TMJ
searchnav-menu
post-thumbnail

TMJ Daily

ബാഫ്റ്റ അവാര്‍ഡ്: ഓള്‍ വി ഇമേജിന്‍ ആസ് ലൈറ്റിന് മൂന്ന് നാമനിര്‍ദ്ദേശങ്ങള്‍

04 Jan 2025   |   1 min Read
TMJ News Desk

റെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ പായല്‍ കപാഡിയയുടെ ഓള്‍ വീ ഇമേജിന്‍ ആസ് ലൈറ്റിന് 2025-ലെ ബാഫ്റ്റ പുരസ്‌കാരത്തിനുള്ള ദീര്‍ഘ പട്ടികയില്‍ മൂന്ന് നാമനിര്‍ദ്ദേശങ്ങള്‍ ലഭിച്ചു. ഇംഗ്ലീഷ്-ഇതര സിനിമകളുടെ വിഭാഗത്തില്‍ മികച്ച ഡയറക്ടര്‍, തിരക്കഥ, മികച്ച സിനിമ എന്നീ നാമനിര്‍ദ്ദേശങ്ങളാണ് ലഭിച്ചത്.

കനി കുസൃതി, ദിവ്യ പ്രഭാ, ഛായ കദം എന്നിവര്‍ അഭിനയിച്ച ഗ്രാന്‍ഡ് പ്രി പുരസ്‌കാരം ഓള്‍ വീ ഇമേജിന്‍ ആസ് ലൈറ്റ് 2024ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നേടിയിരുന്നു.

മികച്ച ഡയറക്ടര്‍ വിഭാഗത്തില്‍ ഷീന്‍ ബേക്കര്‍, ബ്രാഡി, കോര്‍ബെറ്റ്, ഡെന്നിസ് വില്ലെന്യൂവ് എന്നിവരാണ് പായല്‍ കപാഡിയയുടെ എതിരാളികള്‍. ബ്ലാക്ക് ഡോഗ്, ദി കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ, എമിലിയ പെരെസ് എന്നിവയാണ് മികച്ച സിനിമ വിഭാഗത്തിലെ മറ്റ് സിനിമകള്‍.

വന്‍നഗരമായ മുംബൈയില്‍ വസിക്കുന്ന മൂന്ന് സ്ത്രീകളുടെ ജീവിതത്തിലെ ഏകാന്തതയെയാണ് കപാഡിയയുടെ സിനിമ ചിത്രീകരിക്കുന്നത്. ഒരു ആശുപത്രിയിലെ നഴ്‌സുമാരായി ജോലി ചെയ്യുന്ന ഇവര്‍ പരസ്പരം താങ്ങാകുന്നു.

2024 ഡിസംബറില്‍ ഗോഥം അവാര്‍ഡുകളില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ സിനിമ പുരസ്‌കാരം ഓള്‍ വീ ഇമേജിന്‍ ആസ് ലൈറ്റ് നേടിയിരുന്നു. കൂടാതെ, മികച്ച ഡയറക്ടര്‍, മികച്ച വിദേശ ഭാഷ ചിത്രം എന്നീ വിഭാഗങ്ങളില്‍ രണ്ട് ഗോള്‍ഡന്‍ ഗ്ലോബ്‌സ് 2025 പുരസ്‌കാര നാമനിര്‍ദ്ദേശങ്ങളും ലഭിച്ചിരുന്നു. മുന്‍ യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമ 2024-ല്‍ കാണേണ്ട സിനിമകളായി നിര്‍ദ്ദേശിച്ച സിനിമകളുടെ പട്ടികയില്‍ ഒന്നാമത് ഓള്‍ വീ ഇമേജിന്‍ ആസ് ലൈറ്റ് ആയിരുന്നു.

ഈ സിനിമയെ ഓസ്‌കാറിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി നിര്‍ദ്ദേശിക്കാത്തത് വിവാദമായിരുന്നു. എന്നാല്‍, ഫ്രാന്‍സ് ഈ സിനിമയെ നാമനിര്‍ദ്ദേശം ചെയ്തുവെങ്കിലും ഓസ്‌കാര്‍ പട്ടികയില്‍ നിന്നും പുറത്തായി.


#Daily
Leave a comment