TMJ
searchnav-menu
post-thumbnail

Photo: Faceook

TMJ Daily

ലാലിഗ കിരീടത്തിൽ മുത്തമിട്ട് ബാഴ്സലോണ

15 May 2023   |   2 min Read
TMJ News Desk

2019 ന് ശേഷം ആദ്യമായി ലാലിഗ കിരീടം നേടി ബാഴ്സലോണ. ഇന്നലെ നടന്ന മത്സരത്തിൽ എസ്പാന്യോളിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചതോടെയാണ് ബാഴ്സ ലീഗ് കിരീടം ഉറപ്പിച്ചത്. റോബർട്ട് ലെവൻഡോസ്‌കിയുടെ ഇരട്ട ഗോളുകളും അലെയാൺഡ്രോ ബാൾഡെ, യൂൾസ് കുൻഡേ എന്നിവരുടെ ഗോളുകളുമാണ് ബാഴ്സയെ വിജയത്തിലേക്ക് നയിച്ചത്. എസ്പാന്യോളിന് വേണ്ടി ജാവി പുവാഡോ, ജോസുലു എന്നിവർ  ഓരോ ഗോളുകൾ നേടി. 

നാല് റൗണ്ട് മത്സരങ്ങൾ ബാക്കി നിൽക്കെ ബാഴ്‌സലോണ ലീഗിൽ രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിനേക്കാൾ 14 പോയിന്റ് ലീഡ് മുന്നിലെത്തി. എസ്പാന്യോളിനെതിരെ 11ാം മിനിറ്റിലാണ് റോബർട്ട് ലെവൻഡോസ്‌കി തന്റെ ആദ്യ ഗോൾ നേടിയത്. 20ാം മിനിട്ടിൽ  അലഹാൻഡ്രോ ബാൽഡേയും 40ാം മിനിട്ടിൽ ലെവൻഡോസ്‌കി തന്റെ രണ്ടാമത്തെ ഗോളും നേടി വിജയം ഉറപ്പിച്ചു. ശേഷം 73ാം മിനിട്ടിലാണ് ഹാവി പുവാഡോ എസ്പാന്യോളിനു വേണ്ടി ആദ്യ ഗോൾ നേടുന്നത്. വിജയത്തോടെ 34 മത്സരങ്ങളിൽ നിന്ന് 85 പോയിന്റാണ് ബാഴ്സലോണ നേടിയത്. റയൽ മാഡ്രിഡിന് 34 മത്സരങ്ങളിൽ നിന്ന് 71 പോയിന്റ് ആണുള്ളത്. റയൽ മാഡ്രിഡിന് ഇനി ശേഷിക്കുന്നത് നാല് മത്സരങ്ങളാണ്. നാലും വിജയിച്ചാലും 83 പോയിന്റ് മാത്രമേ ലഭിക്കു. 2018-19 സീസണിലാണ് ബാഴ്സലോണ അവസാനമായി ലാലിഗ കിരീടം നേടിയത്. ഇത് 27ാം തവണയാണ് ബാഴ്‌സ സ്പാനിഷ് ലീഗിൽ കിരീടം നേടുന്നത്. 35 കിരീടങ്ങൾ നേടിയ റയൽ മാഡ്രിഡാണ് എണ്ണത്തിൽ മുന്നിൽ. ലയണൽ മെസിയുടെ ക്ലബ് മാറ്റത്തിന് ശേഷം ആദ്യമായാണ് ബാഴ്സലോണ കിരീടം നേടുന്നത് എന്ന പ്രത്യേകതയുമുണ്ട് ഈ കിരീട നേട്ടത്തിന്. 

റയൽ മാഡ്രിഡ് നേടിയത് 35 കിരീടങ്ങൾ

35 കിരീടങ്ങളോടെ റയൽ മാഡ്രിഡാണ് കിരീടത്തിന്റെ എണ്ണത്തിൽ മുന്നിൽ. ലാലിഗയിൽ ഒരു സീസണിൽ 38 മത്സരങ്ങളാണ് നടക്കുന്നത്. വിജയത്തിന് മൂന്നു പോയിന്റും സമനിലയ്ക്ക് ഒരു പോയിന്റുമാണ് ലഭിക്കുക. സീസൺ അവസാനത്തിൽ ഏറ്റവും ഉയർന്ന റാങ്കുള്ള ക്ലബ് കിരീട നേട്ടത്തിന് അർഹരാവും. ലയണൽ മെസ്സിയുടെ വിടവാങ്ങലോടെ ബാഴ്സയുടെ നില അപകടത്തിലാണെന്ന അഭിപ്രായങ്ങൾ ഉയർന്നിരുന്നു. അതുകൊണ്ട് തന്നെ ബാഴ്സയുടെ ഈ നേട്ടം വളരെ പ്രധാനപ്പെട്ടതാണ്. 

സാവി ഹെർണാണ്ടസിന്റെ ഉപദേശം

പരിശീലകൻ സാവി ഹെർണാണ്ടസിന്റെ നേതൃത്വത്തിലാണ് ബാഴ്സ തങ്ങളുടെ 27ാമത് ലാലിഗ കിരീടം സ്വന്തമാക്കിയത്. ഏപ്രിൽ 17 ഞായറാഴ്ച  ഗെറ്റാഫെക്കെതിരായ ലാലിഗ മത്സരം സമനിലയിൽ പിരിഞ്ഞതോടെ കളിക്കാർ ഉറങ്ങിക്കളിക്കരുത് എന്ന് ബാഴ്സ പരിശീലകൻ കളിക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. മത്സരം ഗോൾ രഹിത സമനിലയിലാണ് അന്ന് അവസാനിച്ചത്. തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ രഹിത സമനില വന്നപ്പോഴായിരുന്നു കിരീടം നേടണമെങ്കിൽ ഉറക്കം തൂങ്ങിയ കളി മതിയാവില്ല എന്ന സാവിയുടെ മുന്നറിയിപ്പ്.

#Daily
Leave a comment