
ഐപിഎല്‍ പുനരാരംഭിക്കാനുള്ള ശ്രമം ബിസിസിഐ ആരംഭിച്ചു
ഇന്ത്യാ-പാക് സംഘര്‍ഷത്തെത്തുടര്‍ന്ന് ഒരാഴ്ച്ചത്തേക്ക് നിര്‍ത്തിവച്ച ഐപിഎല്‍ ബിസിസിഐ പുനരാരംഭിച്ചശേഷം മെയ് 30 വരെ നീട്ടിയേക്കും. അവശേഷിക്കുന്ന മത്സരങ്ങള്‍ മെയ് 16 മുതല്‍ ചെന്നൈ, ബംഗളുരു, ഹൈദരാബാദ് നഗരങ്ങളിലായി നടത്താനാണ് ബിസിസിഐ പരിഗണിക്കുന്നത്. ഇന്ന് രാത്രിയോടെ പുതിയ മത്സരക്രമം പുറത്തുവിടും.
ഐപിഎല്‍ നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിപ്പോയ വിദേശ താരങ്ങള്‍ തിരിച്ചുവരില്ലെന്ന ആശങ്ക ഫ്രാഞ്ചൈസികളെ അലട്ടുന്നുണ്ട്.
പഞ്ചാബ് കിങ്‌സ് ഒഴികെയുള്ള മറ്റ് ടീമുകളോട് ചൊവ്വാഴ്ച്ചയോടെ അവരുടെ വേദികളില്‍ എത്താന്‍ ബിസിസിഐ നിര്‍ദ്ദേശിച്ചു. മടങ്ങിവരുന്നതിനെ കുറിച്ച് വിദേശ താരങ്ങളോട് ആരായാനും ടീമുകള്‍ക്ക് നിര്‍ദ്ദേശമുണ്ട്.
വെള്ളിയാഴ്ച ഐപിഎല്‍ നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് മിക്ക വിദേശതാരങ്ങളും ജീവനക്കാരും തിരികെ നാട്ടിലേക്ക് പോയിരുന്നു. അവരെ തിരികെ കൊണ്ടുവരാനുള്ള ക്രമീകരണങ്ങള്‍ ഫ്രാഞ്ചൈസികള്‍ ആരംഭിച്ചു.
12 മത്സരങ്ങളാണ് അവശേഷിക്കുന്നത്. അവ പൂര്‍ത്തീകരിക്കാന്‍ രണ്ടാഴ്ച്ച വേണ്ടിവരും. കൂടാതെ, പ്ലേഓഫുകളും ഫൈനലും നടത്താന്‍ ആറ് ദിവസവും വേണം. എന്നാല്‍ ടൂര്‍ണമെന്റ് അവസാനിക്കാന്‍ ഇനി രണ്ടാഴ്ച്ച മാത്രമേ ലഭ്യമായിട്ടുള്ളൂ. അതിനാല്‍ രണ്ട് മത്സരങ്ങള്‍ ഒരേ ദിവസം നടത്താന്‍ പദ്ധതിയുണ്ട്. പഴയ മത്സരക്രമം അനുസരിച്ച് മെയ് 25നായിരുന്നു ഫൈനല്‍.


