ബൈജു രവീന്ദ്രന്‍ | PHOTO: WIKI COMMONS
ശത കോടീശ്വര പട്ടികയില്‍ നിന്നും ബൈജു രവീന്ദ്രന്‍ പുറത്തായി
ഫോബ്‌സിന്റെ ശതകോടിശ്വര പട്ടികയില്‍ നിന്ന് ബൈജൂസ് സ്ഥാപകനായ ബൈജു രവീന്ദ്രന്‍ പുറത്തായി. കമ്പനിക്ക് നേരിടേണ്ടി വന്ന സാമ്പത്തിക ബുദ്ധിമുട്ടുകളുടെ തുടര്‍ച്ചയാണ് ഈ പുറത്താകല്‍. ഇന്ത്യയിലെ ഏറ്റവും വലിയ എഡു-ടെക് കമ്പനിയാണ് ബൈജൂസ്. 2020ല്‍ 1.8 ബില്ല്യണ്‍ ഡോളര്‍ (1 ബില്യണ്‍ = 100 കോടി) വ്യക്തിഗത ആസ്തിയുമായി ബൈജു രവീന്ദ്രന്‍ പട്ടികയില്‍ ഇടം നേടിയിരുന്നു. അക്കാലത്ത് ബൈജൂസിന്റെ മൊത്തം വിപണി മൂല്യം 10 ബില്ല്യണ്‍ ഡോളറായിരുന്നു.
ഫോബ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം രവീന്ദ്രന്റെ സ്വകാര്യ ആസ്തി 475 മില്ല്യണ്‍ ഡോളര്‍ (3910 കോടി രൂപ) ആണ്. കമ്പനിയില്‍ രവീന്ദ്രന്റെ ഓഹരി ഇപ്പോള്‍ 1 ബില്ല്യണ്‍ ഡോളറില്‍ താഴെയാണ്. ബൈജൂസില്‍ നിക്ഷേപിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം അദ്ദേഹം എടുത്ത വായ്പകളുടെ കണക്കെടുത്തതിന് ശേഷമാണ് വ്യക്തിഗത ആസ്തി ഇടിഞ്ഞതായി കണക്കാക്കിയിട്ടുള്ളത്. 2022 ലെ അവസാന ഫണ്ടിംഗ് റൗണ്ടില്‍ 22 ബില്ല്യണ്‍ ഡോളറായിരുന്നു ബൈജൂസിന്റെ മൂല്യം. നെതര്‍ലാന്‍ഡ്സ് ആസ്ഥാനമായുള്ള പ്രോസസ് അടുത്തിടെ ബൈജുവിന്റെ 9.6% ഓഹരികകളുടെ മൂല്യം 493 മില്യണ്‍ (മാര്‍ച്ച് 31 വരെ) ഡോളറായി കണക്കാക്കിയതായി വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ സ്ഥാപനത്തിന് കണക്കാക്കുന്ന മൂല്യം 5.1 ബില്ല്യണ്‍ ഡോളറാണ്.
ബൈജൂസ് എഡു-ടെക്
ബൈജൂസ് എന്ന സ്ഥാപനം മുഖേന ലോകശ്രദ്ധ പിടിച്ചു പറ്റിയ മലയാളിയാണ് ബൈജു രവീന്ദ്രന്‍. വളരെ കുറഞ്ഞ സമയം കൊണ്ട് പ്രശസ്തിയാര്‍ജിച്ച എഡു-ടെക് കമ്പനിയായി ബൈജൂസ് മാറി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി സ്‌പോണ്‍സര്‍, ബ്രാന്‍ഡ് അംബാസിഡറായി ഷാരൂഖ് ഖാന്‍, എന്ന നിലയിലൊക്കെ കമ്പനി പ്രശസ്തിയാര്‍ജിച്ചിരുന്നു. തുടക്കത്തില്‍ ലഭിച്ചിരുന്ന ജനപിന്തുണ പതുക്കെ നഷ്ടപ്പെടുകയായിരുന്നു. വിപണിയിലെ മത്സരവും, പ്രമോഷനുകള്‍ക്ക് വേണ്ടി അമിതമായി പണം ചെലവാക്കിയതുമൊക്കെ ബൈജൂസിന് തിരിച്ചടിയായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. സാമ്പത്തിക പ്രതിസന്ധി മൂലം ബൈജൂസില്‍ നിന്ന് നിരവധി തൊഴിലാളികളെ പിരിച്ച് വിട്ടത് വിവാദമായിരുന്നു.
കമ്പനിയില്‍ നിന്നുള്ള വിവരങ്ങള്‍ കൃത്യമായി ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ആഗോള ഓഡിറ്റ് സ്ഥാപനമായ ഡെലോയിറ്റ് കഴിഞ്ഞ മാസം ഓഡിറ്റര്‍ പദവി രാജിവച്ചിരുന്നു. കൂടാതെ 3 ബോര്‍ഡ് മെമ്പറുമാരും രാജി വച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് കമ്പനി ഫണ്ടിനായി ശ്രമിക്കുന്നുണ്ടെങ്കിലും വിചാരിച്ച രീതിയിലുള്ള ഫണ്ടിങ് ബൈജൂസിന് ലഭ്യമായി തുടങ്ങിയിട്ടില്ല. ഇതിന് പുറമെയാണ് 1.2 ബില്യണ്‍ ഡോളറിന്റെ വായ്പ തിരിച്ചടയ്ക്കാനുള്ള ബാധ്യതയും.