TMJ
searchnav-menu
post-thumbnail

PHOTO: PTI

TMJ Daily

ബംഗ്ലാദേശ് വസ്ത്രനിര്‍മാണ ഫാക്ടറി സമരം അനിശ്ചിതമായി തുടരുന്നു; വേതനവര്‍ധനവില്‍ ഉറച്ച് തൊഴിലാളികള്‍

21 Nov 2023   |   2 min Read
TMJ News Desk

മ്പളവര്‍ധനവ് ആവശ്യപ്പെട്ട് ബംഗ്ലാദേശിലെ വസ്ത്രനിര്‍മാണ ഫാക്ടറികള്‍ നടത്തുക സമരം അനിശ്ചിതമായി തുടരുകയാണ്. ഒക്‌ടോബര്‍ 23 നാണ് തൊഴിലാളികള്‍ സമരവുമായി രംഗത്തുവന്നത്. സമരത്തിന്റെ ഭാഗമായി നടന്ന പ്രതിഷേധങ്ങളില്‍ മൂന്നു തൊഴിലാളികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും 70 ലധികം ഫാക്ടറികള്‍ നശിപ്പിക്കപ്പെടുകയും ചെയ്തു.

ബംഗ്ലാദേശില്‍ 3,500 ഓളം വസ്ത്ര നിര്‍മാണ ഫാക്ടറികളാണ് ഉള്ളത്. ഇവിടെ നിന്നാണ് ലെവി, സാറ, എച്ച് ആന്‍ഡ് എം ഉള്‍പ്പെടെയുള്ള ലോകത്തിലെ പ്രമുഖ ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ക്ക് തുണിത്തരങ്ങള്‍ വിതരണം ചെയ്യുന്നത്. തൊഴില്‍ നിയമത്തിലെ സെക്ഷന്‍ 13/1 പ്രകാരം, പണിമുടക്ക് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഫാക്ടറികള്‍ അടച്ചുപൂട്ടിയിരിക്കുകയാണ്. 

തൊഴിലാളികളുടെ ആവശ്യം 

നാല്‍പതുലക്ഷം തൊഴിലാളികളാണ് സമരമേഖലയില്‍ ഉള്ളത്. ഇതില്‍ ഭൂരിഭാഗവും ഗ്രാമീണരായ സ്ത്രീ തൊഴിലാളികളാണ്. ഇവര്‍ക്ക് പ്രതിമാസ ശമ്പളമായി ലഭിച്ചിരുന്നത് 8,300 ടാക്ക (6,246 രൂപ) യായിരുന്നു. കൂടാതെ അധികസമയ ജോലിയും ചെയ്യേണ്ടിവന്നു. സമരം വസ്ത്രമേഖലയെ സാരമായി ബാധിച്ചതോടെ സര്‍ക്കാര്‍, തൊഴിലാളികളുടെ ശമ്പളത്തില്‍ 56.25 ശതമാനം വര്‍ധനവ് വരുത്തിയിരുന്നു (12,500 ടാക്ക). എന്നാല്‍ മിനിമം വേതനം 23,000 ടാക്ക (17,395 രൂപ) ആക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം അനിശ്ചിതമായി തുടരുന്നത്. അഞ്ചുവര്‍ഷം മുമ്പ് 2018 ല്‍ നിശ്ചയിച്ച ശമ്പളംകൊണ്ട് ജീവിക്കാന്‍ കഴിയില്ലെന്ന് തൊഴിലാളികള്‍ വ്യക്തമാക്കുന്നു.

മികച്ച വസ്ത്ര നിര്‍മാണ ഗ്രൂപ്പായ ടുസുക ഉള്‍പ്പെടെ ഒരു ഡസന്‍ ഫാക്ടറികള്‍ പ്രതിഷേധക്കാരുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം കൊള്ളയടിക്കപ്പെട്ടതായി പോലീസ് പറയുന്നു. സംഭവത്തില്‍ 11,000 ത്തിലധികം ആളുകള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുമുണ്ട്. എന്നാല്‍ പോലീസ് അനാവശ്യമായി കുറ്റം ചുമത്തുകയാണെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. 

സാമ്പത്തികത്തിന്റെ നട്ടെല്ല്

ചൈനയ്ക്കു പുറകെ ലോകത്തിലെ രണ്ടാമത്തെ വലിയ വസ്ത്രനിര്‍മാണ രാജ്യമാണ് ബംഗ്ലാദേശ്. 2022 ല്‍ ബംഗ്ലാദേശിന്റെ സാമ്പത്തിക കയറ്റുമതി വരുമാനത്തിന്റെ 85%, അതായത് 55 ബില്യണ്‍ ഡോളറിന്റെ വരുമാനം വസ്ത്രമേഖലയിലൂടെ നേടിയ രാജ്യമാണ് ബംഗ്ലാദേശ്. യുഎസ്, യുകെ, യൂറോപ്പ് കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാനമായും വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. എച്ച് ആന്‍ഡ് എം, ലെവി, സാറ തുടങ്ങിയ ബ്രാന്റഡ് ഗ്രൂപ്പുകളാണ് കയറ്റുമതി രംഗത്തെ പ്രമുഖര്‍. ടെക്‌സ്‌റ്റൈല്‍ മേഖലയിലെ വന്‍ കുതിപ്പ്, 1991 ല്‍ രാജ്യം നേരിട്ട ദാരിദ്ര്യത്തിന്റെ തോത് 44.2 ശതമാനമായിരുന്നത് 2022 ല്‍ അഞ്ചു ശതമാനമായി കുറച്ചു.

ഭരണം പ്രതികൂലമാക്കുമോ? 

2009 മുതല്‍ ഭരണത്തിലിരിക്കുന്ന പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ടെക്‌സ്‌റ്റൈല്‍ മേഖലയിലെ പ്രതിസന്ധി വലിയ വെല്ലുവിളിയാകും സൃഷ്ടിക്കുകയെന്നാണ് റിപ്പോര്‍ട്ട്. 2024 ജനുവരി ഏഴിന് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നടക്കുന്ന പ്രതിഷേധം തന്നെയാകും പ്രതിപക്ഷം തിരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ത്താന്‍ സാധ്യതയെന്നാണ് വിലയിരുത്തല്‍. 

ഈ വര്‍ഷം ആദ്യം ഷെയ്ഖ് ഹസീനയുടെ സര്‍ക്കാര്‍ നിര്‍ദേശിച്ച മിനിമം വേതനത്തില്‍ 50 ശതമാനത്തിലധികം വര്‍ധനവ്, തയ്യല്‍ തൊഴിലാളി യൂണിയനുകള്‍ നിരസിച്ചിരുന്നു. എന്നാല്‍ മിനിമം വേതനം നിശ്ചയിക്കുന്നതില്‍ വസ്ത്രനിര്‍മാണ ഫാക്ടറി ഉടമകള്‍ക്ക് സ്വാധീനമുള്ള മന്ത്രിമാരും നിയമനിര്‍മാതാക്കളും പങ്കെടുത്തതാണ് തങ്ങള്‍ ആവശ്യപ്പെട്ട വേതനം നല്‍കാത്തതിനു തടസ്സമായതെന്നാണ് തൊഴിലാളി യൂണിയനുകള്‍ പറയുന്നത്.


#Daily
Leave a comment