
ബാലൺ ഡി’ഓർ 2024: വിജയികളെ നാളെ പുലർച്ചെ പ്രഖ്യാപിക്കും
ഒക്ടോബർ 29 ചൊവ്വാഴ്ച, ഇന്ത്യൻ സമയം പുലർച്ചെ 1: 30ന് (പാരീസ് സമയം തിങ്കൾ രാത്രി 8 45) ആരംഭിക്കുന്ന ചടങ്ങിൽ 2024ലെ ബാലൺ ഡി’ഓർ വിജയികളെ പ്രഖ്യാപിക്കും. ഫുട്ബോളിലെ ഏറ്റവും മികച്ച അവാർഡായാണ് ബാലൺ ഡി’ഓർനെ കണക്കാക്കുന്നത്. വിവിധ അവാർഡുകൾ പ്രഖ്യാപിക്കുന്ന ചടങ്ങിൽ മികച്ച ഫുട്ബോൾ കളിക്കാരൻ, കളിക്കാരി, മികച്ച ഗോളി, മികച്ച ടീം എന്നിങ്ങനെ തുടങ്ങി പല വിഭാഗങ്ങളിലെ വിജയികളെയാണ് പ്രഖ്യാപിക്കുക. കഴിഞ്ഞ 20 വർഷത്തിൽ ലയണൽ മെസ്സിക്കോ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കോ നാമനിർദ്ദേശം ലഭിക്കാത്ത ആദ്യത്തെ ബാലൺ ഡി’ഓർ പ്രഖ്യാപന ചടങ്ങാണിത്.
ബാലൺ ഡി’ഓർ വിജയിയുടെ സാധ്യതാപട്ടികയിൽ 30 കളിക്കാരുടെ പേരുകളാണുള്ളത്. ബാലൺ ഡി’ഓർ ലഭിക്കാൻ ഏറ്റവും കൂടുതൽ സാധ്യത സ്പാനിഷ് ക്ലബായ റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ വിംഗറായ വിനീഷ്യസ് ജൂനിയറിനാണ്. കൂടാതെ ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയുടെ പ്രതിരോധ മധ്യനിരക്കാരനായ സ്പെയിൻ കളിക്കാരൻ റോഡ്രിക്കും സാധ്യതയുണ്ട്. കൂടാതെ പട്ടികയിൽ ജൂഡ് ബെല്ലിങ്ങാം, ഫിൽ ഫോഡൻ, എർലിങ് ഹാളണ്ട് തുടങ്ങിയവരുടെ പേരും ഉണ്ട്. ബാലൺ ഡി’ഓർ ഫെമിനിൻ(സ്ത്രീ വിഭാഗം) ലഭിക്കാനുള്ള സാധ്യത പട്ടികയിൽ ഐതാന ബോണ്മാറ്റി, സൽമ പരല്ലുവെല്ലോ, അലക്സിയ പുത്തേയാസ്, ലോറൻ ഹെമ്പ് തുടങ്ങിയ താരങ്ങളുമുണ്ട്.
യുവതാരത്തിനുള്ള കോപ ട്രോഫി വിജയസാധ്യതാപട്ടികയിൽ ലമീൻ യമാൽ, പാവു കുബാർസി, അലെഹാന്ദ്രോ ഗർണാച്ചോ, ആർഡ ഗുല്ലർ തുടങ്ങിയവരുണ്ട്. മികച്ച ഗോളിക്കുള്ള യാഷിൻ ട്രോഫി വിജയസാധ്യതാപട്ടികയിൽ ഡിയോഗോ കോസ്റ്റ, എമി മാർട്ടിനെസ്, ആൻഡ്രി ലുണിന് തുടങ്ങിയവരാണുള്ളത്. മികച്ച കോച്ചിനുള്ള അവാർഡ് സാധ്യതപട്ടികയിൽ പെപ് ഗ്വാർഡിയോള, കാർലോ ആൻസലോട്ടി, ക്സാബി അലോൺസോ, ലയണൽ സ്കലോണി തുടങ്ങിയവരുടെ പേരുകളുണ്ട്. മികച്ച വനിതാ കോച്ചിനുള്ള അവാർഡ് സാധ്യതപട്ടികയിൽ ആർതർ ഏലിയാസ്, സോണിയ ബോംപാസ്റ്റർ, എമ്മ ഹെയ്സ് തുടങ്ങിയവരാണുള്ളത്. മികച്ച പുരുഷ, വനിതാ ക്ലബിനുള്ള പുരസ്കാരവും, കൂടാതെ ഗെർഡ് മുള്ളർ ട്രോഫി, സോക്രട്ടീസ് അവാർഡ് എന്നിവയും ചടങ്ങിൽ പ്രഖ്യാപിക്കും.
പാരീസിലെ ഫ്രാൻസ് ഫുട്ബോൾ എന്ന മാധ്യമസ്ഥാപനമാണ് 1956 മുതൽ ബാലൺ ഡി’ഓർ പ്രഖ്യാപിക്കുന്നത്. ബാലൺ ഡി’ഓറിന്റെ 68ആമത്തെ എഡിഷനാണ് ഫ്രാൻസിന്റെ തലസ്ഥാനമായ പാരിസിൽ ഇന്ന് നടക്കുന്നത്.