വിനേഷ് ഫോഗട്ടിന്റെ വിരമിക്കലില്‍ പ്രതികരിച്ച് ബജ്രംഗ് പൂനിയ
വിനേഷ് ഫോഗട്ടിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ പ്രതികരിച്ച് ഗുസ്തി താരം ബജ്രംഗ് പൂനിയ. നീ പരാജയപ്പെട്ടതല്ല നിന്നെ തോല്‍പ്പിച്ചതാണ് എന്ന് എക്സില്‍ കുറിച്ച ബജ്രംഗ് പൂനിയ വിനേഷ് എന്നും വിജയി ആയിരിക്കുമെന്നും ഇന്ത്യയുടെ അഭിമാനം കൂടിയാണെന്നും പ്രതികരിച്ചു.
വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്
ഒളിമ്പിക്‌സിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ വിനേഷ് ഫോഗട്ട് ഗുസ്തിയില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. 'ഗുഡ് ബൈ റസ്ലിങ്' എന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടുക്കൊണ്ടാണ് വിനേഷ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 'എനിക്കെതിരായ മത്സരത്തില്‍ ഗുസ്തി ജയിച്ചു, ഞാന്‍ പരാജയപ്പെട്ടു. നിങ്ങളുടെ സ്വപ്നങ്ങളും എന്റെ ധൈര്യവും നശിച്ചു. ഇനിയെനിക്ക് ശക്തിയില്ല. എല്ലാവരോടും ഞാന്‍ എന്നും കടപ്പെട്ടിരിക്കും. ക്ഷമിക്കൂ; ' എന്നായിരുന്നു വിനേഷ് എക്സില്‍ കുറിച്ചത്.
ഒളിമ്പിക്സ് ഗുസ്തി ഫൈനലിലെ വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയില്‍ അന്വേഷണം ആവശ്യപ്പെടാന്‍ ഇന്ത്യ സഖ്യം. വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയില്‍ കായിക മേധാവികളുടെ പിടിപ്പുകേടിനെ കുറിച്ചും ഗൂഢാലോചനയുണ്ടായിട്ടുണ്ടോ എന്നതും സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐ എംപി പി സന്തോഷ് കുമാര്‍ ചട്ടം 267 പ്രകാരം രാജ്യസഭയില്‍ നോട്ടീസ് നല്‍കി. വിനേഷ് ഫോഗട്ടിനെ ഒളിമ്പിക്സില്‍ അയോഗ്യയാക്കിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ നീക്കം. പാര്‍ലമെന്റിന്റെ ഇരുസഭകളിലും വിഷയം ഉന്നയിച്ച് പ്രതിഷേധിക്കും.
50 കിലോ ഗ്രാം വനിതാ ഫ്രീസ്റ്റൈല്‍ ഗുസ്തി ഫൈനലില്‍ സ്വര്‍ണ മെഡലിനായി ഫൈനലില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് വിനേഷ് ഫോഗട്ട് അയോഗ്യയായത്. അനുവദനീയമായതിനേക്കാള്‍ 100 ഗ്രാം ഭാരം അധികമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിനേഷിനെ അയോഗ്യയാക്കിയത്. അയോഗ്യയാക്കപ്പെട്ട നടപടിക്കെതിരെ വിനേഷ് ഫോഗട്ട്
കായിക തര്‍ക്ക പരിഹാര കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. വെള്ളി മെഡല്‍ പങ്കിടണമെന്ന ആവശ്യമാണ് ഫോഗട്ട് അപ്പീലില്‍ ഉന്നയിച്ചത്.
വിനേഷിന്റെ അയോഗ്യതയ്ക്ക് പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്ത് വന്നത്. തന്റെ ഹൃദയം അസ്വസ്ഥമാണെന്നും ഈ ഒളിമ്പിക്‌സ് ഒരു ഇന്ത്യന്‍ അത്ലറ്റിനെ സംബന്ധിച്ച് ഏറ്റവും വിനാശകരമായ സംഭവമാണെന്ന് ഗുസ്തി താരം സാക്ഷി മാലിക് പ്രതികരിച്ചു. വിനേഷ് ഫോഗട്ട് ചരിത്രം സൃഷ്ടിച്ചുവെന്നായിരുന്നു ബ്രജ്‌റംഗ് പൂനിയയുടെ പ്രതികരണം. ഫോഗട്ടിനെ അയോഗ്യയാക്കിയതിന് പിന്നാലെ പാരീസ് ഒളിമ്പിക്സ് സംഘാടകര്‍ക്കെതിരെ പ്രതിഷേധം അറിയിക്കാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു.