TMJ
searchnav-menu
post-thumbnail

TMJ Daily

ഇസ്കോൺ നിരോധനാവശ്യം തള്ളി ബം​ഗ്ലാദേശ് ഹൈക്കോടതി 

28 Nov 2024   |   1 min Read
TMJ News Desk

ബം​ഗ്ലാദേശ് സർക്കാരിന്റെ ഇസ്കോൺ നിരോധനാവശ്യം തള്ളി ബംഗ്ലാദേശ് ഹൈക്കോടതി. ഇസ്കോൺ മതമൗലികവാദ സംഘടന നിരോധിക്കണമെന്ന് ബം​ഗ്ലാദേശ് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ബംഗ്ലാദേശിലെ പ്രമുഖ ഹിന്ദുമത നേതാവും ഇസ്കോൺ സന്യാസിയുമായി ചിന്മോയ് കൃഷ്ണദാസിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സംഘർഷങ്ങൾ ശക്തമാവുന്ന സാഹചര്യത്തിലാണ് ബം​ഗ്ലാദേശ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ചിന്മോയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത്. ധാക്കയിൽ നിന്ന് ചിറ്റഗോംഗിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു അദ്ദേഹത്തെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ പബ്ലിക് പ്രോസിക്യൂട്ടർ കൊല്ലപ്പെട്ടിരുന്നു. ചിന്മോയ് കൃഷ്ണദാസിന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാജ്യത്ത് സംഘർഷം ശക്തമായത്. പബ്ലിക് പ്രോസിക്യൂട്ടറായ സൈഫുലിന്റെ മരണം പ്രതിഷേധം ശക്തമാക്കി. തുടർന്ന്  ബുധനാഴ്ചയാണ് ഇസ്കോൺ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകുന്നത്. ഇസ്കോൺ സംഘടന മതമൗലികവാദ സ്വഭാവം ഉള്ളതാണെന്നായിരുന്നു സർക്കാരിന്റെ വാദം. മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള പുതിയ സൈനിക പിന്തുണയുള്ള ഇടക്കാല സർക്കാർ ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടെന്ന് പ്രതിഷേധക്കാർ വിമർശിച്ചിരുന്നു.

ചിന്മോയ് കൃഷ്ണദാസിന്റെ അറസ്റ്റിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു, കൂടാതെ ന്യൂനപക്ഷത്തെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ഈ ആവശ്യത്തിന് മറുപടിയായി തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ ഇടപെടേണ്ടെന്ന് ബം​ഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.



#Daily
Leave a comment