PHOTO: PTI
ഡെങ്കിപ്പനിയില്‍ തളര്‍ന്ന് ബംഗ്ലാദേശ്; ആയിരത്തിലധികം മരണം
ബംഗ്ലാദേശില്‍ ഈ വര്‍ഷം ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 1,000 കടന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് നാലിരട്ടിയില്‍ അധികം രോഗബാധിതരാണ് ഇത്തവണ ഉണ്ടായത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഏകദേശം ആയിരത്തിലധികം പേര്‍ മരിക്കുകയും 2,09,000 പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തുവെന്നാണ് പറയുന്നത്.
രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും ഗുരുതരമായ ഡെങ്കി വ്യാപനമാണിതെന്ന് അധികൃതര്‍ പറയുന്നു. ശക്തമായ മണ്‍സൂണ്‍ മഴയ്ക്കു പിന്നാലെ ഡെങ്കി വൈറസ് വാഹകരായ കൊതുകുകള്‍ കെട്ടിക്കിടക്കുന്ന ജലത്തിലൂടെ പെരുകിയതും ജനസാന്ദ്രത കൂടിയ ബംഗ്ലാദേശില്‍ രോഗവ്യാപനത്തിന്റെ തോതുയര്‍ത്തി.
താളംതെറ്റി ആശുപത്രികള്‍
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി 2000 മുതല്‍ ഡെങ്കി വ്യാപനത്തിന്റെ തോത് രാജ്യത്ത് ഉയരുകയാണ്. നിലവില്‍ പടരുന്ന ഡെങ്കി വൈറസ് വ്യാപനശേഷി കൂടിയതാണെന്നും പറയപ്പെടുന്നു.
രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആശുപത്രികളുടെ പ്രവര്‍ത്തനത്തെയും സാരമായി ബാധിക്കുന്നുണ്ട്. ഒപ്പം രോഗികള്‍ക്ക് മതിയായ ചികിത്സ ഉറപ്പുവരുത്താനും കഴിയുന്നില്ല.
നാഷണല്‍ സെന്റര്‍ ഫോര്‍ വെക്ടര്‍ ബോണ്‍ ഡിസീസസ് കണ്‍ട്രോള്‍ ഡാറ്റ പ്രകാരം ലോകത്ത് കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത് ബംഗ്ലാദേശിലായിരുന്നു. ശക്തമായ പനി, തലവേദന, ഓക്കാനം, ഛര്‍ദി, പേശി വേദന എന്നിവയാണ് ഡെങ്കിയുടെ ലക്ഷണങ്ങള്‍. ഏറ്റവും ഗുരുതരമായ സന്ദര്‍ഭങ്ങളില്‍ ഉണ്ടാകുന്ന രക്തസ്രാവം മരണത്തിനും കാരണമായേക്കും.
ഡെങ്കിപ്പനിയെ പ്രതിരോധിക്കാനായി നിലവില്‍ വാക്‌സിനോ മറ്റു മരുന്നുകളോ ലഭ്യമല്ല. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ തെക്കന്‍ ഏഷ്യയിലാണ് ഡെങ്കിപ്പനി സാധാരണയായി പിടിപെടുക. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഈഡിസ് ഈജിപ്തി കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നതാണ് രോഗവ്യാപനത്തിന് കാരണം.
കാലാവസ്ഥാ വ്യതിയാനവും വില്ലന്‍
കാലാവസ്ഥാ വ്യതിയാനം മൂലം കൊതുകു പരത്തുന്ന ചിക്കന്‍ഗുനിയ, മഞ്ഞപ്പിത്തം, സിക്ക, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങള്‍ അതിവേഗം പടരുന്നതായി ലോകാരോഗ്യ സംഘടന നേരത്തെ (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നല്‍കിയിരുന്നു. വര്‍ധിച്ചു വരുന്ന താപനിലയും മണ്‍സൂണ്‍ കാലവും കൊതുകുകള്‍ക്ക് അനുയോജ്യമായ പ്രജനന സാഹചര്യം സൃഷ്ടിക്കുന്നതായി വിദഗ്ധര്‍ പറയുന്നു. ഡെങ്കിപ്പനി ഈ വര്‍ഷം ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ കനത്ത നാശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ബംഗ്ലാദേശില്‍ റെക്കോര്‍ഡ് മരണം രേഖപ്പെടുത്തിയപ്പോള്‍ നേപ്പാളിന്റെ വിവിധ ഭാഗങ്ങളിലും രോഗം സ്ഥിരീകരിച്ചു.
ഈ വര്‍ഷം ആദ്യം മുതലെ ലോകമെമ്പാടും ഏറ്റവും വേഗത്തില്‍ പടര്‍ന്നു പിടിച്ച ഉഷ്ണമേഖലാ രോഗമായി ഡെങ്കിപ്പനി മാറിയതായി ഡബ്യുഎച്ച്ഒ പറഞ്ഞു. കൃത്യമായ പ്രതിരോധ നടപടികളുടെ അഭാവമാണ് ഡെങ്കിപ്പനി പടരാന്‍ ഇടയാക്കുന്നതെന്ന് ധാക്കയിലെ ജഹാംഗീര്‍ സര്‍വകലാശാലയിലെ എന്റമോളജിസ്റ്റും സുവോളജി പ്രൊഫസറുമായ കബീറുല്‍ ബാഷര്‍ പറഞ്ഞു.
കനത്ത മഴയും മഞ്ഞുമലകള്‍ ഉരുകുന്നതുമാണ് ഡെങ്കിപ്പനിയുടെ വ്യാപനത്തിന് പിന്നിലെ മറ്റൊരു പ്രധാന കാരണമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി, ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് റിസര്‍ച്ച് ഉപദേഷ്ടാവ് മുഹമ്മദ് മുഷ്തഖ് ഹുസൈന്‍ പറയുന്നത്.