
ഷെയ്ഖ് ഹസീനക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗ്ലാദേശ് കോടതി
മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ ആരോപിച്ച് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗ്ലാദേശ് കോടതി. ഹസീനയെ അറസ്റ്റ് ചെയ്യുവാനും, നവംബര്‍ 18 ന് കോടതിയില്‍ ഹാജരാക്കാനും ഉത്തരവിട്ടിട്ടുണ്ടെന്ന് ബംഗ്ലാദേശ് ഇന്റര്‍നാഷണല്‍ ക്രൈം ട്രിബ്യൂണല്‍ ചീഫ് പ്രോസിക്യൂട്ടര്‍ മുഹമ്മദ് താജുല്‍ ഇസ്ലാം പറഞ്ഞു.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കൊലപാതകങ്ങള്‍, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവ നടത്തിയവരുടെ ചുക്കാന്‍ പിടിച്ചത് ഷെയ്ഖ് ഹസീനയാണെന്ന് മുഹമ്മദ് താജുല്‍ ഇസ്ലാം ആരോപിച്ചു.
ഹസീന അധികാരത്തിലിരുന്ന കാലത്ത് പ്രതിഷേധക്കാരെ കൂട്ടക്കൊല ചെയ്യാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച ഒന്നിലധികം കേസുകളിലാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. ഹസീനയ്ക്ക് പുറമെ അവാമി ലീഗ് പാര്‍ട്ടിയുടെ ഒളിവില്‍പ്പോയ മുന്‍ ജനറല്‍ സെക്രട്ടറി ഒബൈദുല്‍ ക്വാദറിനും, പേര് വെളിപ്പെടുത്താത്ത മറ്റ് 44 പേര്‍ക്കും കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.