PHOTO: WKI COMMONS
വെടിക്കെട്ട് നിരോധന ഉത്തരവ് ഭാഗികമായി റദ്ദാക്കി; നിരോധനം രാത്രി 10 മുതല്‍ രാവിലെ 6 വരെ
ആരാധനാലയങ്ങളിലെ വെടിക്കെട്ട് നിരോധനം സംബന്ധിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ഭാഗികമായി റദ്ദാക്കി. നിരോധനം രാത്രി 10 മുതല്‍ രാവിലെ ആറുവരെ ആയിരിക്കുമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഓരോ ക്ഷേത്രങ്ങളുടെയും ആചാരാനുഷ്ഠാനങ്ങള്‍ കണക്കിലെടുത്ത് സര്‍ക്കാരിന് ഇളവു നല്‍കാമെന്നും കോടതി പറഞ്ഞു.
ക്ഷേത്രങ്ങള്‍ റെയ്ഡ് ചെയ്ത് വെടിക്കോപ്പുകള്‍ പിടിച്ചെടുക്കാനുള്ള നിര്‍ദേശവും കോടതി പൂര്‍ണമായും റദ്ദാക്കി. കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ തൃശൂര്‍ പൂരത്തെ സിംഗിള്‍ ബെഞ്ച് ഉത്തരവ് ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.
വ്യക്തതയില്ലാതിരുന്ന ഉത്തരവ്
പരിഗണനാ വിഷയത്തിന് അപ്പുറമുള്ള കാര്യങ്ങളാണ് സിംഗിള്‍ ബെഞ്ച് പരിശോധിച്ചതെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. വെടിക്കെട്ട് പാടില്ലെന്നു പറയുമ്പോള്‍ ഏതു സമയത്താണെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ പറയുന്നു. ആരാധനാലയങ്ങളില്‍ അനധികൃതമായി വെടിക്കോപ്പുകള്‍ സൂക്ഷിക്കുന്നുണ്ടെന്ന് ആരും പരാതി ഉന്നയിച്ചിട്ടില്ല. എന്നിട്ടും അന്വേഷണം നടത്താന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടെന്നും അപ്പീലില്‍ പറയുന്നു.
സിംഗിള്‍ ബെഞ്ചിനു മുന്നില്‍ എല്ലാ കക്ഷികളും എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം. സത്യവാങ്മൂലം നല്‍കാന്‍ നാലാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. സിംഗിള്‍ ബെഞ്ച് നിയമാനുസൃതം കേസുകള്‍ തീര്‍പ്പാക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി, ജസ്റ്റിസ് വി.ജി അരുണ്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്.
അതേസമയം, വെടിക്കെട്ടിന് മാര്‍ഗനിര്‍ദേശമുണ്ടോയെന്ന് വാദത്തിനിടെ ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോട് ചോദിച്ചു. വെടിക്കെട്ട് നിരോധന ഉത്തരവിനെ സര്‍ക്കാര്‍ എതിര്‍ക്കുന്നത് എന്തിനെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറലിനോട് കോടതി ചോദിച്ചു. 2005 മുതല്‍ സുപ്രീംകോടതി ഇളവ് നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
തൃപ്പൂണിത്തുറ മരട് ക്ഷേത്രത്തിലെ വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പരിസരവാസികള്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി കേരളത്തിലെ ക്ഷേത്രങ്ങളില്‍ അസമയത്തെ വെടിക്കെട്ട് നിരോധിച്ച് വെള്ളിയാഴ്ച ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ദൈവത്തെ പ്രീതിപ്പെടുത്താന്‍ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. വെടിക്കെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുമെന്നും കോടതി പറഞ്ഞിരുന്നു.