TMJ
searchnav-menu
post-thumbnail

TMJ Daily

ബംഗ്ലാദേശില്‍ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം: 43 മരണം 

01 Mar 2024   |   1 min Read
TMJ News Desk

ബംഗ്ലാദേശിലുണ്ടായ തീപിടുത്തത്തില്‍ 43 പേര്‍ മരിച്ചു. ധാക്കയിലെ ബഹുനില കെട്ടിടത്തില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു തീപിടുത്തം ഉണ്ടായത്. നിരവധി പേര്‍ക്ക് പൊള്ളലേറ്റ സാഹചര്യത്തില്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. 

തീപിടുത്തത്തില്‍ നാല്‍പതിലധികം പേര്‍ക്ക് പരുക്കേറ്റതായി ബംഗ്ലാദേശ് ആരോഗ്യമന്ത്രി സാമന്ത ലാല്‍ അറിയിച്ചു. ധാക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

തീപിടുത്തം ഉണ്ടായത് ഏഴുനില കെട്ടിടത്തില്‍

ധാക്ക ബെയ്ലി റോഡിലുള്ള ഏഴുനില കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. കെട്ടിടത്തിലെ ബിരിയാണി സെന്ററില്‍ നിന്ന് വ്യാഴാഴ്ച രാത്രിയോടെ തീ പടരുകയായിരുന്നു. വളരെ പെട്ടെന്നുണ്ടായ തീപിടുത്തം രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്‌നിശമന സേന നിയന്ത്രണ വിധേയമാക്കിയത്. എഴുപത്തിയഞ്ചോളം ആളുകളെയാണ് കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്.

ബംഗ്ലാദേശില്‍ സമാനമായ തീപിടുത്തം ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാത്തത് തന്നെയായിരുന്നു പ്രധാന കാരണം. 2021 ജൂലൈയിലുണ്ടായ തീപിടുത്തത്തില്‍ കുട്ടികളടക്കം 52 പേരാണ് മരണപ്പെട്ടത്.

#Daily
Leave a comment