കെ ബാബുവിന് തിരിച്ചടി; എം സ്വരാജിന്റെ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി
കെ ബാബു എംഎൽഎയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് സമർപ്പിച്ച ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി. തൃപ്പൂണിത്തുറയിലെ കെ ബാബുവിന്റെ വിജയം റദ്ദാക്കണമെന്ന ഹർജി നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. കേസ് നിലനിൽക്കില്ലെന്ന കെ ബാബുവിന്റെ ഹർജി കോടതി തള്ളി. മെയ് 24ന് കേസ് വീണ്ടും പരിഗണിക്കും. കെ ബാബുവിനെതിരെ എം സ്വരാജ് നല്കിയ ഹർജിയിൽ നടപടി തുടരാമെന്ന് ഹൈക്കോടതി പരാമർശിച്ചു.
സ്വാമി അയ്യപ്പന്റെ പേര് പറഞ്ഞ് കെ ബാബു വോട്ട് തേടിയത് തെരഞ്ഞെടുപ്പ് ക്രമക്കേടാണെന്നും ബാബുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് സ്വരാജ് ഹർജി നല്കിയത്. അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച് മണ്ഡലത്തിൽ വിതരണം ചെയ്ത തെരഞ്ഞെടുപ്പ് സ്ലിപ്പുകളിൽ കെ ബാബുവിന്റെ പേരും ചിഹ്നവും ഉൾപ്പെട്ടിരുന്നു.
ഈ ഹർജി നിലനിൽക്കില്ല എന്നതായിരുന്നു കെ ബാബുവിന്റെ തടസ വാദം. ഈ തടസ്സവാദമാണ് കോടതി തള്ളിയത്. പ്രചരണത്തിന് മത ചിഹ്നങ്ങൾ ഉപയോഗിച്ചു എന്ന വിഷയം നിലനിൽക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.