കുന്നത്. നാല്പതോളം വിദേശരാജ്യ തലവന്മാരെയും പ്രതിനിധി സംഘങ്ങളെയും സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഡല്‍ഹി. സെപ്തംബര്‍ ഒമ്പത്, 10 തീയതികളില്‍ ഡല്‍ഹി ഭാരത് മണ്ഡപത്തിലാണ് ജി 20 ഉച്ചകോടി നടക്കുന്നത്. 

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനു പുറമെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി അന്തോണി അല്‍ബാനിസ്, ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിഡൊഡൊ, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ബ്രസീല്‍ പ്രസിഡന്റ് ലുലാ ഡാ സില്‍വ തുടങ്ങിയവര്‍ ഉച്ചകോടിയില്‍ സംബന്ധിക്കും. 

പഴുതടച്ച സുരക്ഷയില്‍ തലസ്ഥാനം 

ലോക നേതാക്കള്‍ താമസിക്കുന്ന ഹോട്ടലുകള്‍ക്ക് ഉള്‍പ്പെടെ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സെന്‍ട്രല്‍ ഡല്‍ഹി, ഏറോസിറ്റി, ഗുരുഗ്രാം എന്നിവിടങ്ങളിലെ ഹോട്ടലുകളിലാണ് വിവിഐപികള്‍ക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. ദിവസങ്ങള്‍ക്കു മുമ്പുതന്നെ പഴുതടച്ച സുരക്ഷാവലയത്തിലാണ് ഡല്‍ഹിയും പരിസരവും. 1,30,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സുരക്ഷയുടെ ഭാഗമായി വിന്യസിച്ചിരിക്കുന്നത്. ഇതില്‍ 80,000 പേര്‍ ഡല്‍ഹി പോലീസില്‍ നിന്നുതന്നെയാണ്. നേതാക്കളുടെ സുരക്ഷയ്ക്കായി 45,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ ഹോട്ടലുകള്‍ക്ക് മുകളില്‍ ഹെലികോപ്റ്റര്‍ ഇറക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ആകാശസുരക്ഷയ്ക്കായി വ്യോമസേന മുന്‍നിര ഫൈറ്റര്‍ ജെറ്റുകള്‍, റഡാറുകള്‍, ആന്റി ഡ്രോണ്‍ സംവിധാനങ്ങളും, ഭൂതല-ആകാശ മിസൈലുകളും സ്ഥാപിച്ചിട്ടുണ്ട്. 

സെപ്തംബര്‍ എട്ടുമുതല്‍ 11 വരെ ഡല്‍ഹിയുമായി ബന്ധപ്പെട്ട ട്രെയിന്‍ സര്‍വീസുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 200 ട്രെയിനുകള്‍ ഇതിനോടകം റദ്ദാക്കി. പ്രധാനവേദിക്കും വിശിഷ്ടാതിഥികള്‍ താമസിക്കുന്ന ഹോട്ടലുകള്‍ക്കും സമീപത്തെ ട്രെയിന്‍ സര്‍വീസുകള്‍ക്കാണ് നിയന്ത്രണം. കൂടാതെ സെപ്തംബര്‍ എട്ടു മുതല്‍ 10 വരെ ഡല്‍ഹിയിലെ വിവിധ മെട്രോ സ്‌റ്റേഷനുകളും അടച്ചിടും. 

ഓണ്‍ലൈന്‍ ഭക്ഷണത്തിനും വിലക്ക്

ഉച്ചകോടിയോടനുബന്ധിച്ച ദിവസങ്ങളില്‍ ക്ലൗഡ് കിച്ചണുകളും ഫുഡ് ഡെലിവറികളും ആമസോണ്‍ ഡെലിവറികള്‍ പോലുള്ളവയും അനുവദിക്കില്ലെന്ന് സ്‌പെഷ്യല്‍ പോലീസ് കമ്മീഷണര്‍ എസ്എസ് യാദവ് അറിയിച്ചു. എന്നാല്‍ ഉച്ചകോടിയുടെ ഭാഗമായി നഗരത്തില്‍ ലോക്ഡൗണ്‍ ഉണ്ടാകില്ലെന്നും ഡല്‍ഹി പോലീസ് വ്യക്തമാക്കി. 

ഉച്ചകോടിയില്‍ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ് 

ജി 20 ഉച്ചകോടിയില്‍ നിന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗ് വിട്ടു നില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. പകരം ചൈനീസ് പ്രധാനമന്ത്രി ലീ ചിയാംഗ് പങ്കെടുക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം വീണ്ടും ശക്തമാകുന്നതിനിടെയാണ് ചൈനയുടെ നീക്കം. ഉച്ചകോടി കഴിയും വരെ അതിര്‍ത്തി വിഷയത്തില്‍ സംയമനം പാലിക്കാനാണ് ഇന്ത്യയുടെ തീരുമാനം. 2023 മാര്‍ച്ചില്‍ ചൈനയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റതിനു ശേഷമുള്ള ലീ ചിയാംഗിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ഉച്ചകോടിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.


#Daily
Leave a comment