TMJ
searchnav-menu
post-thumbnail

Representational image: Pixabay

TMJ Daily

ബാര്‍ഡ് തയ്യാര്‍, എഐ ജനങ്ങള്‍ക്ക് തുറന്നുകൊടുത്ത് ഗൂഗിള്‍

22 Mar 2023   |   1 min Read
തോമസ് കൊമരിക്കൽ

ഗൂഗിളിന്റെ നിര്‍മ്മിത ബുദ്ധി സേവനമായ ബാര്‍ഡ് പൊതു ഉപയോഗത്തിന് തയ്യാറായി. ആദ്യഘട്ടത്തില്‍, യുഎസ്സ്, യുകെ എന്നീ രാജ്യങ്ങളിലെ ഉപയോക്താക്കള്‍ക്കാവും അവസരം ലഭിക്കുക. നിര്‍മ്മിത ബുദ്ധിയില്‍ മേല്‍ക്കൈ നേടിയ മൈക്രോസോഫ്റ്റിന് ഒപ്പമെത്താനാണ് ഇപ്പോള്‍ ഗൂഗിളിന്റെ ശ്രമം. മൈക്രോസോഫ്റ്റിന്റെ ചാറ്റ് ജിപിടി എന്ന എഐ സേവനം നവംബറില്‍ സജീവ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ചാറ്റ് ജിപിടി സേവനങ്ങള്‍, മൈക്രോസോഫ്റ്റിന്റെ തിരച്ചില്‍ യന്ത്രമായ ബിങിലും ഇപ്പോള്‍ ലഭ്യമാണ്. എഴുത്തും, ചിത്രവും, പാട്ടുമൊക്കെ നിര്‍മ്മിക്കാന്‍ കഴിയുന്ന 'ജെനറേറ്റിവ് എഐ' സംബന്ധമായ ഗവേഷണങ്ങള്‍ വര്‍ഷങ്ങളായി നടത്തുന്ന സ്ഥാപനമാണ് ഗൂഗിള്‍. കമ്പനിയുടെ ലാംഡ (LaMDA) എന്ന സോഫ്റ്റ്‌വെയര്‍ ഭാഷയില്‍ അധിഷ്ഠിതമായാണ് ബാര്‍ഡ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ബാര്‍ഡ് പ്രാരംഭദശയിലുള്ള പരീക്ഷണം മാത്രമാണെന്നാണ് കമ്പനി പറയുന്നത്. മൈക്രോസോഫ്റ്റിന്റെ പുതിയ ബിങ് സേവനത്തിന് സമാനമായി പരസ്പര സംഭാഷണവും ബാര്‍ഡുമായി നടത്താനാവും.

ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ശ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങളാകും ബാര്‍ഡ് നല്‍കുകയെന്നും കമ്പനി അവകാശപ്പെടുന്നു. എന്നാല്‍, ചില മുന്നറിയിപ്പുകളും കമ്പനി നല്‍കുന്നുണ്ട്. തെറ്റായതും, മോശമായതുമായി വിവരങ്ങള്‍ ബാര്‍ഡ് നല്‍കിയേക്കാമെന്നും, അത് ഗൂഗിളിന്റെ അഭിപ്രായമല്ല എന്നുമുള്ള മുന്നറിയിപ്പ് ബാര്‍ഡിന്റെ ചാറ്റ് വിന്‍ഡോയില്‍ കാണാനാവും. പ്രാഥമിക ഘട്ടത്തില്‍, സുരക്ഷാ കാരണങ്ങളെ മുന്‍നിര്‍ത്തി സംഭാഷണത്തിന്റെ ദൈര്‍ഘ്യം പരിമിതപ്പെടുത്തിയിരിക്കുകയാണെന്നും കമ്പനി പറയുന്നു. എന്നാല്‍, ചാറ്റ് ജിപിടിയുമായുള്ള മത്സരത്തിന്റെ പേരില്‍ ഗൂഗിള്‍ ധൃതി പിടിക്കുകയാണെന്നും, ഇതുമൂലം കമ്പനിക്ക് തിരിച്ചടി നേരിടാന്‍ സാധ്യതയുള്ളതായും, സുരക്ഷാ പ്രശ്‌നങ്ങള്‍ ഉയര്‍ന്നേക്കാമെന്നും ടെക്ക് മേഖലയിലുള്ളവര്‍ അഭിപ്രായപ്പെടുന്നുണ്ട്.


#Daily
Leave a comment