
ബിഡിജെഎസ് എന്‍ഡിഎയില്‍ ഉറച്ചുനില്‍ക്കും: തുഷാര്‍ വെള്ളാപ്പള്ളി
ബിഡിജെഎസ് എന്‍ഡിഎ വിടുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി പാര്‍ട്ടി പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. പാര്‍ട്ടി മുന്നണി വിട്ട് യുഡിഎഫിലേക്ക് പോകണമെന്ന് പാര്‍ട്ടിക്കുള്ളില്‍ ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്ന് ബിഡിജെഎസ് മുന്നണി മാറുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇതേ തുടര്‍ന്നാണ് തുഷാര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. പാര്‍ട്ടിയും നേതൃത്വവും എന്‍ഡിഎയ്ക്ക് ഒപ്പം അടിയുറച്ച് നില്‍ക്കുമെന്ന് തുഷാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അടക്കം കേരളത്തില്‍ എന്‍ഡിഎയ്ക്ക് ഉണ്ടായ രാഷ്ട്രീയ മുന്നേറ്റ വളര്‍ച്ച പല രാഷ്ട്രീയ ചേരികളെയും ചൊടിപ്പിക്കുകയും ആകുലപ്പെടുത്തുകയും ചെയ്യുന്നുവെന്ന് തുഷാര്‍ പറയുന്നു.
'ഇപ്പോള്‍ ഉയര്‍ന്നു വരുന്ന അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ ഇത്തരത്തിലുള്ള ചേരികളില്‍ നിന്നും ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ മാത്രമാണ്. ബിഡിജെഎസിന്റെ രൂപീകരണ കാലം മുതല്‍ ഇന്ന് വരെ കേരളത്തില്‍ എന്‍ഡിഎ സംവിധാനം വളര്‍ത്തണം എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ബിഡിജെ എസും മുന്നണിക്ക് നേതൃത്വം നല്‍കുന്ന ബിജെപിയും പ്രവര്‍ത്തിച്ചു വരുന്നത്,' തുഷാര്‍ പറഞ്ഞു.
ഈ പ്രവര്‍ത്തനങ്ങളെ അസ്ഥിരപ്പെടുത്തുവാന്‍ പല കോണില്‍ നിന്നും നിരന്തരമായി ശ്രമങ്ങള്‍ ഉണ്ടായിട്ടും അത്തരം നീക്കങ്ങള്‍ ഒക്കെയും പരിപൂര്‍ണ്ണമായി പരാജയപ്പെടുകയും ചെയ്തിട്ടുള്ളതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ബിഡിജെഎസ് മുന്നണി വിടുന്നു എന്ന നിലയിലുള്ള കുപ്രചരണങ്ങള്‍ മുന്‍പത്തെ എന്ന പോലെ തന്നെ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുകയാണ്. ബിഡിജെഎസ് എന്‍ഡിഎയ്‌ക്കൊപ്പം അടിയുറച്ചു നില്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ്. ഇനി വരാന്‍ പോകുന്ന തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സര്‍വ്വശക്തിയും സര്‍വ്വസന്നാഹങ്ങളും ഉപയോഗിച്ച് എന്‍ഡിഎയ്ക്ക് കേരളത്തില്‍ വലിയ വിജയം ഉറപ്പാക്കുവാനുള്ള പരിശ്രമത്തിലാണ് പാര്‍ട്ടിയുടെ ഓരോ പ്രവര്‍ത്തകരും,' അദ്ദേഹം പറഞ്ഞു.
എന്‍ഡിഎയില്‍ പാര്‍ട്ടി പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്ക് പോലും അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് നേതാക്കള്‍ക്ക് അഭിപ്രായമുണ്ടെന്നും അതിനാല്‍ മുന്നണി മാറ്റമുണ്ടാകുമെന്നായിരുന്നു വാര്‍ത്ത.
മറ്റു പാര്‍ട്ടികളില്‍ നിന്നും ബിഡിജെഎസില്‍ എത്തുന്നവര്‍ കാലക്രമേണ ബിജെപിക്കാരായി മാറുന്നുവെന്നും നേതാക്കള്‍ പറഞ്ഞുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാരണത്താല്‍ എന്‍ഡിഎയില്‍ നില്‍ക്കുന്ന പാര്‍ട്ടിക്ക് വളര്‍ച്ച ഉണ്ടാകുന്നില്ല. തുഷാറിന്റെ അസാന്നിദ്ധ്യത്തില്‍ അടുത്തിടെ നടന്ന ബിഡിജെഎസ് നേതൃയോഗത്തില്‍ മുന്നണി മാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു.