അര്‍മിത ഗെര്‍വന്ദ് | PHOTO: WIKI COMMONS
ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ മര്‍ദനം; ഇറാനില്‍ 16 കാരിക്ക് മസ്തിഷ്‌കമരണം
ഇറാനില്‍ ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ പൊലീസ് മര്‍ദനത്തിനിരയായ 16 കാരി മരിച്ചു. ഒക്ടോബര്‍ ഒന്നിന് ടെഹ്‌റാന്‍ മെട്രോയില്‍ കുഴഞ്ഞുവീണ അര്‍മിത ഗെര്‍വന്ദ് ആണ് മരിച്ചത്. ഹിജാബ് കൃത്യമായ രീതിയില്‍ ധരിക്കാത്തതിന്റെ പേരില്‍ അര്‍മിതയെ പൊലീസ് മര്‍ദിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു. എന്നാല്‍ ആരോപണം പൊലീസ് നിഷേധിച്ചു. ഇറാനിലെ തെഹ്‌റാന്‍ ഫാജിര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അര്‍മിതയുടെ മരണം. പൗരാവകാശ സംഘടനയായ ഹെന്‍ഗാവ് അര്‍മിതയെ പൊലീസ് മര്‍ദിച്ചതായി ആരോപിക്കുന്നു. ഒരു വര്‍ഷം മുമ്പാണ് ഹിജാബ് ധരിച്ചില്ല എന്നാരോപിച്ച് മഹ്‌സ അമീനി എന്ന 22 കാരിയെ സദാചാര പൊലീസ് മര്‍ദിച്ച് കൊലപ്പെടുത്തിയത്.
മഹ്‌സ അമീനിമാര്‍ ആവര്‍ത്തിക്കുന്നു
മഹ്‌സ അമീനിയുടെ മരണത്തിനുശേഷം ഹിജാബുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇറാനില്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് നടന്നത്. നിരവധി സ്ത്രീകള്‍ തെരുവിലിറങ്ങി ഹിജാബ് കത്തിച്ചും മുടി മുറിച്ചും നഗ്‌നരായും പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധത്തില്‍ 500 ലധികം ആളുകള്‍ കൊല്ലപ്പെട്ടു. 20,000 പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഏഴുപേരെ വധിക്കുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ ചെറിയ രീതിയില്‍ നിയമത്തിന് അയവുവന്നിരുന്നു. എന്നാല്‍ അധികം വൈകാതെ ഹിജാബ് ധരിക്കാത്ത സ്ത്രീകളെ പിടികൂടാന്‍ പൊലീസ് പട്രോളിങ് ഇറാന്‍ പുനരാരംഭിച്ചു. മഹ്‌സ അമീനി മരണപ്പെട്ട് 10 മാസം കഴിയുമ്പോള്‍ ആണ് നിയമം വീണ്ടും കര്‍ശനമാക്കിയത്. പൊതുസ്ഥലങ്ങളില്‍ മുടി അനാവരണം ചെയ്യുന്ന സ്ത്രീകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന അറിയിപ്പുണ്ട്. പെതുവിടങ്ങളില്‍ പൊലീസ് പരിശോധന നടത്തുന്നതിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. മഹ്‌സയുടെ കൊലപാതകത്തിന് സമാനമായാണ് ഇപ്പോള്‍ അര്‍മിത എന്ന 16 കാരി കൊല്ലപ്പെട്ടിരിക്കുന്നത്.