ബംഗ്ലാദേശ് സംഘര്‍ഷം; യുഎന്‍ അന്വേഷണം ആവശ്യപ്പെട്ട് യുകെ വിദേശകാര്യ സെക്രട്ടറി
ബംഗ്ലാദേശില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ട് യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി. ബംഗ്ലാദേശില്‍ ശാന്തത പുനഃസ്ഥാപിക്കാനും അക്രമങ്ങള്‍ അവസാനിപ്പിച്ച് ജീവഹാനി തടയാനും എല്ലാ കക്ഷികളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ഡേവിഡ് ലാമി പ്രതികരിച്ചു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ 300 പേര്‍ മരിക്കുകയും തുടര്‍ന്ന് ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദം രാജിവയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണ് യുകെയുടെ പ്രതികരണം.
രാജി വച്ച് ഷെയ്ഖ് ഹസീന
ബംഗ്ലാദേശ് പ്രധാനമന്ത്രി പദത്തില്‍ നിന്നും ഷെയ്ഖ് ഹസീന തിങ്കളാഴ്ചയാണ് രാജിവയ്ക്കുന്നത്. രാജ്യത്ത് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് രാജി. ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് ആയിരകണക്കിന് പ്രതിഷേധക്കാര്‍ ധാക്കയിലെ സെന്‍ട്രല്‍ സ്‌ക്വയറിലേക്കെത്തിയിരുന്നു. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് കരസേന മേധാവി ജനറല്‍ വക്കര്‍ ഉസ് സമാന്‍, പ്രധാനമന്ത്രി രാജിവച്ചതായും ഇടക്കാല സര്‍ക്കാര്‍ രാജ്യം ഭരിക്കുമെന്നും പ്രതികരിക്കുകയായിരുന്നു.
പ്രക്ഷോഭം ശക്തം
വിമോചനയുദ്ധത്തില്‍ പങ്കെടുത്ത സൈനികരുടെ പിന്‍തലമുറക്കാര്‍ക്കുള്ള 30 ശതമാനം സംവരണം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് രാജ്യത്ത് പ്രക്ഷോഭം ആരംഭിച്ചത്. സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധി വന്ന സാഹചര്യത്തില്‍ സംഘര്‍ഷത്തിന്റെ തീവ്രത കുറഞ്ഞെങ്കിലും തടവിലാക്കിയവരെ വിട്ടയക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പ്രക്ഷോഭം ശക്തമാവുകയായിരുന്നു. സംവരണനയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് ആഴ്ചകളായി തുടരുന്ന പ്രക്ഷോഭത്തില്‍ ഇതുവരെ 300 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
സിവില്‍ സര്‍വീസ് ക്വാട്ട സമ്പ്രദായം പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാര്‍ത്ഥി പ്രകടനത്തോടെയാണ് ബംഗ്ലാദേശില്‍ പ്രതിഷേധം ആരംഭിച്ചത്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഭരണകക്ഷിയായ അവാമി ലീഗിന്റെ വിശ്വസ്തര്‍ക്ക് അന്യായമായി ആനുകൂല്യം നല്‍കിയെന്നും വിദ്യാര്‍ത്ഥികള്‍ വാദിച്ചു.
കോടതി വിധി പ്രകാരമുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തുവരുന്നത് വരെ സമരം തുടരുമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു. ജയിലിലടച്ചവരെ മോചിപ്പിക്കുക, പൊലീസ് അടപ്പിച്ച ഹോസ്റ്റലുകളും ഡോര്‍മറ്ററികളും തുറക്കുക തുടങ്ങിയ ആവശ്യങ്ങളും വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവച്ചിരുന്നു. ഞായറാഴ്ച നൂറിലധികം ആളുകള്‍ കൊല്ലപ്പെട്ട ആക്രമണത്തിന് ശേഷം തിങ്കളാഴ്ച പ്രതിഷേധക്കാര്‍ ധാക്കയിലേക്ക് മാര്‍ച്ചിന് ആഹ്വാനം ചെയ്യുകയായിരുന്നു.
സുപ്രീംകോടതി വിധി
1971 ലെ വിമോചനയുദ്ധത്തില്‍ പങ്കെടുത്ത സൈനികരുടെ പിന്‍ഗാമികള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ നല്‍കിയ 30 ശതമാനം സംവരണം അഞ്ച് ശതമാനമാക്കി കുറച്ചുകൊണ്ടായിരുന്നു സുപ്രീംകോടതി വിധി. ഗോത്രവിഭാഗക്കാര്‍, ട്രാന്‍സ് ജെന്‍ഡേഴ്സ്, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ എന്നിവര്‍ക്ക് രണ്ട് ശതമാനം സംവരണം ഉണ്ടാകുമെന്നും വിധിയില്‍ വ്യക്തമാക്കി. മറ്റ് 93 ശതമാനം തസ്തികകളും മെറിറ്റ് അടിസ്ഥാനത്തിലായിരിക്കുമെന്നും വിധിയില്‍ ചൂണ്ടിക്കാട്ടി.