
ക്രിക്കറ്റിലെ താര സംസ്‌കാരം തകർക്കാന്‍ ബിസിസിഐയുടെ പത്ത് കൽപനകൾ
ഇന്ത്യയുടെ ദേശീയ ക്രിക്കറ്റ് ടീമിൽ അച്ചടക്കവും ഐക്യവും കൊണ്ടുവരുന്നതിനായും ടീമിലെ താരസംസ്‌കാരം തകർക്കാനും വേണ്ടി താരങ്ങൾക്കായി 10 നിബന്ധനകൾ നടപ്പിലാക്കുന്നു.
ടൂർണമെന്റുകളിൽ താരങ്ങളുടെ കുടുംബത്തിന്റേയും പേഴ്‌സണൽ സ്റ്റാഫിന്റേയും സാന്നിദ്ധ്യത്തിന് വിലക്ക് മുതൽ പരമ്പരകൾക്കിടയിൽ വ്യക്തിഗത വാണിജ്യ പരസ്യങ്ങളുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കുന്നത് നിരോധിക്കുകയും ചെയ്യുന്നു.
അടുത്ത കാലത്തായി ടീമിന്റെ മോശം പ്രകടനത്തെക്കുറിച്ചു അവലോകനം ചെയ്യുന്നതിനായി ചേർന്ന യോഗത്തിൽ പരിശീലകൻ ഗൗതം ഗംഭീറാണ് നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടത്.
ഇവ പാലിക്കാതിരുന്നാൽ കർശനമായ അച്ചടക്ക നടപടികൾക്ക് വിധേയമാകും. കരാർ തുകയിൽ കുറവ് വരുത്തുക, ഇന്ത്യൻ പ്രീമിയർ ലീഗിൽ പങ്കെടുക്കുന്നത് വിലക്കുക തുടങ്ങിയവ അച്ചടക്ക നടപടികളില്‍ ഉൾപ്പെടുന്നു.
ഒരു ദശാബ്ദത്തിനുശേഷം ബോർഡർ ഗവാസ്‌കർ ട്രോഫി ഓസ്‌ട്രേലിയക്ക് അടിയറവച്ച ഓസീസ് പര്യടനത്തിലെ ദയനീയ പ്രകടനത്തിന്റെ വെളിച്ചത്തിലാണ് ബിസിസിഐ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
താരങ്ങൾക്ക് ഇളവുകൾ വേണമെങ്കിൽ അവർ മുഖ്യ പരിശീലകനായ ഗംഭീറിനോടോ സെലക്ഷൻ കമ്മിറ്റി ചെയർമാനായ അജിത് അഗാർക്കറുടെയോ അനുവാദം തേടണം.
45 ദിവസത്തിൽ അധികം നീളുന്ന വിദേശ പരമ്പരകളിൽ രണ്ടാഴ്ച്ച മാത്രമേ താരത്തിനൊപ്പം കുടുംബത്തെ അനുവദിക്കുകയുള്ളൂ. കൂടാതെ, പേഴ്‌സണൽ സ്റ്റാഫിനും പരസ്യങ്ങളുടെ ഷൂട്ടിങ്ങിനും നിയന്ത്രണം ഉണ്ട്.
പര്യടനങ്ങളിലും പരമ്പരകളിലും പ്രൊഫഷണൽ നിലവാരവും കാര്യക്ഷമതയും ഉറപ്പാക്കാനുള്ള നടപടികൾ എന്നാണ് ബിസിസിഐ ഇവയെ വിശേഷിപ്പിക്കുന്നത്.
ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കണം, ലഗ്ഗേജിന് പരിധി തുടങ്ങിയ നിർദ്ദേശങ്ങളും ഉണ്ട്. പരിശീലനം പൂർത്തിയാകുന്നതിന് മുമ്പ് മടങ്ങാൻ പാടില്ലെന്നും ബിസിസിഐയുടെ നിർദ്ദേശത്തിൽ പറയുന്നു.