TMJ
searchnav-menu
post-thumbnail

TMJ Daily

മുകേഷിന് ജാമ്യം; പരാതിക്കാരിയെപ്പറ്റിയുള്ള കോടതി പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി വനിതാ കൂട്ടായ്മ

19 Sep 2024   |   2 min Read
TMJ News Desk

ലൈംഗികാതിക്രമ കേസില്‍ കുറ്റാരോപിതനായ മുകേഷിന് കോടതി ജാമ്യം അനുവദിച്ചു. ജാമ്യം നല്‍കേണ്ടത് നിയമം ആണെങ്കിലും പരാതിക്കാരിയെ മോശമാക്കുന്ന തരത്തിലുള്ള കോടതി പരാമര്‍ശങ്ങളിലാണ് വനിതാ കൂട്ടായ്മ പ്രതിഷേധിച്ചത്. മുകേഷിനെതിരെ പരാതി നല്‍കിയത് നിയമ ബിരുദധാരിയായതിനാല്‍ നിയമം അറിയാം, പരാതി കൊടുക്കാനറിയാം, പരാതി വൈകരുതെന്നറിയാം എന്നാണ് കോടതി പരാമര്‍ശിച്ചതെന്നും ഇത്തരം പരാമര്‍ശങ്ങള്‍ പരാതി നല്‍കുന്നവരുടെ ആത്മവിശ്വാസം കെടുത്തുമെന്നും ആല്‍ത്തിയ സ്ത്രീ കൂട്ടായ്മ പറഞ്ഞു. എറണാകുളം വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് മുകേഷിന് ജാമ്യം അനുവദിച്ചത്.

ഭരണകക്ഷിയായ സിപിഎം എംഎല്‍എയും സിനിമാക്കാരനുമായ മുകേഷിനെതിരെ നേരത്തെ ഒരു നടി ലൈംഗിക അതിക്രമം നടത്തി എന്ന് പരാതി നല്‍കിയിരുന്നു. അതിനുശേഷമാണ് മറ്റൊരു പരാതി കൂടി വരുകയും മുകേഷിനു ജാമ്യം ലഭിക്കുകയും ചെയ്തത്. പരാതിക്കാരിയെ മോശമാക്കുന്ന രീതിയിലുള്ള കോടതി സമീപനം അങ്ങേയറ്റം ആശങ്കയുളവാക്കുന്നതാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്ന സാഹചര്യത്തില്‍ പല പ്രമുഖര്‍ക്ക് നേരെ പീഡനപരാതികള്‍ ഉയര്‍ന്നു വരുന്നുണ്ട്. എന്നാല്‍ കോടതിയുടെ സമീപനം പലര്‍ക്കും നിരാശയുണ്ടാകുന്നതാണെന്ന് കൂട്ടായ്മ അഭിപ്രായപ്പെട്ടു. 

പരാതിക്കാരി നല്‍കിയ ആദ്യ പരാതിയില്‍ ബലപ്രയോഗം നടന്നതായുള്ള സൂചന നല്‍കിയിരുന്നില്ല. സംഭവത്തിന് ശേഷം നടന് വാട്‌സാപ്പ് സന്ദേശവും പരാതിക്കാരി അയച്ചിട്ടുണ്ടായിരുന്നു. അതിനാലിത് ലൈംഗികാതിക്രമം എന്ന് പറയാനാകില്ല എന്നാണ് കോടതി വിലയിരുത്തിയിരിക്കുന്നത്. പരാതിക്കാരി സ്വമേധയാ കുറ്റാരോപിതനോടൊപ്പം പോയി എന്നത് ലൈംഗിക അതിക്രമത്തിനുള്ള സമ്മതമായാണ് കോടതി വീക്ഷിക്കുന്നത്. ഇത് വളരെ വിചിത്രമായ കാര്യമാണ്. ഇത് പരാതിയുടെ വിശ്വസനീയത കൂടി ചോദ്യം ചെയ്യുകയാണെന്ന് കോടതി പറഞ്ഞു. ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഇത്തരത്തില്‍ പരാതിക്കാരിയുടെ കാര്യങ്ങള്‍ പരിശോധന നടത്തേണ്ട യാതൊരു ആവശ്യവുമില്ല എന്നിരിക്കെ കോടതി എന്തിനു ഇത്തരം വിലയിരുത്തലുകള്‍ നടത്തുന്നു എന്നത് പരാതിക്കാരിയെ അവഹേളിക്കുന്നതിനു തുല്യമാണെന്ന് സ്ത്രീ കൂട്ടായ്മ പറഞ്ഞു.

ഹേമ കമ്മറ്റി റിപ്പോര്‍ട്ട് വന്നതിനു ശേഷം പരാതിപ്പെടാന്‍ ധൈര്യം നല്‍കുന്നവരുടെ അന്തരീക്ഷം ഇല്ലാതാക്കാനുള്ള ശ്രമമാണോ ഇതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. കോഴിക്കോട് കേസില്‍ പരാതിക്കാരിയുടെ വസ്ത്രധാരണം സംബന്ധിച്ച പരാമര്‍ശത്തില്‍ വലിയ പ്രതിഷേധമുണ്ടാവുകയും ജഡ്ജിയെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. എന്നിട്ടും ഇത്തരത്തിലുള്ള കോടതി സമീപനങ്ങള്‍ വീണ്ടും വര്‍ദ്ധിക്കുകയാണ്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്ന പശ്ചാത്തലത്തില്‍ പരാതിപ്പെടുന്ന സ്ത്രീകളെ അവിശ്വസിക്കുകയും അപമാനിക്കുകയും ചെയ്യുന്നത്  ഉപദ്രവിക്കപ്പെട്ട സ്ത്രീകളുടെ പരാതിപ്പെടാനുള്ള ആത്മവിശ്വാസം കെടുത്തുന്നതാണെന്നും ആല്‍ത്തിയ സ്ത്രീ കൂട്ടായ്മ പറഞ്ഞു. ചില തിരഞ്ഞെടുത്ത കേസുകളില്‍ മാത്രം രോഷം കൊള്ളുകയും ബാക്കിയുള്ള കേസുകള്‍ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നത് ഒട്ടും ശരിയല്ല. അതുകൊണ്ട് തന്നെ മുഴുവന്‍ സ്ത്രീ അവകാശ പ്രവര്‍ത്തകരും ഈ വിഷയത്തില്‍ പ്രതിഷേധമറിയിക്കണം എന്നും കൂട്ടായ്മ അഭ്യര്‍ത്ഥിച്ചു.


#Daily
Leave a comment