ബെയ്‌ലി പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി
ചൂരല്‍മലയില്‍ സൈന്യം നിര്‍മ്മിക്കുന്ന ബെയ്‌ലി പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. മദ്രാസ് റെജിമെന്റിന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പാലത്തിന്റെ കാര്യക്ഷമത പരിശോധിക്കാനായി സൈന്യത്തിന്റെ വാഹനമാണ് ആദ്യം കടന്നുപോയത്. പാലം നാട്ടുകാര്‍ക്ക് വേണ്ടി തുറന്നുകൊടുത്തിരിക്കുകയാണ്. ഇന്നലെ ആരംഭിച്ച പാലം
നിര്‍മ്മാണം കനത്ത മഴയിലും നിര്‍ത്താതെ തുടരുകയായിരുന്നു. ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയില്‍ പാലം വന്നതോടുകൂടി രക്ഷാപ്രവര്‍ത്തനം സുഗമമാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതിരോധ സുരക്ഷാസേനയിലെ ക്യാപ്റ്റന്‍ പുരന്‍ സിങ് നഥാവതാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചത്. 24 ടണ്‍ ശേഷിയുള്ള 190 അടി നീളമുള്ള പാലമാണ് നിര്‍മ്മിച്ചിരിക്കുന്നത്. 17 ട്രക്കുകളിലായാണ് നിര്‍മ്മാണ സാമഗ്രികള്‍ വയനാട്ടിലേക്ക് എത്തിയത്. ചൂരല്‍മലയേയും മുണ്ടക്കൈയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന താല്‍ക്കാലിക പാലം സൈനികരും അഗ്‌നിശമന സേനയും ചേര്‍ന്ന് നിര്‍മ്മിച്ചിരുന്നു.
താല്‍ക്കാലിക പാലത്തിലൂടെ 1000 പേരെ അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചിരുന്നു. ഉരുള്‍പൊട്ടല്‍ നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം സൈന്യവും എന്‍ഡിആര്‍എഫും അടങ്ങുന്ന ദൗത്യസംഘം പുഴകടന്ന് മുണ്ടക്കൈയിലേക്ക് എത്തിയിരുന്നു. നൂറോളം പേരെ മുണ്ടക്കൈയില്‍ കണ്ടെത്തി. ഇവരെ വടംകെട്ടി പുഴയ്ക്ക് മുകളിലൂടെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തുകയും ചെയ്തിരുന്നു.