
ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയെ ബംഗ്ലാദേശ് നിരോധിച്ചു
മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാഷ്ട്രീയപാര്‍ട്ടിയായ അവാമി ലീഗിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഭീകരവിരുദ്ധ നിയമപ്രകാരം നിരോധിക്കാന്‍ ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂടം തീരുമാനിച്ചു. ഓണ്‍ലൈന്‍ സാന്നിദ്ധ്യം അടക്കം നിരോധിക്കും. അവാമി ലീഗും നേതാക്കളും ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന യുദ്ധകുറ്റകൃത്യങ്ങളുടെ വിചാരണ അവസാനിക്കുന്നത് വരെയാണ് നിരോധനം.
മുഹമ്മദ് യൂനിസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിന്റെ ഉപദേശക സമിതിയുടെ ഇന്നലെ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ വച്ചാണ് തീരുമാനം. രാഷ്ട്രീയപാര്‍ട്ടികളേയും അവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംഘടനകളേയും അവയെ പിന്തുണയ്ക്കുന്നവരേയും ശിക്ഷിക്കാനുള്ള അധികാരം നല്‍കി കൊണ്ടുള്ള അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ നിയമത്തിന്റെ ഭേദഗതിയും യോഗം അംഗീകരിച്ചു.
ദേശീയ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുക, ജൂലൈ പ്രസ്ഥാനത്തിലെ നേതാക്കളുടേയും പ്രവര്‍ത്തനങ്ങളുടേയും സംരക്ഷണം ഉറപ്പാക്കുക, അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലുമായി ബന്ധപ്പെട്ട പരാതിക്കാര്‍ക്കും സാക്ഷികള്‍ക്കും സുരക്ഷ നല്‍കുക എന്നീ ലക്ഷ്യങ്ങള്‍ക്കായിട്ടാണ് നിരോധനമെന്ന് പ്രമേയം പറയുന്നു. നിരോധനത്തിന്റെ ഔദ്ധ്യോഗിക അറിയിപ്പ് ഉടന്‍ പുറത്തിറങ്ങും.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ബംഗ്ലാദേശില്‍ നടന്ന പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് ഹസീനയ്ക്ക് പ്രധാനമന്ത്രി സ്ഥാനം ഉപേക്ഷിച്ച് രാജ്യം വിടേണ്ടിവന്നു. നിലവില്‍ ഇന്ത്യയിലാണ് ഹസീന വസിക്കുന്നത്. അവരുടേയും പാര്‍ട്ടി നേതാക്കളുടേയും പേരില്‍ തുടര്‍ന്ന് വന്ന ഭരണകൂടം അനവധി കേസുകളാണ് എടുത്തത്. ഹസീനയ്‌ക്കെതിരായ പ്രക്ഷോഭകാലത്ത് 1,400 ഓളം പേര്‍ കൊല്ലപ്പെട്ടുവെന്ന് യുഎന്നിന്റെ മനുഷ്യാവകാശങ്ങള്‍ക്കായുള്ള ഓഫീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


