PHOTO: PTI
ബാലസോര്‍ ട്രെയിന്‍ അപകടം: സര്‍ക്കാര്‍ നടപടിയിലെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍
ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് ഒഡീഷ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. മരിച്ചവരുടെ അന്തസ്സ് നിലനിര്‍ത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയും പരാജയപ്പെട്ടു എന്ന് ആരോപിച്ച് ലഭിച്ച പരാതിയെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍.
സുപ്രീംകോടതി അഭിഭാഷകനായ രാധാകാന്ത ത്രിപാടിയാണ് പരാതി നല്‍കിയത്. ഒഡീഷ ചീഫ് സെക്രട്ടറിയോടും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനോടും നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം. അപകടം നടന്ന് ഒരുമാസത്തിലേറെ ആയിട്ടും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്നും അപകടത്തില്‍പ്പെട്ടവരുടെ കൈയ്യിലുണ്ടായിരുന്ന വസ്തുക്കള്‍ സംരക്ഷിക്കപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് ഇതുവരെ ബന്ധപ്പെട്ടവരില്‍ നിന്നും ഉത്തരം ലഭിച്ചിട്ടില്ലെന്നും രാധാകാന്ത ത്രിപാടി പറഞ്ഞു. മോര്‍ച്ചറികള്‍ ഇല്ലാത്ത സാഹചര്യം വരുകയും മൃതദേഹങ്ങളോട് മര്യാദയില്ലാതെ പെരുമാറി എന്നും, ബാലസോര്‍ അപകടം ഇന്ത്യാ ഗവണ്‍മെന്റിന്റേയും ഒഡീഷ സംസ്ഥാന സര്‍ക്കാരിന്റെയും പരാജയമാണെന്നും ഇത്തരം അപകടങ്ങള്‍ തടയാന്‍ സ്വീകരിക്കേണ്ട നടപടികള്‍ ശുപാര്‍ശ ചെയ്യണമെന്നും മനുഷ്യാവകാശ കമ്മീഷനോട് അദ്ദേഹം ആവശ്യപ്പെട്ടു.
ഏഴ് റെയില്‍വേ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
ബാലസോര്‍ ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് സിബിഐ അറസ്റ്റ് ചെയ്ത മൂന്ന്‌പേര്‍ ഉള്‍പ്പെടെ ഏഴ് റെയില്‍വേ ജീവനക്കാരെ ഇന്ത്യന്‍ റെയില്‍വെ സസ്‌പെന്റ് ചെയ്തു. ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയതിനാണ് സസ്‌പെന്‍ഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. സെക്ഷന്‍ എഞ്ചിനീയര്‍ അരുണ്‍ കുമാര്‍, ജൂനിയര്‍ എഞ്ചിനീയര്‍ മുഹമ്മദ് അമീര്‍ ഖാന്‍, ടെക്‌നീഷ്യന്‍ പപ്പു കുമാര്‍ എന്നിവരെയായിരുന്നു സിബിഐ അറസ്റ്റു ചെയ്തത്. ഐപിസി സെക്ഷന്‍ 304 പ്രകാരമാണ് അറസ്റ്റ്. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ജൂണ്‍ രണ്ടിന് മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചാണ് രാജ്യത്തെ നടുക്കിയ അപകടം സംഭവിച്ചത്. അപകടത്തില്‍ 293 പേര്‍ മരിക്കുകയും 1200 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ സ്റ്റേഷനു സമീപം പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്ക് മറിഞ്ഞ ബെംഗളൂരു-ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിലേക്ക് കൊല്‍ക്കത്തയിലെ ഷാലിമാറില്‍നിന്നു ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്ന കൊറമാണ്ഡല്‍ എക്സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു. മറിഞ്ഞുകിടന്ന കൊറമാണ്ഡല്‍ എക്സ്പ്രസിന്റെ കോച്ചുകളിലേക്ക് മറ്റൊരു ട്രാക്കിലൂടെ വന്ന ഗുഡ്സ് ട്രെയിനും ഇടിച്ചുകയറിയത് ദുരന്തത്തിന്റെ ആഘാതമിരട്ടിപ്പിച്ചു.
സുരക്ഷയില്‍ വലിയ വീഴ്ച
സിഗ്നല്‍ വിഭാഗത്തിലെ ജീവനക്കാരുടെ പിഴവാണ് അപകടത്തിന് റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. മാത്രമല്ല രണ്ട് സമാന്തര ട്രാക്കിനെ ബന്ധിപ്പിക്കുന്ന സ്വിച്ചുകളുടെ പിഴവും അപകടത്തിന് ഇടയാക്കിയതായി റെയില്‍വേ ബോര്‍ഡിന് സിആര്‍എസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. പ്രശ്‌നപരിഹാരം നടത്തിയിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രെയിന്‍ കടന്നുപോകുന്നതിനുമുമ്പ് സിഗ്‌നലിങ്ങ് സംവിധാനം പരിശോധിക്കുന്നതിനുള്ള സുരക്ഷാചട്ടം പാലിച്ചില്ലെന്നും, റീകണക്ഷന്‍ മെമ്മോ നല്‍കിയ ശേഷവും ജീവനക്കാര്‍ ജോലിയില്‍ തുടര്‍ന്നെന്നുമാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ അപകടത്തിന്റെ ഉത്തരവാദിത്തം സ്റ്റേഷനിലെ ഓപ്പറേഷന്‍സ് സ്റ്റാഫിനും സിഗ്‌നലിങ്ങ് ജീവനക്കാരനുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റെയില്‍വേ സംവിധാനത്തില്‍ സിഗ്‌നലിങ്ങ് ജീവനക്കാരനും സ്റ്റേഷന്‍ മാസ്റ്ററിനും ഉത്തരവാദിത്തമുള്ള ഇലക്ട്രോണിക് ഇന്റര്‍ലോക്കിംഗ് സിഗ്‌നലിങ്ങ് സിസ്റ്റത്തിന്റെ പ്രധാന കേന്ദ്രമായ റിലേ റൂമിലേക്ക് പ്രവേശിക്കുന്നതിനുള്ള ചട്ടങ്ങള്‍ പാലിച്ചില്ലെന്നും പറയപ്പെടുന്നു.